കൊൽക്കത്ത: ഭാരതി ഘോഷ്, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ താരപ്പേരുകളിലൊന്ന്. നക്സലുകൾക്കെതിരായ നടപടികളിലൂടെ പേരെടുത്ത മുൻ ഐ.പി.എസുകാരി. കൊൽക്കത്തയിൽ നിന്ന് നൂറു കി.മീ അകലെ ദേബ്ര മണ്ഡലത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനായ മുൻ ഐ.പി.എസുകാരൻ ഹുമയൂൺ കബീറിനെതിരെ പോരിനിറങ്ങുമ്പോൾ തൃണമൂലിന്റെ സിറ്റിംഗ് സീറ്റിൽ കനത്ത പോരാട്ടം. രണ്ട് മുൻ ഐ.പി.എസുകാർ തമ്മിലുള്ള പോരാട്ടത്തിനപ്പുറം മമതയും മുൻ വിശ്വസ്തയും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ.
ദേബ്ര ഉൾപ്പെടുന്ന പശ്ചിമ മിഡ്നാപൂർ ജില്ലയിലെ മുൻ പൊലീസ് മേധാവിയാണ് ഭാരതി ഘോഷ്. മമതയുടെ വിശ്വസ്തയായിരുന്നു. അമ്മയെന്നാണ് മമതയെ ഒരു പൊതുചടങ്ങിൽ ഭാരതി ഘോഷ് വിശേഷിപ്പിച്ചത്. പിന്നീട് അഭിപ്രായ ഭിന്നതകളെ തുടർന്ന് അപ്രധാന തസ്തികയിലേക്കു മാറ്റി. വഞ്ചനാ കേസിൽ അന്വേഷണം നേരിടുകയും ചെയ്തതോടെ സർവീസിൽ നിന്ന് 2017ൽ രാജിവച്ചു. മികച്ച സേവനത്തിന് സംസ്ഥാന സർക്കാരിൽ നിന്നു ലഭിച്ച മെഡലും സർട്ടിഫിക്കറ്റും തിരികെ നൽകിയും ഭാരതി പ്രതിഷേധമറിയിച്ചു. 2019 ഫെബ്രുവരിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയിലെത്തി.
ദേബ്ര നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന ഘട്ടൽ ലോക്സഭാ മണ്ഡലത്തിലെ കന്നി മത്സരത്തിൽ തൃണമൂൽ സ്ഥാനാർത്ഥിയോട് തോറ്റെങ്കിലും സി.പി.എമ്മിനെ പിന്തള്ളി രണ്ടാമതെത്താനായി, ഭാരതി ഘോഷിന്. നിലവിൽ ബി.ജെ.പിയുടെ വൈസ് പ്രസിഡന്റ്. ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം, ബർദ്വാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.ബി, ഹാർവാഡിൽ നിന്ന് ഡിപ്ലോമ എന്നിവ കരസ്ഥമാക്കി.
ചന്ദേർനഗർ മുൻ പൊലീസ് കമ്മിഷണറാണ് ഭാരതിയെ നേരിടുന്ന ഹുമയൂൺ കബീർ. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയിരിക്കെ രാജിവച്ച് കഴിഞ്ഞ മാസമാണ് ദേബ്ര സ്വദേശി കൂടിയായ അദ്ദേഹം തൃണമൂലിൽ ചേർന്നത്. സി.പി.എമ്മിന്റെ കുത്തക മണ്ഡലമായിരുന്ന ദേബ്ര കഴിഞ്ഞ തവണയാണ് തൃണമൂൽ പിടിച്ചെടുത്തത്.