SignIn
Kerala Kaumudi Online
Sunday, 20 June 2021 8.32 PM IST

പിണറായി പ്രതീക്ഷിച്ച ബോംബിൽ രാഷ്ട്രീയ ജീവഹാനി സംഭവച്ചിത് ഒരാൾക്ക് മാത്രം; തുടർഭരണം ലഭിച്ചാൽ മന്ത്രിസഭയിലേക്കുളള ജലീലിന്റെ സാദ്ധ്യതകൾ കൊട്ടിയടച്ച് ഹൈക്കോടതി

k-t-jaleel

തിരുവനന്തപുരം: ലോകായുക്ത ഉത്തരവിന് എതിരെ ഹൈക്കോടതിയെ സമീപിച്ച ജലീലിന് ഡബിൾ ഷോക്കായി മാറിയിരിക്കുകയാണ് ഇന്നത്തെ കോടതി വിധി. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും അതിൽ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയത് ജലീലിനേറ്റ കനത്ത പ്രഹരമാണ്. ധാർമ്മികതയുടെ പേരിലാണ് രാജിയെന്ന് പറഞ്ഞ ജലീൽ ലോകായുക്ത വിധി വന്നപ്പോൾ സ്വീകരിച്ചത് തുടർനിയമനടപടി ആയിരുന്നു. നിയമനടപടിയെ പിന്തുണച്ച സി പി എമ്മിന്റെ ധാർമ്മികതക്ക് നേരെ വരെ ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് പാർട്ടി ജലീലിനെ കൈവിട്ടത്.

ലോകായുക്ത വിധിപ്പകർപ്പ് കിട്ടിയ മുഖ്യമന്ത്രിക്ക് ലഭിച്ച ഉപദേശങ്ങളും രാജിയല്ലാതെ മറ്റ് വഴിയില്ലെന്നായിരുന്നു. അതുവരെ എല്ലാ വിവാദങ്ങളിലും ജലീലിന് കവചം തീർത്ത പിണറായി വിജയൻ ഹൈക്കോടതി തീർപ്പിനായി കാത്തിരുന്ന ജലീലിനോട് ഒടുവിൽ രാജിവയ്‌ക്കാൻ നിർദേശിക്കുകയായിരുന്നു. രാജിയ്‌ക്ക് തൊട്ടുമുമ്പുളള കൂടിക്കാഴ്‌ചയിൽ ജലീൽ കോടിയേരിയോട് ഹൈക്കോടതിയിലെ ഹർജി കാര്യം സംസാരിച്ചിരുന്നുവെങ്കിലും പാർട്ടി തീരുമാനം രാജിതന്നെയെന്ന് കോടിയേരി വ്യക്തമാക്കുകയായിരുന്നു. ഇവിടെ മുതലാണ് പാർട്ടി ജലീലിനെ കൈവിട്ട് തുടങ്ങുന്നത്.

ലോകായുക്തയുടെ അസാധാരണ വിധിയാണ് ഗത്യന്തരമില്ലാതെയുളള രാജിയുടെ കാരണമെങ്കിലും രൂക്ഷമായ ഭാഷയിൽ ജലീലിന്റെ പഴി മുഴുവൻ മാദ്ധ്യമങ്ങൾക്കും യു ഡി എഫിനും നേരെയായിരുന്നു. ഹൈക്കോടതി തീരുമാനം പുറത്തുവന്നതോടെ എൽ ഡി എഫിന് തുടർഭരണം ലഭിച്ചാൽ മന്ത്രിസഭയിലേക്കുളള ജലീലിന്റെ സാദ്ധ്യതകൾ അടയുകയാണ്. പുതിയ ടീമുമായി മന്ത്രിസഭ രൂപീകരിക്കാൻ ആഗ്രഹിക്കുന്ന പിണറായിയോ സി പി എമ്മോ ജലീലിനെ അടുപ്പിക്കില്ലെന്ന് വ്യക്തം.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അദ്ധ്യാപക വൃത്തിയിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും ജലീൽ ആദ്യമേ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളോട് അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്‌തിരുന്നുവെന്നാണ് വിവരം. എന്നാൽ സി പി എമ്മിന്റെ ബാലികേറാമലയായ മലപ്പുറം ജില്ലയിൽ ജലീലിനെ പോലൊരാളെ കൈവിടാൻ പാർട്ടി ഒരുക്കമായിരുന്നില്ല. ഒരു ഘട്ടത്തിൽ തർക്കം ഉടലടെുത്ത പൊന്നാന്നി സീറ്റിലേയ്‌ക്ക് സി പി എം സമവായ സ്ഥാനാർത്ഥിയായി ആലോചിച്ചത് ജലീലിനെയായിരുന്നു.

രണ്ട് ടേം നിബന്ധന എല്ലാവർക്കും കർശനമാക്കി സുധാകരനേയും ഐസക്കിനേയും അടക്കം മാറ്റിനിർത്തിയപ്പോൾ ജലീലിന് ആ നിബന്ധന ബാധകമായില്ല. സി പി എം സ്വതന്ത്രന് മാനദണ്ഡം ബാധകമല്ല എന്നായിരുന്നു ഇതിന് നൽകിയ വ്യാഖ്യാനം. ഇ പി ജയരാജന്റെ രാജി ചോദിച്ചവർ ജലീലിന്റെ രാജി തേടാത്തതും ചർച്ചയായി. ഒരേ തെറ്റിന് രണ്ട് സമീപനം എന്നതും പാർട്ടിക്കാർക്കിടയിൽ സംസാരവിഷയമായി. ലീഗ് കൂടാരത്തിൽ നിന്ന് വന്നിട്ടും നേടിയെടുത്ത ഈ വിശ്വാസ്യതയ്‌ക്കാണ് ലോകായുക്ത വിധിയോടെ ഇളക്കം തട്ടിയത്.

ജലീൽ തീർത്ത എല്ലാ പ്രതിരോധകോട്ടയും പൊളിക്കുന്നതാണ് ഹൈക്കോടതിയുടെ കർക്കശ നിലപാട്. പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്‌തപ്പോൾ മന്ത്രിയായിരുന്ന ജലീൽ പ്രതികരിച്ചത് മഹാകവി ഉളളൂരിന്റെ കവിതാശകലം ഉദ്ധരിച്ചാണ്. 'നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ...' എന്നായിരുന്നു ജലീൽ മാദ്ധ്യമങ്ങളോട് പരഞ്ഞത്. അതുമായി താരതമ്യം ചെയ്‌താൽ ജലീൽ തന്നെ ചോദിച്ച് വാങ്ങിയതാണ് ഈ ഹൈക്കോടതി ഉത്തരവ്. 'സത്യം ജയിക്കും, സത്യമേ ജയിക്കൂ...' എന്ന് നാഴികയ്‌ക്ക് നാൽപ്പത് വട്ടം വിളിച്ചുപറഞ്ഞ ജലീലിന് സർക്കാരിന്റെ കാലാവധി തീരാൻ പതിനൊന്ന് ദിവസം മാത്രം ശേഷിക്കെ വന്ന ഹൈക്കോടതി ഉത്തരവ് രാഷ്‌ട്രീയ ജീവിതത്തിലെ തന്നെ തീരാകളങ്കമായി മാറിയിരിക്കുകയാണ്.

ബന്ധുനിയമന വിവാദം ആളിക്കത്തിയപ്പോഴും പി എച്ച് ഡി പ്രബന്ധം വിവാദത്തിലായപ്പോഴും മാർക്ക് ദാന വിവാദം കണ്ടുപിടിക്കപ്പെട്ടപ്പോഴും സ്വർണക്കടത്തിൽ ചോദ്യം ചെയ്യപ്പെട്ടപ്പോഴും എല്ലാം മുനവച്ച വാക്കുകളുമായി എതിരാളികൾക്ക് നേരെ തിരിച്ചടിച്ച ജലീൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്നിട്ടില്ല. ഹൈക്കോടതിയുടെ ഉത്തരവ് വന്ന സാഹചര്യത്തിൽ ജലീൽ അജ്ഞാത വാസം അവസാനിപ്പിച്ച് പ്രത്യക്ഷപ്പെടുമോയെന്നാണ് കണ്ടറിയേണ്ടത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പിണറായി പ്രതീക്ഷിച്ച ബോംബ് ഇതായിരുന്നെങ്കിൽ ആ ബോംബിൽ രാഷ്ട്രീയ ജീവഹാനി സംഭവിച്ചത് ഒരു വ്യക്തിക്ക് മാത്രമാണെന്ന് പാർട്ടിക്ക് തത്ക്കാലം സമാധാനിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KT JALEEL, CPM, HIGHCOURT, LOKAYUKTHA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.