ശ്രീകാര്യം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ കേരളപഠന വിഭാഗം സംഘടിപ്പിച്ച അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സ്ത്രീ നാടകക്കളരി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പിന്റെ സ്ത്രീമുന്നേറ്റ സംരംഭമായ 'സമ' ത്തിന്റെ സഹകരണത്തോടെയാണ് നാടകക്കളരി നടത്തുന്നത്.
സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽ നിന്നുള്ള 25 വിദ്യാർത്ഥിനികൾ പങ്കെടുക്കും. ഡോ.സുജ സൂസൻ ജോർജ്ജ്, പ്രമോദ് പയ്യന്നൂർ, ശ്രീജ ആറങ്ങോട്ടുകര, സുധി ദേവയാനി, ഷൈലജ പി. അമ്പു, ആർ. പാർവതി ദേവി, അമൃത, ആർ.എസ്. മാളു, മിനി സുകുമാർ, ജെ. ഷൈലജ, സജിത ശങ്കർ, ഇന്ദിര, ഗാർഗി അനന്തൻ, എസ്. സുനിത, രാജരാജേശ്വരി എന്നിവരുടെ നേതൃത്വത്തിലാണ് ശില്പശാലയും ക്ലാസുകളും കൈകാര്യം ചെയ്യുന്നത്.
ഉദ്ഘാടന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാൻ, ഡോ.എസ്. നസീബ്, കേരളപഠന വിഭാഗം അദ്ധ്യക്ഷൻ ഡോ.സി.ആർ. പ്രസാദ്, ഗവേഷണ വിദ്യാർത്ഥി പ്രതിനിധി പി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
തിയേറ്റർ ആക്ടിവിസ്റ്റായ സജിത മഠത്തിൽ, അദ്ധ്യാപിക രാധാമണി, സർവകലാശാലയിലെ ഏക വനിതാ ട്രാഫിക് വാർഡനായ മായാദേവി എന്നിവരെ ചടങ്ങിൽ ആദരിച്ചു. നവംബർ ഒന്നിന് വൈകിട്ട് 6.30ന് നിയമസഭാ മന്ദിരത്തിൽ നാടകം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |