ആലപ്പുഴ: വേനൽ മഴ കടുത്തതോടെ ലോഡ് വരവ് കുറഞ്ഞതോടെ പച്ചക്കറി വിപണിയിൽ ഓരോ ദിവസം ചെല്ലുംതോറും വില ഉയരുന്നു. തക്കാളി, മുരിങ്ങക്കായ്, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീൻസ്, വള്ളിപ്പയർ, വഴുതന,വെള്ളരി,വെണ്ട,പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞ ആഴ്ചയിലേക്കാൾ കിലോഗ്രാമിന് 10 മുതൽ 80 രൂപ വരെയാണ് വർദ്ധിച്ചത്. ഒരാഴ്ചമുമ്പ് വരെ തക്കാളിക്ക് 30മുതൽ 40രൂപയായിരുന്നു. മുരിങ്ങക്കായ്ക്ക് 20മുതൽ 25രൂപയുമാണ് വില. ഇന്നലെ അത് യഥാക്രമം തക്കാളിയ്ക്ക് 120രൂപയും മുരിങ്ങയ്ക്കാക്ക് 135 രൂപയായിരുന്നു. അതേ സമയം സവാളയ്ക്ക് 30 രൂപ, കിഴങ്ങിന് 35രൂപ എന്നിങ്ങനെയാണ് മൊത്തവില.
സർക്കാർ സംരംഭമായ ഹോർട്ടികോർപിലും പൊതുവിപണിയേക്കാൾ നേരിയ വിലക്കുറവേയുള്ളൂ. മഴയെ തുടർന്ന് ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. ചൂടിന്റെ കാഠിന്യവും ജലക്ഷാമവും തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ കൃഷിയെ കാര്യമായി ബാധിച്ചു. എന്നാൽ,മൊത്തവ്യാപാരികൾ മന:പൂർവം വില വർദ്ധിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. വില നിയന്ത്രിക്കാനായി പഞ്ചായത്തുതോറും കൃഷിഭവൻ വഴി ആഴ്ച ചന്തകൾ പ്രവർത്തിക്കുന്നതാണ് ഉപഭോക്താക്കൾക്ക് ഏക ആശ്വാസം.
. കഴിഞ്ഞ ആഴ്ച വലിയ സവാളയ്ക്ക് കിലോഗ്രാമിന് 20 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഇത് 35 രൂപയായി. ചെറിയ സവാളയുടെ വില 40 രൂപയിൽ നിന്ന് 45 രൂപയായി. ഇതിനൊപ്പം അരിവിലയും കുത്തനേ കൂടിയിട്ടുണ്ട്. ജയ അരിയുടെ വരവ് ആന്ധ്രയിൽ നിന്ന് വരവ് കുറഞ്ഞു. കിലോയ്ക്ക് ഏഴ് രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 40രൂപയിൽ നിന്ന് 47രൂപയായി വർദ്ധിച്ചു. മീഡിയം വെള്ള അരിക്ക് 43രൂപ കൊടുക്കണം. വില വർദ്ധന കടകളിൽ എത്തുമ്പോഴാണ് ഉപഭോക്താക്കൾ അറിയുന്നത്. ഇന്ധന വില വർദ്ധനവും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.
.......................................................................
ഇന്നലത്തെ പച്ചക്കറി വില
കിലോഗ്രാമിന്
(ബ്രായ്ക്കറ്റിൽ കഴിഞ്ഞ ആഴ്ചയിലെ വില)
ചുവന്നുളളി: 40 (30)
കിഴങ്ങ്: 35 ( 30)
സവാള വലുത്: 30 (20)
സവാള ചെറുത്: 40(45)
ഇഞ്ചി: 60 (55)
കോവയ്ക്ക: 50 (40)
തക്കാളി: 120 (30)
പച്ചക്കായ: 40 40)
കാബേജ്: 40 (30)
വെളുത്തുളളി: 80 (70)
ബീൻസ്: 110 (70)
വള്ളിപ്പയർ: 60 (50)
കാരറ്റ്: 50 (58)
വഴുതന: 50 (43)
വെണ്ടയ്ക്ക: 50 (40)
പാവയ്ക്ക: 60 (55)
മത്തങ്ങ: 30 (25)
പടവളം: 50 (35)
മുരിങ്ങയ്ക്ക: 130 (30)
തടിയൻ: 30 (25)
വെള്ളരി: 30 (25)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |