SignIn
Kerala Kaumudi Online
Saturday, 08 May 2021 4.00 PM IST

നോമ്പ് കാലം ശ്രദ്ധയോടെ...

fasting

നോമ്പ് നോക്കലിന് നിരവധി ഗുണങ്ങളുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ചില രോഗമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ നോമ്പ് പിടിക്കാൻ പാടുള്ളൂ. മാത്രമല്ല, തുടർച്ചയായി നോമ്പ് നോൽക്കാനുള്ള ശേഷി, വേനൽക്കാലം അവസാനിച്ചിട്ടില്ല, പുതിയ രോഗങ്ങൾക്ക് സാദ്ധ്യത തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുക്കുകയും വേണം. ആരോഗ്യമുള്ളവരെപ്പോലെ രോഗികൾക്ക് പെരുമാറാനാകില്ല. അതിനാൽ ഏതൊക്കെ രോഗമുള്ളവർ എന്തൊക്കെ ശ്രദ്ധിച്ചാൽ നോമ്പ് കാലം പ്രയോജനപ്പെടുത്താമെന്ന് നോക്കണം.

ഭക്ഷണരീതി, ഉറക്കം, വ്യായാമം എന്നിവയിലെ വ്യത്യാസമാണ് പ്രമേഹം, രക്തസമ്മർദ്ദം,അസിഡിറ്റി, അൾസർ, മൂത്രാശയരോഗങ്ങൾ, വൃക്കയിലെ കല്ല് തുടങ്ങിയ രോഗങ്ങളെ വർദ്ധിപ്പിക്കുന്നത്. ഇത്തരം രോഗങ്ങൾക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ നോമ്പുകാലത്ത് ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നവരുമുണ്ട്. അത് പാടില്ല. എന്നാൽ, ഡോക്ടറുടെ നിർദ്ദേശപ്രകാരം ചില വ്യത്യാസങ്ങൾ വേണ്ടി വന്നേക്കാം. അത് ചർച്ച ചെയ്യുക. കൃത്യതയോടെ പാലിക്കുക.

മാംസം,മസാല,എണ്ണയിൽ വറുത്തവ, അച്ചാറുകൾ, ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ,പരിചിതമല്ലാത്ത ഭക്ഷണം എന്നിവ പൊതുവേ രോഗികളായ നോമ്പുകാർക്ക് നല്ലതല്ല. പ്രത്യേകിച്ചും നോമ്പിന്റെ ആദ്യ പത്ത് ദിവസം.

വെള്ളത്തിന്റെ അംശം കൂടുതലുള്ള പഴവർഗ്ഗങ്ങൾക്കും പച്ചക്കറികൾക്കും കഞ്ഞിക്കും ജ്യൂസുകൾക്കും പ്രാധാന്യം നൽകണം. എന്നാൽ, ഇവ കൂടുതലായി ഉപയോഗിച്ച് ദഹനശക്തി നശിപ്പിക്കാതെയും ശ്രദ്ധിക്കണം.

ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ ക്ഷീണം, ശരീരം വലിഞ്ഞു മുറുകുക, തലവേദന, മൂത്രച്ചുടിച്ചിൽ, വായ വരൾച്ചയുമെല്ലാംഅനുഭവപ്പെടും. ഇടയ്ക്കിടെ ഉണർന്ന് ഉറക്കം കളയാതെ അലാറംവച്ച് എഴുന്നേൽക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിച്ചാലുടൻ കിടക്കരുത്. അമിതമായ ചായകുടിയും പുകവലിയും ശീലമുള്ളവർക്ക് അത് ഉപേക്ഷിക്കാൻ ശ്രമിക്കാവുന്ന മാസമാണിത്. ഇവ രണ്ടും ദോഷമല്ലാതെ ഗുണമൊന്നും നൽകുന്നില്ല.

നമസ്കാരത്തിന് മുമ്പും നോമ്പ് മുറിച്ച ഉടനെയും അൽപ്പ ഭക്ഷണമാണ് നല്ലത്. കുറഞ്ഞ അളവിൽ കൂടുതൽ ആരോഗ്യം നൽകുന്ന ഉണങ്ങിയ പഴങ്ങൾ നല്ലതാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും ഇടയ്ക്കിടെ നിർബന്ധമായും പരിശോധിക്കണം.ഷുഗറിന്റെ അളവ് കുറയുന്നത് കൂടുതൽ കുഴപ്പമുണ്ടാക്കും.

അസിഡിറ്റി, അൾസർ,മലബന്ധം,ദഹനസംബന്ധമായ പ്രശ്നങ്ങൾ, അർശസ്, മൈഗ്രേൻ, മൂത്രത്തിൽ അണുബാധ, കിഡ്‌നി സ്റ്റോൺ, പിത്താശയ രോഗങ്ങൾ തുടങ്ങിയവയും ഛർദ്ദി, വയറിളക്കം, നെഞ്ചെരിച്ചിൽ, വയറുവേദന, ഗ്യാസ് തുടങ്ങിയ ലക്ഷണങ്ങളും വർദ്ധിപ്പിക്കാതെയാണ് നോമ്പ് ആരോഗ്യകരമാക്കേണ്ടത്. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഡോക്ടറുടെ ഉപദേശം തേടാൻ മടിക്കരുത്‌. രോഗങ്ങൾ വർദ്ധിപ്പിക്കുക എന്നതല്ല​ നോമ്പിന്റെ ലക്ഷ്യമെന്ന് മറക്കരുത്. ആരോഗ്യത്തോടെയുള്ള മനസ്സും ശരീരവും ലഭിക്കാൻ കൂടി വ്രതാനുഷ്ഠാനം കൊണ്ട് സാധിക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, FASTING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.