കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദത്തിലായ ഇ.എം.സി.സി ഡയറക്ടറും കുണ്ടറ മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് സ്ഥാനാർത്ഥിയുമായ ഷിജു എം. വർഗീസിനെ പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. ഇന്നലെ പുലർച്ചെ 5.45ന് കുരീപ്പള്ളിയിലെ റബർ തോട്ടത്തിന് സമീപമായിരുന്നു സംഭവം.
ദ്രാവകം നിറച്ച കുപ്പിയിൽ തീ കത്തിച്ച് തന്റെ വാഹനത്തിന് നേരെ എറിയുകയായിരുന്നുവെന്ന് ഷിജു പറഞ്ഞു. ഡിക്കിയിൽ തട്ടി കുപ്പി റോഡരികിലേക്ക് വീണെങ്കിലും പൊട്ടാത്തതിനാൽ അപകടം ഒഴിവായി. തനിക്ക് വധഭീഷണിയുണ്ടെന്ന ആരോപണവുമായി നേരത്തെ ഷിജുവർഗീസ് രംഗത്തെത്തിയിരുന്നു.
പൊലീസ് പട്രോളിംഗ് സംഘം എത്തുമ്പോൾ കുപ്പി റോഡിൽ കത്തിയെരിയുകയായിരുന്നു. സംഭവമറിഞ്ഞ് കൂടുതൽ പൊലീസ് സംഘവും ഫോറൻസിക്, സയന്റിഫിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. അന്വേഷണം ആരംഭിച്ചതായി കണ്ണനല്ലൂർ പൊലീസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ദിവസം എൽ.ഡി.എഫിനെതിരായ വികാരം സൃഷ്ടിക്കാനുള്ള ഗൂഢനീക്കമാണ് സംഭവത്തിന് പിന്നിൽ. തനിക്ക് നേരെ ആക്രമണമുണ്ടായെന്ന നാടകത്തിനാണ് ഷിജു വർഗീസ് ശ്രമിച്ചത്. പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ സംഭവം പൊളിഞ്ഞു.
ജെ. മേഴ്സിക്കുട്ടിഅമ്മ
ഷിജു വർഗീസ് സ്റ്റേഷനിലെത്തി മൊഴിനൽകി. കുപ്പിയിൽ പെട്രോളായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആരാണ് എറിഞ്ഞതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഈസമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
കണ്ണനല്ലൂർ പൊലീസ്