ശ്രീനഗർ: ഒരു ഇടവേളയ്ക്കുശേഷം ജമ്മുകാശ്മീരിൽ വീണ്ടും ഡ്രോൺ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രി പതിനൊന്നുമണിയോടെ ജമ്മുവിലെ പൗനി ചൗക് മേഖലയിലാണ് ഡ്രോൺ കണ്ടെത്തിയത്. നാട്ടുകാർ സുരക്ഷാ സേനയെ വിവരമറിയിച്ചതോടെ അവരെത്തി ഡ്രോൺ കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയിൽ പ്രശ്നമുള്ളതായി ഒന്നും കണ്ടെത്താനായില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. വിവാഹച്ചടങ്ങുകൾക്കും ഫോട്ടോ ഷൂട്ടിനും ഉപയോഗിക്കുന്ന തരത്തിലുള്ള ഡ്രോണാണ് ഇതെന്നാണ് കരുതുന്നത്. എന്നാൽ എവിടെ നിന്നാണ് ഇത് എത്തിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഡ്രോണുകളുടെ സാന്നിദ്ധ്യം വർദ്ധിച്ചുവരുന്നതിനാൽ കാശ്മീരിലെ മൂന്നുജില്ലകളിൽ ഡ്രോണുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. കഴിഞ്ഞവർഷം ജൂൺ 27ന് എയർബേസിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.അതിനുശേഷം കാശ്മീരിലെ പലഭാഗത്തും ഡ്രോണുകൾ പ്രത്യേക്ഷപ്പെട്ടിരുന്നു. പാക് അതിർത്തിക്കപ്പുറത്തുനിന്നെത്തിയ ചില ഡ്രോണുകളെ സൈന്യം വെടിവച്ചിടുകയും ചെയ്തിരുന്നു. ഇന്ത്യ ശക്തമായ താക്കീതുനൽകിയതോടെ ഡ്രോൺ ഭീഷണി കുറഞ്ഞിട്ടുണ്ട്. അതിർത്തിക്കപ്പുറത്തുനിന്ന് ഭീകരർക്ക് ആവശ്യമായ ആയുധങ്ങളും മറ്റും എത്തിക്കാനാണ് പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതെന്നാണ് കരുതുന്നത്. വിമാനത്താവളങ്ങൾ ഉൾപ്പടെയുള്ള തന്ത്രപ്രധാന മേഖലകൾക്ക് സമീപത്താണ് ഡ്രോണുകളുടെ സാന്നിദ്ധ്യം കൂടുതൽ കണ്ടെത്തിയതെന്ന് ആശങ്ക ശരിവയ്ക്കുന്നു.