ചാരുംമൂട് : ഒരുമിച്ച് പിറന്ന നാൽവർ സംഘം ഒന്നാം ക്ളാസിലേക്കെത്തിയ പള്ളിക്കൽ ഗവ.എസ്.കെ.വി എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിന് മാറ്റു കൂട്ടി, നൂറുവയസുകാരിയും തുല്യതാ പരീക്ഷയിലെ ഒന്നാം റാങ്കുകാരിയുമായ കാർത്ത്യായനി അമ്മയുമെത്തി. 'ചുറുചുറുക്കോടെ" കാർത്ത്യായനിയമ്മ കുരുന്നുകൾക്കൊപ്പം ചിരിച്ചും കളിച്ചും അവരിലൊരാളായി മാറിയത് കണ്ടു നിന്നവർക്ക് വേറിട്ട അനുഭവമായി. ക്ഷീരദിനം കൂടിയായ ഇന്നലെ പാലമേൽ ക്ഷീരോത്പാദക സഹകരണ സംഘത്തിലെ കർഷകർ തയ്യാറാക്കി നൽകിയ പാൽപ്പായസം കൂടിയായപ്പോൾ ചടങ്ങിന് ഇരട്ടി മധുരമായി.
നൂറനാട് പണയിൽ രതീഷ് ഭവനത്തിൽ രതീഷിനും സൗമ്യയ്ക്കും ഒരുമിച്ച് പിറന്ന മക്കളായ അദ്രിക,അനാമിക ആത്മിക,അവനിക എന്നിവരാണ് ഒരുമിച്ച് ഒന്നാം ക്ളാസിലേക്കെത്തിയത്. യൂണിഫോമും ഒരേതരം ചെരിപ്പും ബാഗും കുടയും ഒക്കെയായി രാവിലെ തന്നെ ചിരിച്ചും കളിച്ചും സ്കൂളിലെത്തിയ നാൽവർ സംഘത്തിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയ കാർത്ത്യായനിയമ്മയെ കുട്ടികൾ പ്ലാവിലത്തൊപ്പി ധരിപ്പിച്ചാണ് സ്വീകരിച്ചത്. കാർത്ത്യായനിയമ്മയുടെ ഗുരുവായ സതീദേവി ടീച്ചറും കൂടെയുണ്ടായിരുന്നു.
കാർത്ത്യായനി അമ്മയെയും സതീദേവിയെയും ചടങ്ങിൽ ആദരിച്ചു. പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ്.എം.സി അംഗങ്ങൾ, ബി.ആർ.സി
കോ ഓർഡിനേറ്റർമാർ, പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ, എ.ഡി.എസ്, സി.ഡി.എസ്, അംഗങ്ങൾ, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവരും ചടങ്ങ് മോടിയാക്കാൻ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |