രണ്ട് പേർക്ക് പരിക്ക്
അമ്പലപ്പുഴ : ദേശീയപാതയിൽ പുന്നപ്ര അറവുകാട് ഭാഗത്ത് നിയന്ത്രണം തെറ്റിയ ലോറി വൈദ്യുതി പോസ്റ്റുകളിലിടിച്ച് രണ്ടു പേർക്കു പരിക്കേറ്റു. അപകടത്തെ തുടർന്ന് എട്ടു വൈദ്യുതി പോസ്റ്റ് നിലം പൊത്തിയതിനെത്തുടർന്ന് മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി നിലച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. കൊല്ലത്തുനിന്നു കണ്ണൂരിലേക്ക് പോയ ലോറി റോഡരികിലെ പോസ്റ്റുകളിലിടിച്ച ശേഷം പോളിടെക്നിക്കിന്റെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ലോറി ഡ്രൈവർ കണ്ണൂർ കതിരൂർ സ്വദേശി ജിൻസൺ ടോൺ (31) , കണ്ണൂർ മന്നാരിക്കുഴി പാലം സോണി (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട സമയത്ത് റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. പോസ്റ്റ് ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ട് ഓടിക്കൂടിയ അറവുകാട് കോളനി നിവാസികളാണ് പുന്നപ്ര വൈദ്യുതി ഓഫിസിൽ വിവരമറിയിച്ചത്. പകൽ 11 ഓടെയാണ് ഒടിഞ്ഞു വീണ പോസ്റ്റുകൾ മാറ്റി സ്ഥാപിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |