SignIn
Kerala Kaumudi Online
Saturday, 28 May 2022 7.30 AM IST

ബേബി ഡാമിലെ മരംമുറി; നവംബർ അഞ്ചിന് തന്നെ ഉത്തരവിന്റെ കാര്യം ജലവിഭവ, വനം സെക്രട്ടറിമാരെ അറിയിച്ചിരുന്നു

mullaperiyar-dam

തിരുവനന്തപുരം: വനം-വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറിയുമായും ജലവിഭവ അഡിഷണൽ ചീഫ് സെക്രട്ടറിയുമായും മതിയായ കൂടിയാലോചനകൾക്ക് ശേഷമാണ് നവംബർ അഞ്ചിന്റെ ഉത്തരവിറക്കിയതെന്നും, അന്നുതന്നെ രണ്ട് ഉദ്യോഗസ്ഥരെയും ഇ-മെയിലിലൂടെയും പ്രത്യേക ദൂതൻ വഴിയും വിവരമറിയിച്ചിരുന്നുവെന്നും ചീഫ്സെക്രട്ടറിക്ക് സമർപ്പിച്ച വിശദീകരണക്കുറിപ്പിൽ മുഖ്യ വന്യജീവി വാർഡൻ ബെന്നിച്ചൻ തോമസ്.

തന്റെ ഉത്തരവ് തമിഴ്നാടുമായുള്ള ബന്ധം മെച്ചപ്പെടുത്തിയിട്ടേയുള്ളൂ. കേന്ദ്രസർക്കാരുമായും വിവാദത്തിന്റെ കാര്യമില്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം ജോയിന്റ് സെക്രട്ടറി സഞ്ജയ് അവസ്തി സംസ്ഥാന ജലവിഭവ അഡിഷണൽ ചീഫ്സെക്രട്ടറിക്കയച്ച കത്ത് വ്യക്തമാക്കുന്നുണ്ടെന്നും ബെന്നിച്ചൻ തോമസ് ചൂണ്ടിക്കാട്ടി.

സഞ്ജയ് അവസ്തി നവംബർ എട്ടിനാണ് സംസ്ഥാന അഡിഷണൽ ചീഫ്സെക്രട്ടറി ടി.കെ. ജോസിന് കത്തയച്ചത് എന്നിരിക്കെ, ബെന്നിച്ചൻ ഉത്തരവിറക്കിയതിനെപ്പറ്റി അഡിഷണൽ ചീഫ്സെക്രട്ടറി അറിഞ്ഞില്ലെന്ന ജലവിഭവ വകുപ്പിന്റെ വാദം വീണ്ടും പൊളിയുകയാണ്.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർത്തുന്നതിലുള്ള കേരളത്തിന്റെ ആശങ്കയറിയിച്ച് ഒക്ടോബർ 23ന് ജലവിഭവ അഡിഷണൽ ചീഫ്സെക്രട്ടറി അയച്ച കത്തിനുള്ള മറുപടിയായാണ് അവസ്തിയുടെ കത്ത്. കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന മേൽനോട്ടസമിതി യോഗത്തിന്റെ നിർദ്ദേശം എടുത്തുപറയുന്ന കത്തിൽ, തമിഴ്നാട് സർക്കാരിന്റെ അപേക്ഷ പരിഗണിച്ച് ബേബി ഡാമും എർത്തെൻ ഡാമും ബലപ്പെടുത്താനാവശ്യമായ അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്.

മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര കൂടിയാലോചന വേണമെന്ന് ഒക്ടോബർ 25ന് സുപ്രീംകോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് 26ന് തന്നെ മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചേർന്നത്. ബേബിഡാമിന്റെ അവശേഷിച്ച ബലപ്പെടുത്തൽ നടപടിയും അനുബന്ധ റോഡിന്റെ അറ്റകുറ്റപ്പണിയും തമിഴ്നാട് സർക്കാരിന് നടത്തുന്നതിനായി വനംവകുപ്പിന്റെ അവശേഷിക്കുന്ന അനുമതികളെല്ലാം കേരളസർക്കാർ ത്വരിതപ്പെടുത്തണമെന്ന് ആ യോഗത്തിന്റെ മിനുട്സിലുണ്ട്.

മുല്ലപ്പെരിയാർ മേൽനോട്ടസമിതിയിലെ കേരള പ്രതിനിധി ജലവിഭവ അഡിഷണൽ ചീഫ്സെക്രട്ടറിയാണ്. 23 മരങ്ങൾ മുറിച്ചുമാറ്റാനാണ് തമിഴ്നാട് തുടക്കത്തിൽ അനുമതി തേടിയിരുന്നത്. കേരള വനംവകുപ്പ് വിയോജിപ്പുകളുന്നയിച്ചതിനാൽ കഴിഞ്ഞവർഷം ഫെബ്രുവരി 19ന് ചേർന്ന മേൽനോട്ടസമിതി യോഗ തീരുമാനപ്രകാരം കേരള വനം ഉദ്യോഗസ്ഥരും തമിഴ്നാട് ഡാം അധികൃതരും ജൂൺ 11ന് സംയുക്തപരിശോധന നടത്തി. 23ൽ 15 എണ്ണം മുറിക്കാമെന്ന് കണ്ടെത്തി. സുപ്രീംകോടതി നേരത്തേയുണ്ടായ വിധിയുടെ പശ്ചാത്തലത്തിൽ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ബേബിഡാമിന് സമീപത്തെ മരങ്ങളും കുറ്റിച്ചെടികളും നീക്കം ചെയ്യാൻ തമിഴ്നാടിന് അടിയന്തരാനുമതി നൽകാൻ രേഖാമൂലം 2020 ഒക്ടോബർ 19ന് ജലവിഭവ വകുപ്പ് വനംവകുപ്പിനോട് നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞ വർഷം ജൂലായ് 13നും സെപ്റ്റംബർ 20നും രണ്ട് റിമൈൻഡറുകളും അയച്ചു. ആക്‌ഷൻ ടേക്കൺ റിപ്പോർട്ട് സഹിതം മറുപടി അറിയിക്കാനായിരുന്നു നിർദ്ദേശമെന്നും ബെന്നിച്ചൻ ചൂണ്ടിക്കാട്ടുന്നു. മുമ്പ് 1984ലും 2005ലും വനംവകുപ്പിലെ ഡിവിഷണൽ തലത്തിലുള്ള ഉദ്യോഗസ്ഥർ നേരിട്ട് ഇവിടെ മരംമുറിക്ക് അനുമതി നൽകുകയും അതനുസരിച്ച് മുറിച്ചുമാറ്റുകയും ചെയ്തിട്ടുണ്ടെന്നും ബെന്നിച്ചൻ ചൂണ്ടിക്കാട്ടി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MULLAPERIYAR DAM
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.