മട്ടന്നൂർ: മട്ടന്നൂർ നിയോജക മണ്ഡലത്തെ കാർബൺ ന്യൂട്രൽ മണ്ഡലമായി മാറുന്നു. ഒന്നാം ഘട്ട പ്രവർത്തനമെന്ന നിലയിൽ മണ്ഡലത്തിലെ സ്കൂളുകൾക്ക് പത്ത് വീതം മുളത്തൈകൾ കൈമാറി.മണ്ഡലത്തിലാകെ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിലാണ് സ്കൂളുകളിൽ മുളത്തൈകളുടെ വിതരണം ചെയ്തത്.
കണ്ണൂർ സർവകലാശാല പ്രോ വൈസ് ചാൻസലർ പ്രൊഫ.എ.സാബു മുളത്തൈ വിതരണോദ്ഘാടനം നിർവഹിച്ചു. മുളത്തൈകളുടെ സംരക്ഷണത്തെക്കുറിച്ച് കെ.ജെ.അപ്പച്ചൻ ക്ലാസെടുത്തു. കിംസ് ഹെൽത്ത് ക്ലസ്റ്റർ സി.ഒ.ഒ രശ്മി ആയിഷ വിശിഷ്ടാതിഥിയായിരുന്നു. വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, കെ.ബിന്ദു, എ.പി. അംബിക, വി.വി.ബാബു, പി.കെ.ഷൈമ, കെ.വി.മിനി, കെ.അനിൽകുമാർ, എൻ.ഷാജിത്ത്, എം.ഹൈമാവതി, പി.റെജി തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലത്തിലെ 118 സ്കൂളുകൾക്കാണ് 10 വീതം മുളത്തൈകൾ നൽകിയത്. സ്കൂളുകളിലെ പരിസ്ഥിതി ക്ലബ്ബുകൾ വഴിയാണ് മുളത്തൈകളുടെ പരിപാലനം.സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് കാർബൺ ന്യൂട്രൽ ആകാൻ മണ്ഡലം ഒരുങ്ങുന്നത്.
വിദ്യാഭ്യാസമേഖലയിൽ സമഗ്രവികസനം
സർക്കാർ സംവിധാനങ്ങൾക്കും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം പൊതുജനങ്ങളെയും വിവിധ സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി മട്ടന്നൂരിൽ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിനുള്ള പദ്ധതിയാണ് മണ്ഡലത്തിൽ ലക്ഷ്യം വയ്ക്കുന്നത്. മണ്ഡലത്തിലെ സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനം, നീന്തൽ പരിശീലനം, സൈക്കിൾ പരിശീലനം, ചിത്രരചനാ ക്യാമ്പുകൾ ഉൾപ്പെടെ വിവിധങ്ങളായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഇതിനോടകം നടത്തിക്കഴിഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടം എന്ന നിലയിലാണ് കാർബൺ ന്യൂട്രൽ മണ്ഡലമായി മാറ്റുന്നത്. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കിംസ് ഹെൽത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിൽ നടന്ന ഹരിതം ശില്പശാല കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർ പേഴ്സൺ അനിത വേണു അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |