SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.47 PM IST

2019ൽ ഭീകരാക്രമണത്തിൽ നാൽപ്പത് ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമയിൽ ജവാൻമാരോടൊപ്പം രാത്രി തങ്ങി അമിത് ഷാ

Increase Font Size Decrease Font Size Print Page

amit-shah

ശ്രീനഗ‌ർ: സി ആർ പി എഫ് ക്യാമ്പിൽ പട്ടാളക്കാരോടൊപ്പം രാത്രി ചെലവഴിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ കാശ്മീർ സന്ദർശനത്തിനെത്തിയ അമിത് ഷാ പുൽവാമയിലെ ലെത്ത്പോരയിലുള്ള സി ആർ പി എഫ് ക്യാമ്പിലാണ് തങ്ങിയത്. ഇവിടെവച്ചായിരുന്നു 2019ലെ ഭീകരാക്രമണത്തിൽ നാൽപ്പത് ജവാൻമാർ വീരമൃത്യു വരിച്ചത്. ‌ജമ്മു കാശ്മീർ സന്ദർശനത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായിരുന്നു ജവാൻമാരോട് സംവദിച്ചതെന്ന് പ്രതികരിച്ച ആഭ്യന്തര മന്ത്രി ജമ്മു കാശ്മീരിലെ ക്രമസമാധാന നില വളരെ മെച്ചപ്പെട്ടുവെന്നും കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്തതുപോലെ സമാധാനപരമായ ജമ്മു കാശ്മീർ സാക്ഷാത്കരിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.നരേന്ദ്രമോദി സർക്കാരിന് ഭീകരപ്രവർത്തനങ്ങളോട് സഹിഷ്ണുതയില്ല. ഭീകരപ്രവർത്തനം മനുഷ്യത്വത്തിന് എതിരാണ്. മനുഷ്യരാശിക്കെതിരായ ഇത്തരം ഹീനപ്രവർത്തികളിൽ ഏർപ്പെടുന്നവരിൽ നിന്നും സംരക്ഷിക്കുകയെന്നതാണ് മോദി സർക്കാരിന്റെ മുൻഗണന എന്നും അമിത് ഷാ പങ്കുവച്ചു.

2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം രക്തചൊരിച്ചിൽ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയ സി ആർ പി എഫിനോടും മറ്റ് സുരക്ഷാ സേനകളോടും ആഭ്യന്തര മന്ത്രി നന്ദി അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കലിനെ ജമ്മു കാശ്മീരിലെ ജനങ്ങൾ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. പുൽവാമയിൽ 2000 കോടിയുടെ മെഡിക്കൽ കോളേജ് നി‌ർമിക്കുമെന്നും അമിത് ഷാ അറിയിച്ചു. 2014ൽ പതിനൊന്നാം സ്ഥാനത്തുള്ള ഇന്ത്യ മികച്ച സാമ്പത്തിക ശക്തിയായി വളരുമെന്നും പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, AMITSHAH, CRPF, JAMMU, KASHMIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY