SignIn
Kerala Kaumudi Online
Saturday, 21 September 2024 10.36 AM IST

അങ്കണവാടികളെ ജനസേവനകേന്ദ്രങ്ങളാക്കി ഉയർത്തും

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം:ജില്ലയിലെ അങ്കണവാടികളെ ജനസേവനകേന്ദ്രമെന്ന നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനവുമായി ജില്ലാ പഞ്ചായത്ത് ബഡ്‌ജറ്റ് വൈസ് പ്രസിഡന്റ് എ.ഷൈലജ ബീഗം അവതരിപ്പിച്ചു. സ്വന്തമായി ഭൂമിയും കെട്ടിടവുമുള്ള 20 അങ്കണവാടികളെ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളുമായി സഹകരിച്ച് മാതൃക ജനസേവനകേന്ദ്രങ്ങളാക്കി മാറ്റുന്നതാണ് പദ്ധതി. ഇവിടങ്ങളിൽ യുവജനങ്ങൾക്കായി പി.എസ്.സി കോച്ചിംഗ് ക്ലാസുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.ജില്ലയിലെ അടിസ്ഥാനസൗകര്യ വികസനങ്ങൾക്കും പൊതുകെട്ടിടങ്ങളുടെ നവീകരണങ്ങൾക്കുമായി 110 കോടി രൂപയാണ് വകയിരുത്തിയത്.കാർഷിക മേഖലയ്‌ക്ക് മാത്രമായി 14.96 കോടി രൂപയും മാറ്രിവച്ചു.കേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നാളികേര ഉത്‌പാദനത്തിൽ സ്വയംപര്യാപ്‌തത നേടുന്നതിനും വേണ്ടി 2 കോടി രൂപയുടെ പ്രഖ്യാപനമുണ്ടായി.1850 ഹെക്‌ടർ നെൽകൃഷിക്കായി ഒന്നരകോടി രൂപ നൽകും.ജൈവ ഉത്‌പന്നങ്ങൾ വിപണനം ചെയ്യാൻ ജൈവകേന്ദ്രങ്ങൾ ആരംഭിക്കും.കർഷകർക്ക് കറവപ്പശുക്കളെ വാങ്ങാൻ 50 ലക്ഷം രൂപയാണ് മാറ്റിവച്ചത്. ക്ഷീര കർഷകർക്ക് ഒരു ലിറ്റർ നാല് രൂപ നിരക്കിൽ രണ്ടരക്കോടി രൂപയും നീക്കിവയ്‌ക്കും.പൊതു ജലാശയത്തിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിനായി 10 ലക്ഷം രൂപയും ലൈവ് ഫിഷ് സ്റ്റാൾ തുടങ്ങുന്നതിന് 30 ലക്ഷം രൂപയും വകയിരുത്തി.പരമ്പരാഗത വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ 3 കോടി രൂപയുടെ പ്രഖ്യാപനമുണ്ടായി.പട്ടികജാതി പട്ടിക വർഗങ്ങളുടെ വികസനത്തിനായും കോടികളാണ് ബഡ്‌ജറ്റിൽ മാറ്റിവച്ചത്.ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമുകളിൽ ഹരിത ടൂറിസം പദ്ധതി നടപ്പാക്കും.കൃഷി - മൃഗസംരക്ഷണ ഫാമുകളിൽ ഓട്ടോമാറ്രിക് വെതർ സ്റ്റേഷൻ സ്ഥാപിക്കും.എസ്.സി കോളനികളുടെ സമഗ്രവികസനത്തിന് 10 കോടി,പട്ടികവർഗ വിദ്യാർത്ഥികൾക്ക് ബോർഡിംഗ് സൗകര്യത്തിനായി 10 ലക്ഷം തുടങ്ങിയവയാണ് പ്രഖ്യാപനങ്ങൾ.ആകെ 850.92 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റിൽ 844.12 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ശ്രദ്ധേയമായ മറ്റ് പ്രഖ്യാപനങ്ങൾ

സ്‌ത്രീകൾക്കായി ജ്വാല എന്ന പേരിൽ തൊഴിൽസംഘം

 വാർഡുകളിൽ കരുതൽ ജാഗ്രതാസമിതികൾ

 ജില്ലാ ആശുപത്രികളിൽ 'സുരക്ഷ' ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകൾ

 ഷീ ലോഡ്‌ജും സ്‌ത്രീ സൗഹൃദയിടവും സ്ഥാപിക്കും

 സ്‌ത്രീജന്യ ജീവിതശൈലീ രോഗങ്ങൾക്ക് പ്രത്യേക ചികിത്സാപദ്ധതി 'കൂട്'

 വട്ടിയൂർക്കാവിൽ സ്‌ത്രീകൾക്കായി വൺഡേ സ്റ്റേഹോം

 വിവിധ അഗതിമന്ദിരങ്ങളുടെ വികസനത്തിന് 10 ലക്ഷം

 10 ട്രാൻസ്‌ജെൻഡറുകൾക്ക് വീട്

 കൗമാരക്കാർക്കും പ്രീമാരിറ്റൽ കൗൺസലിംഗിനുമായി 'കിളിവാതിൽ' പദ്ധതി

 ഭിന്നശേഷിക്കാർക്ക് സ്‌കോളർഷിപ്പിന് 3.5 കോടി

 ഓട്ടിസം ബാധിച്ചവർക്ക് 'ദിവ്യാംഗകളരി'

 ഭിന്നശേഷി കലോത്സവത്തിന് 10 ലക്ഷം

 ടി.ബി രോഗികൾക്ക് പോഷകാഹാര പദ്ധതിക്കായി 15 ലക്ഷം

 6 എയ്‌ഡ്‌സ് രോഗികൾക്ക് വീട്

ക്ലാസിൽ കയറിയില്ലെങ്കിൽ പൊക്കും

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിൽ ഹാജരാകാത്ത വിദ്യാർത്ഥികളുടെ വിവരം രക്ഷിതാക്കളെ എസ്.എം.എസ് വഴി അറിയിക്കാൻ ദൃഷ്‌ടി എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷന് രൂപംകൊടുക്കും.10 ലക്ഷം രൂപയുടെ പദ്ധതിയാണിത്.

 സ്‌കൂളുകളിൽ മികച്ച ഗ്രൗണ്ടൊരുക്കാൻ 2 കോടി

 സുന്ദരബാല്യം സുരക്ഷിത ബാല്യം പദ്ധതിക്കായി 50 ലക്ഷം

സൗജന്യമായി കീമോതെറാപ്പിയും മരുന്നും

അർബുദ രോഗികൾക്ക് സൗജന്യമായി കീമോതെറാപ്പിയും മരുന്നും

 ജില്ലാ ആശുപത്രികളിൽ പെറ്ര് സ്‌കാൻ സൗകര്യം

 വിതുര,പേരൂർക്കട, നെടുമങ്ങാട് എന്നിവിടങ്ങളിൽ സെക്കൻഡറി പാലിയേറ്റീവ് വാർഡുകൾ

 വർക്കല,വിതുര ആയുർവേദ ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾക്ക് 3 കോടി

 ആശ്വാസ് പദ്ധതിക്കായി 2 കോടി

സീറോ കാർബൺ ജില്ല

ഹരിത വാതകങ്ങളായ കാർബൺ ഡൈ ഓക്‌സൈഡ്, മീതൈൽ എന്നിവയുടെ അളവ് കുറയ്‌ക്കാൻ ഹൈസ്‌കൂൾ,ഹയർസെക്കൻഡറി സ്‌കൂളുകളെ സോളാർ പവർ അധിഷ്‌ഠിതമാക്കുന്നതിലേക്കായി ജില്ലയിലെ 50 സ്‌കൂളുകൾക്കുമായി 5 കോടി രൂപ അനുവദിച്ചു. എല്ലാ സ്‌കൂളുകളിലും മിയോവാക്കി വനം,കിണർ റീച്ചാർജിംഗ് എന്നിവ നടപ്പിലാക്കും. ഏറ്റവും മികച്ച സ്‌കൂളുകൾക്ക് അവാർഡ് നൽകും.

 സമസ്‌ത മേഖലയെയും പരാമർശിച്ച ബഡ്‌ജറ്റ്: ഡി. സുരേഷ്‌കുമാർ

സമസ്‌ത മേഖലയെയും പരാമർശിച്ച ബഡ്‌ജറ്റാണ് അവതരിപ്പിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മികച്ച തൊഴിൽദാതാവ് ആകാനാണ് ബഡ്‌ജറ്രിലൂടെ ജില്ലാ പഞ്ചായത്ത് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നെയിംപ്ലേറ്റ് മാറ്റിയ ബഡ്‌ജറ്റെന്ന് പ്രതിപക്ഷം

പഴയ പദ്ധതികളുടെ നെയിംപ്ലേറ്റ് മാറ്റിയാണ് ബഡ്‌ജറ്റ് അവതരിപ്പിച്ചതെന്ന വിമർശനവുമായി ജില്ലാ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ. ബഡ്‌ജറ്റ് അവതരണം കഴിഞ്ഞ് ഉച്ചയ്‌ക്ക് ശേഷം നടന്ന ചർച്ചയിലാണ് കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയത്. കഴിഞ്ഞപ്രാവശ്യം പരാജയപ്പെട്ട പദ്ധതികൾക്ക് ഇത്തവണയും തുക മാറ്രിയത് പരിഹാസ്യമാണ്. നല്ല പദ്ധതികളോടുള്ള അസൂയയാണ് പ്രതിപക്ഷ വിമർശനത്തിന് കാരണമെന്ന് ഭരണപക്ഷ അംഗങ്ങൾ തിരിച്ചടിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.