SignIn
Kerala Kaumudi Online
Saturday, 16 May 2026 3.37 AM IST

ചൈനയിൽ വീണ്ടും റിയൽ എസ്‌റ്റേറ്റ് പ്രതിസന്ധി: കടക്കെണിയിൽ കൈസയും

kaisa-group

ബെയ്ജിംഗ്: ആഗോള സാമ്പത്തിക മേഖലയ്ക്കാകെ ആശങ്കനൽകി ചൈനയിൽ വീണ്ടും റിയൽ എസ്‌റ്റേറ്റ് പ്രതിസന്ധി. പ്രമുഖ ബിൽഡർമാരായ കൈസ ഗ്രൂപ്പാണ് വായ്‌പ തിരിച്ചടയ്ക്കാൻ പോലുമാകാതെ പ്രതിസന്ധിയിലായത്. ചൈനയിൽ റിയൽ എസ്‌റ്റേറ്റ് മേഖല കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്നതിന്റെ ഒടുവിലത്തെ സൂചനയാണ് കൈസയുടെ വീഴ്‌ച.

ഷെൻചെൻ ആസ്ഥാനമായുള്ള കൈസയുടെയും ഉപകമ്പനികളുടെയും ഓഹരി വ്യാപാരം ഹോങ്കോംഗ് ഓഹരി വിപണി നിറുത്തിവച്ചിട്ടുണ്ട്. ചൈനയിലെ രണ്ടാമത്തെ വലിയ റിയൽ എസ്‌റ്റേറ്റ് കമ്പനിയായ ചൈനാ എവർഗ്രാൻഡെ വായ്‌പാ തിരിച്ചടവുകൾ മുടക്കിയത് കഴിഞ്ഞ സെപ്‌‌തംബറിൽ ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലച്ചിരുന്നു.

2008ൽ അമേരിക്കൻ ധനകാര്യസ്ഥാപനമായ ലേമാൻ ബ്രദേഴ്സ് തകരുകയും തുടർന്ന് ആഗോള സാമ്പത്തികമാന്ദ്യം വീശിയടിച്ചതിനും സമാനമായ ഭീഷണിയാണുണ്ടാവുമെന്ന് കരുതപ്പെട്ടെങ്കിലും വായ്‌പാപ്പലിശ തിരിച്ചടച്ച് പ്രതിസന്ധി താത്കാലികമായി എവർഗ്രാൻഡെ ഒഴിവാക്കി. കടക്കെണിക്ക് പുറമേ റേറ്റിംഗ് തകർച്ചയും കൈസയെ വലയ്ക്കുന്നുണ്ട്. മറ്റൊരു റിയൽ എസ്‌റ്റേറ്റ് കമ്പനിയായ മോഡേൺ ലാൻഡും വായ്‌പാ തിരിച്ചടവിന് സാവകാശം തേടിയെന്ന റിപ്പോർട്ടുകളുണ്ട്.

ചൈനയുടെ ചങ്കിടിപ്പ്

കടങ്ങൾ വാരിക്കൂട്ടിയാണ് ചൈനയിലെ റിയൽ എസ്‌റ്റേറ്റ് കമ്പനികൾ ഫ്ളാറ്റുകളും മറ്റും വൻതോതിൽ കെട്ടിപ്പൊക്കിയത്. സമ്പദ്‌ഞെരുക്കം രൂക്ഷമായതോടെ ആയിരത്തിലേറെ പദ്ധതികൾ പാതിവഴിയിൽ നിലച്ചു. പണമടച്ച ഉപഭോക്താക്കൾക്ക് പോലും അപ്പാർട്ട്‌മെന്റുകൾ നൽകാനാകാത്ത സ്ഥിതി.

സിമന്റും കമ്പിയും ഉൾപ്പെടെയുള്ളവ വാങ്ങിയവകയിൽ വീട്ടാനുള്ളത് 10 ലക്ഷം കോടിയോളം രൂപ. ജീവനക്കാരുടെ ശമ്പളവും കുടിശിക. ഇലക്‌ട്രിക് വാഹന നിർമ്മാണം ഉൾപ്പെടെ മറ്റു ബിസിനസിലേക്ക് കളംമാറ്റി പരാജയപ്പെട്ടത് എവർഗ്രാൻഡെയുടെ വലിയ വീഴ്‌ചയ്ക്ക് ഇടവരുത്തി.

വലിയ തിരിച്ചടി

ഒട്ടേറെ ആഗോള കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും ചൈനയിൽ വൻതോതിൽ പണമൊഴുക്കിയിട്ടുണ്ട്. ചൈനീസ് റിയൽ എസ്‌റ്റേറ്റിന്റെ തകർച്ച ഇവയ്ക്ക് വലിയ സാമ്പത്തിക നഷ്‌ടമുണ്ടാക്കും. ഇത്, ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കും.

$31,000 കോടി

എവർഗ്രാൻഡെയുടെ മാത്രം കടബാദ്ധ്യത 31,​000 കോടി ഡോളറാണ് (23 ലക്ഷം കോടി രൂപ)​.

$11,000 കോടി

കൈസ ഗ്രൂപ്പിന്റെ കടബാദ്ധ്യത 11,​000 കോടി ഡോളർ (8.16 ലക്ഷം കോടി രൂപ)​.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, EVERGRANDE, KAISA GROUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360