കൊച്ചി: സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി സ്പൈസസ് ബോർഡ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഓൺലൈൻ സ്പൈസ് പോർട്ടൽ കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സോം പർകാശ് ഉദ്ഘാടനം ചെയ്തു. കൊവിഡ് ഭീഷണിയിലും ഇന്ത്യയുടെ സഗുന്ധവ്യഞ്ജന കയറ്റുമതി വർദ്ധിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 225ലേറെ സുഗന്ധവ്യഞ്ജനങ്ങളും ഉത്പ്പന്നങ്ങളുമാണ് 180 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി വർദ്ധന, മൂല്യവർദ്ധന, ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവയിലാണ് ഇന്ത്യ ശ്രദ്ധിക്കുന്നത്.
സ്പൈസസ് ബോർഡ് സംഘടിപ്പിച്ച ചടങ്ങിൽ ഓൺലൈനായാണ് കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
സ്പൈസ്എക്സ്ചേഞ്ച്.കോം എന്ന പോർട്ടലിന്റെ വിശദവിവരങ്ങൾ ബോർഡ് സെക്രട്ടറി ഡി. സത്യൻ വിശദീകരിച്ചു. ഇന്ത്യയിലെ സ്പൈസ് കയറ്റുമതി സ്ഥാപനങ്ങളേയും ആഗോള ഇറക്കുമതി സ്ഥാപനങ്ങളേയും കൂട്ടിയിണക്കുന്ന 3ഡി വിർച്വൽ സേവനം നൽകുന്നതാണ് പോർട്ടൽ. ഇടപാടുകാരുമായി വിർച്വൽ മീറ്റിംഗുകൾ നടത്താനും സൗകര്യമുണ്ട്.
കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി ദിവാകർ നാഥ് മിശ്ര, യു.കെയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഗായത്രി ഇസ്സാർ കമാർ, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ധാക്കയിലെ ഹൈക്കമ്മിഷണർ കെ. ദൊരൈസ്വാമി, ബീജിംഗിലെ ഡെപ്യൂട്ടി ചീഫ് ഒഫ് മിഷൻ അക്വിനോ വിമൽ വിശിഷ്ഠാതിഥികളായി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |