SignIn
Kerala Kaumudi Online
Thursday, 19 September 2024 5.28 AM IST

ഈ പൊലീസ് ഇനിയെങ്കിലും ...

Increase Font Size Decrease Font Size Print Page

photo

പൊലീസ് ഉദ്യോഗസ്ഥർ വഴിപിഴച്ച ബന്ധങ്ങളിൽ വീഴുന്നത് ആദ്യ സംഭവമല്ലെങ്കിലും അടുത്തകാലത്ത് സേനയെ ബാധിച്ച ഗുരുതരമായ പ്രശ്‌നമാണിതെന്നതിൽ സംശയമില്ല. ഉന്നത ഉദ്യോഗസ്ഥർ പോലും ഒരു വീണ്ടുവിചാരവുമില്ലാതെ തട്ടിപ്പുകാരുടെ സത്ക്കാരങ്ങൾ ഏറ്റുവാങ്ങാൻ മത്സരിക്കുമ്പോൾ പേരുകേട്ട കേരള പൊലീസിന്റെ പെരുമയ്‌ക്കാണ് കോട്ടം തട്ടുന്നതെന്ന തിരിച്ചറിവുണ്ടാകണം. നേരത്തെ എസ്.ഐമാർക്ക് പൊലീസ് സ്‌റ്റേഷനുകളുടെ ചുമതലയുള്ളപ്പോഴായിരുന്നു കൂടുതൽ ആക്ഷേപങ്ങൾ കേട്ടിരുന്നത്. അതോടെ സീനിയർമാരായ സി.ഐമാർക്ക് സ്‌റ്റേഷനുകളുടെ ചുമതല നൽകി. എന്നാൽ, സേനയെ കളങ്കപ്പെടുത്തുന്ന സംഭവങ്ങൾക്ക് തെല്ലും കുറവുണ്ടായിട്ടില്ലെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.

വർഷങ്ങൾക്ക് മുമ്പ് വിവാദ താന്ത്രികനായ സന്തോഷ് മാധവൻ കൊച്ചിയിൽ പിടിയിലായപ്പോഴാണ് ഞെട്ടിക്കുന്ന പൊലീസ് ബന്ധങ്ങൾ പുറത്തുവന്നത്. ഒരു സി.ഐയുടെ യൂണിഫോം സന്തോഷ് മാധവന്റെ ഫ്ളാറ്റിൽ നിന്ന് ലഭിച്ചത് വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. വിവാഹത്തിനായി പാലക്കാട് നഗരത്തിലൂടെ രഥത്തിൽ എത്തിയ സന്തോഷ് മാധവനെ വരവേറ്റത് ഒരു ഡിവൈ.എസ്.പിയായിരുന്നു. അന്ന് സസ്‌പെൻഷന് വിധേയനായ ഈ ഉദ്യോഗസ്ഥൻ പിന്നീട് ഉയർന്ന പദവിയിൽ എത്തിയെന്നത് മറ്റൊരു കാര്യം. ഈ സംഭവത്തോടെ അന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കർശനമായ മാർഗനിർദ്ദേശങ്ങൾ നൽകിയെങ്കിലും പാലിക്കപ്പെട്ടില്ലെന്നതിന്റെ തെളിവാണ് മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആരോപണങ്ങൾ.

സ്‌പോൺസർഷിപ്പിലൂടെ സ്‌റ്റേഷനുകളിലേക്ക് ആവശ്യമായ സാധനങ്ങളും പൊലീസ് പരിപാടികളും സംഘടിപ്പിക്കാൻ ഒരു മാനദണ്ഡവുമില്ലാതെ കണ്ണിൽ കണ്ടവരെയെല്ലാം ഉദ്യോഗസ്ഥർ സമീപിക്കുന്നത് അടുത്തകാലത്ത് സേനയിൽ പടർന്നു പിടിച്ച പ്രവണതയായിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികൾ പിന്നീട് ഉദ്യോഗസ്ഥരുമായി ചങ്ങാത്തം സ്ഥാപിച്ച് പലതിന്റെയും ഇടനിലക്കാരായി പ്രവർത്തിക്കും. സത്ക്കാരങ്ങൾ സ്വീകരിക്കുന്നതോടെ അഭേദ്യബന്ധമായി വളരുകയും പല ബിസിനസുകളിലും കൂട്ടു പങ്കാളിത്തത്തിന്റെ റോളിലേക്ക് മാറുകയും ചെയ്യും. മികച്ച പരിശീലനം ലഭിക്കുകയും സേനയിൽ കഴിവ് തെളിയിക്കുകയും ചെയ്‌ത ഐ.പി.എസ് ഉദ്യോഗസ്ഥർ വരെ ഈ മോഹവലയത്തിൽ വീഴുന്നത് സേനയെ ബാധിച്ച ഗുരുതരമായ അച്ചടക്കലംഘനത്തിന്റെയും ബാഹ്യശക്തികളുടെ ഇടപെടലിന്റെയും തെളിവാണ്. രാഷ്‌ട്രീയ ബന്ധങ്ങൾക്ക് അപ്പുറമാണ് ഈ കൂട്ടുക്കെട്ടുകൾ. സ്‌റ്റേഷനിൽ പരാതിയുമായി എത്തുന്ന പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരെ കാണാൻ മണിക്കൂറുകളാണ് കാത്തുനിൽക്കേണ്ടി വരുന്നത്. ഈ സമയം നമ്മുടെ കൺമുന്നിലൂടെ വി.ഐ.പി പരിവേഷത്തോടെ പലരും കടന്നു പോകുന്നത് കാണാൻ കഴിയും. മണിക്കൂറുകളായി കാത്തിരിക്കുന്നവരെ പൊട്ടൻമാരാക്കിയുള്ള ഈ കൂടികാഴ്ചകൾ നേരായ മാർഗത്തിലേക്കുള്ളതല്ലെന്ന് എല്ലാവർക്കുമറിയാം.

ഒരു പ്രശ്‌നമുണ്ടാകുമ്പോൾ ഉദ്യോഗസ്ഥർക്കായി ചില മാനദണ്ഡങ്ങൾ സർക്കാർ പുറപ്പെടുവിക്കാറുണ്ട്. തുടക്കത്തിൽ പാലിച്ചെന്ന് കാണിക്കാനായി ചിലത് ചെയ്യുമെങ്കിലും പിന്നീട് അത് മന:പൂർവം മറക്കുന്നത് സേനയിലെ ഒരു ശീലമായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞ മാർഗനിർദ്ദേശങ്ങൾ പണ്ട് സന്തോഷ് മാധവൻ കേസുണ്ടായപ്പോഴും പുറപ്പെടുവിച്ചതാണെന്ന് മറന്നു പോകരുത്. സർക്കാർ നിർദ്ദേശങ്ങൾ എന്തുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥർ തന്നെ അട്ടിമറിക്കുന്നു എന്നതിനെക്കുറിച്ചാണ് അന്വേഷണം നടത്തേണ്ടത്. കുറ്റക്കാരായവരെ സേനയിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കേണ്ട കാലം അതിക്രമിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ സേനയ്‌ക്ക് ഒരോർമ്മപ്പെടുത്തൽ കൂടിയാണ്. ഏതാനും ചില ഉദ്യോഗസ്ഥർ ഉണ്ടാക്കുന്ന ചീത്തപ്പേര് സേനയെ മൊത്തത്തിലാണ് ബാധിക്കുന്നതെന്ന് ഓർക്കണം. ചില സുപ്രധാന കസേരകളിലും സ്ഥലങ്ങളിലും ഇരിപ്പുറപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ മത്സരം എന്തിനുവേണ്ടിയാണെന്ന് ഉത്തരവാദിത്വപ്പെട്ടവർ തിരിച്ചറിയുകയും അതിന് അനുസരിച്ചുള്ള നടപടിയുണ്ടാകുകയും വേണം. ഇക്കാര്യം ഇപ്പോൾ നടക്കാത്തതാണ് പല പ്രശ്‌നങ്ങളുടെയും ആധാരം.

ഉന്നത ഉദ്യോഗസ്ഥർ അനാവശ്യ കൂട്ടുകെട്ടുകളിൽ പെടാൻപാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഇക്കാര്യം അറിയാത്തവരല്ല ഉദ്യോഗസ്ഥർ എന്നോർക്കണം. അതിനാൽ മുഖ്യമന്ത്രിയുടെ വാക്കുകൾ ഇനിയെങ്കിലും ഉദ്യോഗസ്ഥർ ഗൗരവത്തിലെടുക്കണം. 'ഓഫീസർമാർ അനൗദ്യോഗിക പരിപാടികളിൽ പങ്കെടുക്കും മുമ്പ് ഇന്റലിജൻസ് റിപ്പോർട്ട് നിർബന്ധമായും തേടണം. പരിപാടികളിൽ പങ്കെടുക്കുമ്പോൾ യൂണിഫോം പരമാവധി ഒഴിവാക്കണം. കുറച്ച് ഉദ്യോഗസ്ഥർ ചെയ്യുന്ന വൃത്തികേടുകൾക്ക് സേന മുഴുവൻ പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരുന്നത് തിരിച്ചറിയണം. ഇത്തരക്കാരെ ഒരു തരത്തിലും സംരക്ഷിക്കില്ല. പൊലീസ് ഓഫീസർമാരോട് ചങ്ങാത്തം കൂടാൻ ഓരോ പ്രദേശത്തും പലരും വരാം. അത്തരക്കാരെക്കുറിച്ച് പഠിക്കുകയും അന്വേഷിക്കുകയും വേണം. മാതൃകയാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ ഹണിട്രാപ്പിലും സാമ്പത്തിക ഇടപാടുകളിലും ഉൾപ്പെടുന്നത് തെറ്റായ സന്ദേശം നൽകും. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. മൊബൈൽ ഫോൺ സംസാരത്തിലും ജാഗ്രത വേണം. പൊലീസിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന പ്രവണത കൂടി വരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ അവരെ സംരക്ഷിക്കും എന്നാൽ അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ല.

സ്‌റ്റേഷനിലെത്തുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക പരിഗണന നൽകണം. അവരെ അനാവശ്യമായി സ്‌റ്റേഷനിൽ നിറുത്തി ബുദ്ധിമുട്ടിക്കരുത്. ഇവരുടെ പരാതികൾക്ക് പ്രത്യേക രജിസ്‌റ്റർ സൂക്ഷിക്കണം. പരാതി ലഭിച്ചാൽ നിർബന്ധമായും രസീത് നൽകണം. ഓൺലൈൻ പരാതികൾക്കും രസീത് ബാധകമാണ്. എഫ്.ഐ.ആറിന്റെ പകർപ്പും അന്വേഷണ പുരോഗതിയും പരാതിക്കാർക്ക് കൈമാറണം. പരാതി ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്യുന്നത് വൈകരുത്. പീഡന പരാതികളിൽ കുറ്റക്കാരെ സംരക്ഷിക്കാനോ സഹായിക്കാനോ ശ്രമിക്കരുത്. പരാതിക്കാരെ കൊണ്ട് കടലാസും പേനയും വാങ്ങിപ്പിക്കുന്ന രീതിയും അവസാനിപ്പിക്കണം. പ്രണയനൈരാശ്യം മൂലമുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടി വേണം. ലോക്കപ്പ് മർദ്ദന പരാതികൾ ഉണ്ടാകരുത്. കെട്ടിക്കിടക്കുന്ന കേസുകൾ മൂന്നു മാസത്തിനകം തീർപ്പാക്കണം. സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കാൻ പൊലീസിൽ പ്രത്യേക വിഭാഗം ഉടൻ നിലവിൽ വരും. സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ സാങ്കേതിക സഹായം കൃത്യമായി ലഭിക്കുന്ന സൈബർ ഇൻവെസ്‌റ്റിഗേഷൻ ഡിവിഷനും രൂപീകരിക്കും.' മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ ശുഭസൂചനയായി കാണാം. പക്ഷേ, ഇത് നടപ്പാക്കേണ്ടവർ തങ്ങളാണെന്ന് ഓരോ പൊലീസ് ഉദ്യോഗസ്ഥനും തിരിച്ചറിയണം. യൂണിഫോമിന്റെ മഹത്വം മനസിലാക്കിയായിരിക്കണം ഓരോ പ്രവൃത്തിയും. അഴിമതിക്കും തട്ടിപ്പുകാർക്കും കുടപിടിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തണം. അവരെ ക്രമസമാധാന ജോലികളിൽ നിന്ന് ഒഴിവാക്കണം. ഇത്തരം സമീപനങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോയാൽ സേനയുടെ സത്പേര് വീണ്ടെടുക്കാനാകും. അതിനുവേണ്ടിയുള്ള ശ്രമങ്ങളും ആർജ്ജവവുമാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POLICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.