തിരുവനന്തപുരം: സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് ആനാവൂർ നാഗപ്പനെത്തുന്നത് ഹാട്രിക്ക് കരുത്തോടെ. വെല്ലുവിളികളെ നേരിട്ട് ജില്ലയിൽ പാർട്ടിയെ മുന്നോട്ട് നയിക്കുന്നതിലുള്ള സംഘടനാ മികവാണ് ആനാവൂരിനെ മൂന്നാംവട്ടവും തുണച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ വൻമുന്നേറ്റവും വലിയ ഘടകമായി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ ആനാവൂർ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. വിദ്യാർത്ഥി യുവജന മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തേക്കുവന്ന ആനാവൂർ കർഷകത്തൊഴിലാളി മേഖലയിലാണ് കേന്ദ്രീകരിച്ചത്. നിരവധി ഭൂസമരങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.
കടകംപള്ളി സുരേന്ദ്രൻ 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ആനാവൂർ ആദ്യം സെക്രട്ടറിയായത്. പിന്നീട് 2018ലും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ പഞ്ചായത്തിലെ ആനാവൂർ ദീപാസിലാണ് താമസം. ശശികലയാണ് ഭാര്യ. ദീപു,ദീപ എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |