Kerala Kaumudi Online
Monday, 20 May 2019 5.05 AM IST

ഗൾഫിൽ മക്കൾ പണിയെടുക്കുന്ന കാശ് വീട്ടുകാരിൽ നിന്ന് തട്ടിയെടുക്കുന്ന സംഘമിറങ്ങിയിട്ടുണ്ട്, സൂക്ഷിക്കുക

crime

കോട്ടയം: ഗൾഫിലുള്ള മകന് ലോട്ടറി അടിച്ചെന്നു കേട്ടപ്പോൾ എഴുപതുകാരിയായ ആ അമ്മ വിശ്വസിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല. കൃഷിയിറക്കാൻ ബാങ്കിൽ കരുതിയിരുന്ന 40,000 രൂപയും എടുത്ത് നേരെ വച്ചുപിടിച്ചു കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക്. പറഞ്ഞിരുന്നതുപോലെ കൈയിൽ കുപ്പിവെള്ളവും എടുത്തിരുന്നു. ഭർ‌ത്താവിനോട് ഒരു വാക്കും പറയാതെയായിരുന്നു യാത്ര.

റെയിൽവേ സ്റ്റേഷന്റെ കവാടത്തിൽ എത്തിയപ്പോൾതന്നെ പറഞ്ഞിരുന്ന അടയാളങ്ങളോടെ ഒരു യുവാവ് കാത്തുനില്പുണ്ടായിരുന്നു. യാതൊന്നും ഉരിയാടാതെ പണം കൈമാറി. തിരിച്ച് വീട്ടിലെത്തി.

വിദേശത്ത് ലോട്ടറി അടിച്ചുവെന്ന് പറഞ്ഞ് തട്ടിപ്പുനടത്തിയ മൂവർ സംഘത്തെ വാകത്താനം സി.ഐ പി.വി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന കഥകൾ പുറത്തുവന്നത്. സംസ്ഥാനത്തുടനീളം സംഘം തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വാകത്താനം സ്റ്റേഷൻ പരിധിയിൽ തന്നെ മൂന്നു വൃദ്ധരാണ് തട്ടിപ്പിന് ഇരയായത്. കൂടാതെ തൃക്കൊടിത്താനത്തും കോട്ടയം വെസ്റ്റിലും ഒരോ കേസുകൾ വീതവും എറണാകുളത്ത് രണ്ട് കേസുകളും മൂവർസംഘത്തിനെതിരെ നിലവിലുണ്ട്. തിരുവല്ലയിലും സംഘം തട്ടിപ്പ് നടത്തി പണം കൈപറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശികളാണ് മൂവരും. കോടതിയിൽ ഹാജരാക്കിയ കമലേശ്വരം മണക്കാട് മുട്ടത്തറ വടുവത്ത് കോവിലിന് സമീപം പുതുവേൽ പുത്തൻവീട്ടിൽ ദിലീപ് (ശ്യാം-28), കടകംപള്ളി ടൈറ്റാനിയം ചർച്ച് റോഡിൽ ശാലിനി നിവാസിൽ എൻ.സതീശ് (55), അണ്ടൂർകോണം കൊയ്തൂർകോണം വെള്ളൂർ പുതുവേൽ പുത്തൻവിട്ടിൽ നസിം (36) എന്നിവരെ റിമാൻഡ് ചെയ്തു.

വൃദ്ധ ദമ്പതികളെ ലാൻഡ് ഫോണിൽ വിളിച്ച ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. 2015ലാണ് ഇവർ ആദ്യമായി ലോട്ടറി അടിച്ചെന്നുപറഞ്ഞ് തട്ടിപ്പ് നടത്തിയത്. എറണാകുളത്ത് 2015ൽ ഒരു വൃദ്ധയുടെ ഒന്നര പവൻ തൂക്കമുള്ള സ്വർണ കോയിനും ഒരു പവന്റെ സ്വർണ വളകളും തട്ടിയെടുത്തു. മറ്റൊരു വൃദ്ധയിൽ നിന്ന് അഞ്ചു പവന്റെ മാലയാണ് ലോട്ടറി അടിച്ചുവെന്ന് പറഞ്ഞ് ഇവർ തട്ടിയെടുത്തത്.

വാകത്താനം സ്വദേശിനിയായ വൃദ്ധയെ കെണിയിൽ വീഴ്ത്താൻ ഒരു മണിക്കൂർ പോലും വേണ്ടിവന്നില്ല. സംഘത്തിന്റെ നേതാവായ സതീശൻ അമ്മയുടെ പേര് വിളിച്ചാണ് ലാൻഡ് ഫോണിൽ സംസാരിച്ച് തുടങ്ങിയത്. ഗൾഫിലുള്ള മകന്റെ പേരും മറ്റു വിവരങ്ങളും പറഞ്ഞതോടെ ആ അമ്മയ്ക്ക് സംശയിക്കേണ്ടതായി യാതൊന്നുമില്ലായിരുന്നു. ലോട്ടറി അടിച്ചെന്നു കേട്ടതോടെ അവർ മറ്റൊന്നും ചിന്തിച്ചില്ല. ഇതിലെ ചതിയും മനസിലാക്കിയില്ല. ആരോടും ഇതേക്കുറിച്ച് പറയരുതെന്ന് സതീശ് പറഞ്ഞിരുന്നതിനാൽ വീട്ടിലെത്തി രണ്ടു ദിവസം സംഭവം ആരോടും പറ‌ഞ്ഞില്ല, പണം ബാങ്കിൽ നിന്നും എടുത്തകാര്യം ഭർത്താവിൽ നിന്നുപോലും മറച്ചുവച്ചു. കാരണം, അതുപോലെയാണ് ആ വൃദ്ധയെ സതീശ് കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയിരുന്നത്.

ലോട്ടറി അടിച്ച 50 ലക്ഷം വിദേശത്ത് മാറിയാൽ 15ലക്ഷത്തോളം ടാക്സ് ഇനത്തിൽ പിടിക്കുമെന്നും തങ്ങൾക്ക് 40,000 രൂപ നല്കിയാൽ ലോട്ടറി അടിച്ച മുഴുവൻ തുകയും ടാക്സ് പിടിക്കാതെ എത്തിക്കാമെന്നുമായിരുന്നു സതീശിന്റെ ഓഫർ. പണം കിട്ടുന്നതുവരെ ഇക്കാര്യം ആരോടും പറയരുതെന്നും സതീശ് പറഞ്ഞിരുന്നത്. ഇല്ലെങ്കിൽ ടാക്സുകാർ ഇടപെടുമെന്നും പണം കിട്ടാൻ കൂടുതൽ തുക അടയ്ക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു.അതിനാൽ മകനോടുപോലും ഇക്കാര്യം സംസാരിച്ചിരുന്നില്ല.

മൂന്നു ദിവസം കഴിഞ്ഞതോടെ ആ വൃദ്ധയ്ക്ക് ഇക്കാര്യം മനസിൽ സൂക്ഷിക്കാൻ സാധിക്കാതെ വന്നു. മകൻ വിളിച്ചപ്പോൾ കാര്യങ്ങൾ പറഞ്ഞു. കാര്യങ്ങൾ ഭർത്താവും അറിഞ്ഞു. തുടർന്ന് വാകത്താനം സ്റ്റേഷനിലെത്തി പരാതി നൽകി. വൃദ്ധരായ ഭാര്യയും ഭർത്താവും മാത്രമാണ് വാകത്താനത്ത് താമസിക്കുന്നത്. രണ്ടു മക്കളും ഗൾഫിലാണ്. ഇത് മുതലാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയത്.

പണം, ഒപ്പം സ്വർണവും

വിദേശത്ത് മക്കളുള്ള വൃദ്ധരായവരെ ലക്ഷ്യം വച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് സി.ഐ വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച സന്ദേശമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. ചങ്ങനാശേരി ഡിവൈ.എസ്.പി എൻ.രാജന്റെ നി‌ർദ്ദേശപ്രകാരം പ്രതികളെ കുടുക്കാൻ പിന്നെ അധികസമയം വേണ്ടിവന്നില്ല. വാകത്താനത്ത് മൂന്നു വൃദ്ധരിൽ നിന്നായി 61,000 രൂപയും ഏഴു പവൻ സ്വർണാഭരണങ്ങളുമാണ് ഇവർ കവർന്നത്. തൃക്കൊടിത്താനത്ത് നിന്നും 20,000 രൂപയും ഒന്നേമുക്കാൽ പവന്റെ സ്വർണ വളകളും, കോട്ടയത്തുനിന്നും 20,000 രൂപയുമാണ് ഇവർ തട്ടിച്ചെടുത്തത്.

സതീശ് നിസാരക്കാരനല്ല

കേസിലെ പ്രധാന പ്രതി സതീശ് നിസാരക്കാരനല്ല, ലൈറ്റ് ആന്റ് സൗണ്ട് പ്രവർത്തിപ്പിക്കുകയാണ് ജോലി. കിട്ടുന്ന തുച്ഛമായ ശമ്പളം രണ്ടു കുടുംബങ്ങൾ പുലർത്താൻ തികയുമായിരുന്നില്ല. തുടർന്നാണ് തട്ടിപ്പിന് കൂട്ടുകാരനായ നസിമിനെയും ബന്ധുവായ ദിലീപിനെയും കൂട്ടുപിടിച്ചത്. ഭാര്യയും രണ്ടു മക്കളുമുള്ള സതീശ് മറ്റൊരു യുവതിയോടൊപ്പം തിരുവനന്തപുരത്താണ് താമസം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CRIME, THIEVES
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY