ന്യൂഡൽഹി:സിവിൽ സർവീസസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഇന്ത്യൻ പൊലീസ് സർവീസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ത്യൻ റെയിൽവെ സുരക്ഷാ സേന (ഐ.ആർ.പി.എഫ്.എസ്) ഡൽഹി, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർ ഹവേലി, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷദ്വീപ് പൊലീസ് സേന (ഡി.എ.എൻ.ഐ.പി.എസ്) എന്നീ സർവീസുകളിലേക്കും അപേക്ഷിക്കാൻ ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ, ജസ്റ്റിസ് അഭയ് എസ്.ഓക എന്നിവരടങ്ങിയ ബെഞ്ച് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ നിയമനം ഉൾപ്പെടെയുള്ള തുടർ നടപടികളിലെ തീരുമാനം സുപ്രീം കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും. ഹർജിയിൽ മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം വേണമെന്നറിയിച്ചതിനെ തുടർന്ന് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. ഏപ്രിൽ 18 ന് ഹർജിയിൽ വീണ്ടും വാദം കേൾക്കും.
നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഒഫ് ദി ഡിസബ്ൾസ് എന്ന സന്നദ്ധ സംഘടനയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |