തിരുവനന്തപുരം: പുതുവർഷത്തിൽ യാത്രക്കാരെ ആകർഷിക്കാൻ കെ.എസ്.ആർ.ടി.സി റിസർവേഷൻ, ക്യാൻസലേഷൻ നിരക്കുകളിൽ ഇളവുകൾ നൽകി. റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നു 10 രൂപയായി കുറച്ചു. 72 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് നിരക്ക് ഈടാക്കില്ല. 72- 48 മണിയ്ക്കൂറിനിടയ്ക്ക് യാത്ര റദ്ദാക്കിയാൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും, 48-24 മണിക്കൂറിനിടയിൽ 25 ശതമാനവും, 24 -12 മണിക്കൂറിനിടയിൽ 40 ശതമാനവും, 12 - 2 മണിക്കൂറിനിടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 50 ശതമാനവും മാത്രമേ റദ്ദാക്കൽ നിരക്കായി ഈടാക്കുകയുള്ളൂ.
ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിന് ശേഷം ടിക്കറ്റ് റദ്ദാക്കാൻ കഴിയില്ല. കെ.എസ്.ആർ.ടി.സിയുടെ ഫ്രാഞ്ചസി, കൗണ്ടർ വഴി റിസർവ് ചെയ്യുന്ന ടിക്കറ്റുകൾ യാത്രക്കാർക്ക് യാത്രാത്തീയതി നിബന്ധനകൾക്ക് വിധേയമായി മാറ്റി നൽകും. ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീർഘ ദൂര യാത്രക്കാർക്ക് രണ്ട് ബസുകളിലായി യാത്ര ഷെഡ്യൂൾ ചെയ്യാം.
നാലുപേരിൽ കൂടുതൽ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന്റെ റിസർവേഷൻ നിരക്ക് മാത്രമേ ഈടാക്കൂ. മടക്ക യാത്ര ടിക്കറ്റ് ഉൾപ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനം ഇളവ് അനുവദിക്കും. അന്തർസംസ്ഥാന ബസുകളിൽ റിസർവ് ചെയ്ത യാത്രക്കാർക്ക് യാത്ര ആരംഭിക്കുന്ന സ്റ്റേഷനിൽ എത്തിച്ചേരുന്നതിന് മറ്റു ബസുകളിൽ സൗജന്യ യാത്രയും അനുവദിക്കും. ഇതിന് വേണ്ടി യാത്രരേഖയും ഐ.ഡി കാർഡും കണ്ടക്ടറെ കാണിക്കണം. ബസ് പുറപ്പെടുന്നതിന് രണ്ടു മണിക്കൂറിനുള്ളിൽ, 30 കിലോ മീറ്റർ ഉള്ള ദൂരത്തിനുള്ളിലാണ് ഈ സൗജന്യം ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |