Kerala Kaumudi Online
Monday, 20 May 2019 6.05 AM IST

റെഡ് 15

red-15

പാഞ്ചാലി ശക്തമായി നടുങ്ങി.

ഒരു നിമിഷം ഇതികർത്തവ്യതാ മൂഢയായി അവൾ തരിച്ചുനിന്നു.

വീണ്ടും ശക്തിയിൽ വാതിലിൽ മുട്ടുന്ന ശബ്ദം. ഒപ്പം പാമ്പു ചീറ്റുന്നതുപോലെ ചന്ദ്രകലയുടെ സ്വരം.

''പാഞ്ചാലീ... എടീ വാതിൽ തുറക്കാൻ."

ഇരുളിൽ, ദിക്ക് അറിയാത്തവളെപ്പോലെ പകച്ചു പാഞ്ചാലി. വാതിൽ തുറക്കാൻ വൈകുന്നത് അപകടമാണെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു.

മിനറൽ വാട്ടറിന്റെ ബോട്ടിൽ അവൾ മേശയുടെ അടിയിലേക്കു നീക്കിവച്ചു. ശേഷം സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് മുറിയിലെ ലൈറ്റു തെളിച്ചു.

പിന്നെ ഉറക്കച്ചടവിന്റെ ഭാവം മുഖത്തു വരുത്തി ചെന്ന് വാതിൽ തുറന്നു.

മുന്നിൽ ഭദ്രകാളിയെപ്പോലെ ചന്ദ്രകല...!

അവൾ പാഞ്ചാലിയെ അടിമുടി നോക്കി.

''എന്താടീ വാതിൽ തുറക്കാൻ താമസിച്ചത്?"

''ഞാൻ... ഒന്നു മയങ്ങിപ്പോയി..." വല്ല വിധേനയും അവൾ പറഞ്ഞൊപ്പിച്ചു.

സംശയത്തോടെ, പാഞ്ചാലിയെ ഒന്നു നോക്കിക്കൊണ്ട് ചന്ദ്രകല അകത്തേക്കു കയറി. പിന്നെ മൂക്കു വിടർത്തി ഒന്നു ശ്വാസം വലിച്ചു.

''എങ്ങനാടീ ഈ മുറിക്കുള്ളിൽ ചിക്കൻ ഫ്രൈയുടെ മണം?"

ശിരസ്സിൽ തീക്കൊള്ളികൊണ്ട് കുത്തേറ്റതു പോലെ പാഞ്ചാലി പിടഞ്ഞു.

''എനിക്കറിയത്തില്ല..."

ചന്ദ്രകലയുടെ കണ്ണുകൾ വട്ടം ചുറ്റി. മേശയ്ക്കടിയിൽ ഇരുന്ന മിനറൽ വാട്ടറിന്റെ ബോട്ടിൽ അവളുടെ കണ്ണിലുടക്കി.

പരുന്ത്, കോഴിക്കുഞ്ഞിനെ റാഞ്ചും പോലെ ഒരു കുതിപ്പിൽ അവൾ അതെടുത്തു.

കുപ്പിക്കു പുറത്ത് വിയർപ്പുപോലെ നനവ്!

അവൾ കുപ്പിയിലേക്കും പാഞ്ചാലിയുടെ മുഖത്തേക്കും മാറിമാറി നോക്കി.

''ഇതെങ്ങനെയാടീ ഈ കുപ്പി ഇവിടെ വന്നത്?"

പാഞ്ചാലി പരുങ്ങി. എങ്കിലും വളരെ പെട്ടെന്ന് അവൾ ഉത്തരം കണ്ടെത്തി.

''ഇത്... ഞാൻ ഇവിടത്തെ ഫ്രിഡ്ജിൽ നിന്നെടുത്തതാ..."

അത് വിശ്വസിക്കാത്തതുപോലെ ചന്ദ്രകല തല കുടഞ്ഞു.

പിന്നെ മുറി മുഴുവൻ പരിശോധനയായി....

അവസാനം..

ഒരു ഭാഗത്ത് ഒളിച്ചുവച്ചിരുന്ന ചപ്പാത്തിയുടെയും ചിക്കൻ ഫ്രൈയുടെയും അവശിഷ്ടങ്ങൾ അടങ്ങിയ പ്ളാസ്റ്റിക് കവർ ചന്ദ്രകല കണ്ടെത്തുകതന്നെ ചെയ്തു.

''ഇതും നീ കോവിലകത്തെ ഫ്രിഡ്ജിൽ നിന്ന് എടുത്തതാണോടീ?"

അവൾ അട്ടഹസിച്ചു.

പാഞ്ചാലിക്ക് ഉത്തരം മുട്ടി.

ചന്ദ്രകല കൈ വീശി അവളുടെ കരണത്ത് ഒന്നു പൊട്ടിച്ചു.

''പറയെടീ. നിനക്കിത് വാങ്ങിക്കൊണ്ടുത്തന്നത് ആരാ? വേഗം പറഞ്ഞോണം."

വിവേകിന്റെ പേരു പറഞ്ഞാൽ മമ്മി ആ കുടുംബം തന്നെ തകർത്തുകളയും! അക്കാര്യത്തിൽ പാഞ്ചാലിക്ക് സംശയമില്ല.

''എടീ പറയാൻ."

ഭക്ഷണത്തിന്റെ വെയിസ്റ്റ് തറയിൽ ഇട്ടിട്ട് ചന്ദ്രകല, പാഞ്ചാലിയുടെ മുടിയിൽ കുത്തിപ്പിടിച്ച് കുലുക്കി.

''കൊല്ലും ഞാൻ... സത്യം പറഞ്ഞോണം."

പാഞ്ചാലിയുടെ കണ്ണുകളിലേക്ക് അറിയാതെ ഒരു തീപ്പൊട്ട് പാറിവീണു. അനുനിമിഷം അത് അവിടെക്കിടന്ന് ജ്വലിക്കാൻ തുടങ്ങി. അവളുടെ അണപ്പല്ലുകൾ ഞെരിഞ്ഞു.

''അറിഞ്ഞിട്ട് നിങ്ങൾക്ക് എന്തുവേണം? നിങ്ങൾ പലരെയും ഈ വിട്ടിൽ കയറ്റി സൽക്കരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ.. അവരൊക്കെ ആരാണെന്നോ നിങ്ങളുമായുള്ള ബന്ധം എന്താണെന്നോ ഞാൻ ചോദിച്ചിട്ടില്ലല്ലോ... അതുകൊണ്ട് ഇതിപ്പോൾ പറയാൻ എനിക്ക് മനസ്സില്ല."

ചന്ദ്രകലയിൽ ഒരു ഞെട്ടൽ!

പിന്നെയത് കുപ്പിയിലേക്കു വഴി മാറി.

''എടീ... നീ..."

പാഞ്ചാലിയുടെ മുടിയിലെ പിടി വിടാതെ ചന്ദ്രകല മുന്നോട്ടു കുതിച്ചു. ശേഷം അവളുടെ ശിരസ്സ് തടിഭിത്തിയിലേക്കു ചേർത്ത് ഒറ്റയിടി.

പാഞ്ചാലിയുടെ വിലാപം പകുതിക്കു മുറിഞ്ഞു. അവളുടെ നെറ്റി പിളർന്ന് ചോര ചീറ്റി.

''നശൂലമേ.."

ചന്ദ്രകല അവളെ കറക്കിയെറിഞ്ഞു. പാഞ്ചാലി കട്ടിലിൽ ചെന്നു വീണു. അടുത്ത നിമിഷം സംഹാര രുദ്ര‌യെപ്പോലെ അവൾ സടകുടഞ്ഞെണീറ്റു. പത്തി തല്ലിച്ചതച്ച ഒരു സർപ്പത്തെപ്പോലെ തോന്നിച്ചു അവളുടെ മുഖം...

നെറ്റിയിലേക്കും കണ്ണുകൾക്കു മീതെയും ഒഴുകിയിറങ്ങിയ ചോര കൈപ്പത്തികൊണ്ട് വടിച്ചെറിഞ്ഞു പാഞ്ചാലി. തുടർന്ന് ചീറി:

''ഇനി എന്നെ തൊട്ടാൽ... കൊല്ലും ഞാൻ... ചവുട്ടി പുറത്താക്കും ഞാൻ. എന്റെ പപ്പയുടെ ബന്ധുക്കളെ വിളിച്ചുവരുത്തും. നിങ്ങടെ ദുർനടപടികൾ മുഴുവൻ വിളിച്ചുപറയും... ഓർത്തോ... കൽത്തുറുങ്കിലായിരിക്കും നിങ്ങടെ ജീവിതം..."

അവൾ വല്ലാതെ കിതച്ചു.

നെഞ്ചിടം ക്രമാതീതമായി ഉയർന്നു താണു: ശ്വാസം വലിച്ചെടുത്തുകൊണ്ട് പാഞ്ചാലി തുടർന്നു:

''പ്രജീഷ് എന്നു പറയുന്ന നീചനും മാന്യതയുടെ മൂടുപടമണിഞ്ഞ എം.എൽ.എ ശ്രീനിവാസ കിടാവും ആരാണ് നിങ്ങൾക്കെന്ന് പറയേണ്ടിവരും. എന്റെ പപ്പയുടെ മരണത്തിനു പിന്നിൽ കിടാവാണെന്ന് ഞാൻ ഈ ലോകത്തെ അറിയിക്കും. നിങ്ങൾ എന്റെ മമ്മി അല്ലെന്നും..."

തറയിൽ ഒട്ടിപ്പോയതുപോലെ നിന്നുപോയി ചന്ദ്രകല.

പാഞ്ചാലിയിൽ ഇങ്ങനെ ഒരു മാറ്റം! അത് അവൾ സ്വപ്‌നേപി ചിന്തിച്ചിരുന്നതല്ല...

''ഇറങ്ങെടീ എന്റെ മുറിയിൽ നിന്ന്."

കട്ടിലിൽ നിന്ന് ചാടിയെണീറ്റ അവൾ പുറത്തേക്കു കൈചൂണ്ടി അലറി.

ജനാലയിലൂടെ വീശിവന്ന കാറ്റിൽ പാഞ്ചാലിയുടെ മുടിയിഴകൾ ഇളകി...

കറുത്ത നൂൽ സർപ്പങ്ങളെപ്പോലെ!

(തുടരും)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY