രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി രാജസ്ഥാൻ
ചെന്നൈയെ 5 വിക്കറ്റിന് കീഴടക്കി
മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി സഞ്ജു സാംസൺന്റെ രാജസ്ഥാൻ റോയൽസ് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാൻ യശ്വസി ജയ്സ്വാളിന്റെയും ആർ. അശ്വിന്റേയും തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിൽ 2 പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (151/5).
യശ്വസി 44 പന്തിൽ 8 ഫോറും 1 സിക്സും ഉൾപ്പെടെ 59 റൺസ് നേടിയപ്പോൾ അശ്വിൻ 23 പന്തിൽ 2 ഫോറും 3 സിക്സും ഉൾപ്പെടെ 40 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്ടൻ സഞ്ജു സാംസൺ 15 റൺസ് നേടി. അവസാന ഓവറുകളിൽ പതറാതെ പൊരുതിയ അശ്വിൻ റയാൻ പരാഗിനെ (10 ) കൂട്ടുപിടിച്ച് രാജസ്ഥാനെ വിജയതീരത്തെത്തിക്കുകയായിരുന്നു. കളിയിലെ താരമായതും ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ അശ്വിനാണ്. ചെന്നൈക്കായി പ്രശാന്ത് സോളങ്കി 2 വിക്കറ്റ് വീഴ്ത്തി.
നേരത്തേ 57 പന്തിൽ 13 ഫോറും 3 സിക്സും ഉൾപ്പെടെ 93 റൺസെടുത്ത മോയിൻ അലിയാണ് ചെന്നൈയെ ഭേദപ്പെട്ട ടോട്ടലിൽ എത്തിച്ചത്. അലിയുടെ വെടിക്കെട്ടിന്റെ പിൻബലത്തിൽ ആദ്യ 6 ഓവറിൽ 75 റൺസ് നേടിയ ചെന്നൈയ്ക്ക് പക്ഷേ പിന്നീടുള്ള 74 പന്തിൽ 75 റൺസേ നേടാനായുള്ളൂ.
മദ്ധ്യ ഓവറുകളിൽ കൃത്യമായ ബൗളിംഗ് ചേഞ്ചുമായി ക്യാപ്ടൻ സഞ്ജു സാംസണും കൃത്യതയോടെ പന്തെറിഞ്ഞ് ബൗളർമാരും ചെന്നൈ ബാറ്റിംഗ്നിരയെ പ്രതിസന്ധിയിലാക്കുകയായിരുന്നു. രണ്ട് തവണ സഞ്ജു ക്യാച്ച് മിസാക്കിയതിനെത്തുടർന്ന് ലൈഫ് കിട്ടിയ ചെന്നൈ ക്യാപ്ടൻ ധോണിക്ക് പക്ഷേ അത് നന്നായി മുതലാക്കാനായില്ല. ധോണി 26 പന്തിൽ ധോണി 28 റൺസെടുത്തു. ഓപ്പണർ ഡെവോൺ കോൺവേയാണ് (16) അലിയ്ക്കും ധോണിക്കും പുറമെ രണ്ടക്കം കണ്ട ചെന്നൈ ബാറ്റർ. രാജസ്ഥാനായി യൂസ്വേന്ദ്ര ചഹലും ഒബെദ് മക്കോയും 2 വിക്കറ്റ് വീതം വീഴ്ത്തി. അശ്വിൻ, ബൗൾട്ട് എന്നിവർ ഓരോ വിക്കറ്റ് നേടി.
14 മത്സരങ്ങളിൽ നിന്ന് 18 പോയിന്റാണ് രാജസ്ഥാന് ഉള്ളത്. 24 ന് നടക്കുന്ന ഒന്നാം ക്വാളിഫയറിൽ രാജസ്ഥാൻ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
ഡൽഹിക്കും ബാംഗ്ലൂരിനും
നിർണായകം
ഐ.പി.എല്ലിൽ ഇന്ന് നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് മുംബയ് ഇന്ത്യൻസിനെ നേരിടും. ഇന്നത്തെ മത്സരം ജയിച്ചാൽ ഡൽഹിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മറികടന്ന് പ്ലേ ഓഫിൽ കയറാം. ഡൽഹി തോറ്റാൽ ബാംഗ്ലൂർ പ്ലേ ഓഫ് ഉറപ്പിക്കും. രാത്രി 7.30 മുതലാണ് ഡൽഹി - മുംബയ് പോരാട്ടം.