SignIn
Kerala Kaumudi Online
Thursday, 19 September 2024 1.36 PM IST

സൂര്യകൃഷ്ണയുടെ തിരോധാനം . പ്രതീക്ഷ കൈവിടാതെ കുടുംബം

Increase Font Size Decrease Font Size Print Page
cxcfvfv

പാലക്കാട്: വീട്ടിൽ നിന്ന് ബുക്ക് വാങ്ങാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനിയുടെ ദുരൂഹ തിരോധാനത്തിന് ഒരു മാസം. പുതിയങ്കം തെലുങ്കത്തറയിലെ രാധാകൃഷ്‌ണന്റെയും സുനിതയുടെയും മകൾ സൂര്യകൃഷ്‌ണയെ (21) കാണാതായ സംഭവത്തിലാണ് ഒരുമാസം കഴിഞ്ഞിട്ടും യാതൊരു സൂചനയും പൊലീസിനോ വീട്ടുകാർക്കോ ലഭ്യമാകാത്തത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 30 മുതലാണ് സൂര്യകൃഷ്‌ണയെ കാണാതായത്. വീട്ടുകാരുടെ പരാതിയിൽ ലോക്കൽ പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് ജില്ലാ പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘം ഏറ്റെടുത്തെങ്കിലും സൂര്യയെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. വീട് വിട്ടുപോകേണ്ട സാഹചര്യങ്ങളോ പ്രണയമോ ഒന്നും വീട്ടുകാരുടെ അറിവില്ലാതിരിക്കെ കോളേജിലേക്ക് പോയ മകളെ കാണാതായത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വിഷമിക്കുകയാണ് വീട്ടുകാർ.

ഡോക്‌ടറാകാൻ കൊതിച്ചു,

ചേർന്നത് ഡിഗ്രിക്ക്

പാലക്കാട് മേഴ്സി കോളേജിലെ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് സൂര്യ.

ആലത്തൂരിലെ ഒരു ഹാർഡ്‌വെയർ ഷോപ്പിലെ ജീവനക്കാരനാണ് പിതാവ് രാധാകൃഷ്‌ണൻ. അമ്മ സുനിത വീട്ടമ്മയാണ്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് സൂര്യ ജയിച്ചത്. നന്നായി പഠിച്ച് നല്ല ജോലി നേടി മെച്ചപ്പെട്ട ജീവിതം നയിക്കണമെന്നതായിരുന്നു അവളുടെ ആഗ്രഹമെന്ന് ഇരുവരും പറയുന്നു.

ഡോക്‌ടറാകണമെന്ന മോഹത്താൽ പ്ലസ്ടുവിന് ശേഷം എൻട്രൻസ് കോച്ചിംഗിന് പാലായിലെ സ്ഥാപനത്തിൽ ചേർന്നിരുന്നങ്കിലും റാങ്ക് ലിസ്റ്റിൽ മുന്നിലെത്താൻ സാധിക്കാതെ വന്നതോടെ ഡിഗ്രിക്ക് ചേരുകയായിരുന്നു.

ബുക്ക് സ്റ്റാളിലെത്താതെ

സൂര്യ പോയത് എവിടേക്ക് ?

സംഭവദിവസമായ ആഗസ്റ്റ് 30ന് രാവിലെ രാധാകൃഷ്‌ണൻ കടയിലേക്ക് പോകുമ്പോൾ സൂര്യ തനിക്ക് കിട്ടാനുള്ള ഒരു പുസ്‌തകത്തിന്റെ കാര്യം അച്‌ഛനെ ഓർമ്മിപ്പിച്ചിരുന്നു. പത്ത് മണിയോടെ അമ്മ ബുക്ക്സ്റ്റാളിലേക്ക് വിളിച്ചു ചോദിച്ചു. പുസ്‌തകം വന്നിട്ടുണ്ടെന്ന മറുപടി രാധാകൃഷ്‌ണനെ അറിയിക്കുകയും ചെയ്‌തു. വൈകിട്ട് മൂന്നു മണിയോടെ ബുക്ക് സ്റ്റാളിലേക്ക് വരാനാണ് രാധാകൃഷ്‌ണൻ പറഞ്ഞത്.

കൊവിഡ് നിയന്ത്രണമുള്ളതിനാൽ ബുക്ക്സ്റ്റാൾ നേരത്തെ അടച്ചുപോയാലോയെന്ന് കരുതി അമ്മ വീണ്ടും വിളിച്ച് ഉച്ചയ്‌ക്ക് 12ന് ചെല്ലുമെന്ന് രാധാകൃഷ്‌ണനോട് പറഞ്ഞു. 11.30ന് തന്നെ രാധാകൃഷ്‌ണൻ ബുക്ക്സ്റ്റാളിലെത്തി കാത്തിരുന്നു. 11.45ന് വീട്ടിലേക്ക് വിളിച്ചപ്പോൾ സൂര്യ ഇറങ്ങിയിട്ട് പത്ത് മിനിറ്റായി എന്ന വിവരമാണ് ലഭിച്ചത്. പക്ഷേ, ഏറെ സമയം കാത്തിരുന്നിട്ടും സൂര്യ എത്തിയില്ല.

രണ്ട് ജോ‌ഡി

ഡ്രസ് കരുതിയതെന്തിന് ?

മകളെ കാത്തിരുന്ന് ഏറെ നേരമായിട്ടും കാണാത്തതിനാൽ വീണ്ടും വീട്ടിലേക്ക് വിളിച്ചപ്പോഴാണ് മകൾ രണ്ട് ജോഡി ഡ്രസ് കൂടി എടുത്തിട്ടാണ് ഇറങ്ങിയതെന്നറിയുന്നത്. ഇതോടെ രാധാകൃഷ്‌ണന് ആശങ്കയായി.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അനുജൻ ദർശന് ഓൺലൈൻ ക്ലാസുള്ളതിനാൽ ഫോൺ കൊണ്ടുപോകേണ്ടയെന്നു പറഞ്ഞതിന് സൂര്യ അമ്മയോട് പിണങ്ങിയിരുന്നു. അതിനു തന്നെ പേടിപ്പിക്കാനാണ് ഡ്രസ് എടുക്കുന്നതെന്നാണ് അമ്മ കരുതിയത്. പൊലീസ് ഫോൺ രേഖകൾ വിശദമായി പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നല്ലതു മാത്രമേ നാട്ടുകാർക്കും സൂര്യയെപ്പറ്റി പറയാനുള്ളൂ. അധികം സുഹൃത്തുക്കൾ ഇല്ലാതിരുന്ന കുട്ടിയായിരുന്നു സൂര്യയെന്ന് മാതാപിതാക്കളും പറയുന്നു. പത്താംക്ളാസ് വരെ പഠിച്ച ഹോളി ഫാമിലി സ്‌കൂളിലെ അദ്ധ്യാപകർക്കും പ്ലസ്ടു പഠനം നടത്തിയ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകർക്കും പഠനത്തിൽ മികവു പുലർത്തിയിരുന്ന കുട്ടി എന്ന അഭിപ്രായമാണുള്ളത്.

ഗോവയിലും തെരച്ചിൽ,

തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഉറ്റവർ

‘ഗോവയിൽ താമസിക്കണം, അവിടെ നല്ല കാലാവസ്ഥയാണ് ’ എന്ന് പണ്ടെപ്പോഴോ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതറിഞ്ഞ പൊലീസ് ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടിൽ നിന്നിറങ്ങിയ സൂര്യ, ടൗണിലെത്തുന്നതിനു മുമ്പ് ഗാന്ധി ജംഗ്ഷനിലൂടെ നടന്നുപോകുന്നത് കണ്ടവരുണ്ട്.

ദേശീയപാതയിലെ സ്വാതി ജംഗ്ഷനിൽ എത്തിയോ എന്നറിയുന്നതിന് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. പാലായിലെ കോച്ചിംഗ് സെന്ററിൽ കൂടെ പഠിച്ചിരുന്നവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തങ്ങളെ വേർപിരിഞ്ഞ് മകൾക്ക് അധികകാലം കഴിയാനാവില്ലെന്നും വൈകാതെ അവൾ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിലാണ് രാധാകൃഷ്‌ണനും സുനിതയും.

പാലായിൽ പഠിക്കുമ്പോൾ കൂട്ടിക്കൊണ്ടു വരുന്നതും തിരികെ കൊണ്ടുവിടുന്നതും അച്‌ഛനായിരുന്നു. ബന്ധുക്കളുടെ വീടുകളിൽ പോലും താമസിച്ചിട്ടില്ല. ഇന്നുവരെ ട്രെയിൻ യാത്ര ചെയ്‌തിട്ടില്ലാത്ത തങ്ങളുടെ മകൾക്ക് മറ്റെന്തെങ്കിലും സംഭവിച്ചിരിക്കാമെന്ന ആധിയിലാണ് ഈ മാതാപിതാക്കൾ. ബന്ധുക്കളും അദ്ധ്യാപകരും സഹപാഠികളും മകൾ മടങ്ങിവരുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്. വഴിക്കണ്ണുമായി സൂര്യയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് നാടും വീടും.

പ്രത്യേക പൊലീസ് സംഘം

ജില്ലാ പൊലീസ് മേധാവി 15 പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, ആലത്തൂർ സി.ഐ റിയാസ് ചാക്കിരി, എസ്.ഐ ഗിരീഷ് കുമാർ, നെന്മാറ സി.ഐ ദീപകുമാർ, എസ്.ഐ അരുൺകുമാർ എന്നിവർക്കാണ് ചുമതല. വീട്ടുകാരിൽ നിന്നും സഹപാഠികളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. യുവജന കമ്മിഷൻ അംഗം ടി. മഹേഷും വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.