തിരുവനന്തപുരം: വയനാട്ടിലെ കർഷക ആത്മഹത്യയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കോൺഗ്രസ് അദ്ധ്യക്ഷനും വയനാട് നിയുക്ത എം.പിയുമായ രാഹുൽഗാന്ധി കത്തയച്ചു. പനമരം പഞ്ചായത്തിൽ വി.ദിനേശ് കുമാർ ആത്മഹത്യ ചെയ്തതിലാണ് രാഹുൽ അന്വേഷണം ആവശ്യപ്പെട്ടത്. ദിനേശ് കുമാറിന്റെ ഭാര്യ സുജാതയുമായി താൻ ഫോണിൽ സംസാരിച്ചെന്നും, വായ്പ തിരിച്ചടക്കാൻ സാധിക്കാത്തത് മൂലമുണ്ടായ സമ്മർദ്ദവും വിഷമവും അതിജീവിക്കാൻ കഴിയാതെയാണ് ദിനേഷ് ആത്മഹത്യ ചെയ്തതെന്ന് അവർ പറഞ്ഞതായും രാഹുൽ കത്തിൽ സൂചിപ്പിക്കുന്നു.
ദിനേശ് കുമാറിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല, ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് കർഷക ആത്മഹത്യകൾ നടക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. 2019 ഡിസംബർ 31 വരെ കാർഷിക വായ്പകൾക്കെല്ലാം കേരളാ സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും രാഹുൽ കത്തിൽ വ്യക്തമാക്കി.
കേരളത്തിലെ കർഷകരുടെ പ്രശനങ്ങൾ പരിഹരിക്കാൻ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കണമെന്നും അതിന് തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും കത്തിൽ സൂചിപ്പിക്കുന്നു. എല്ലാകർഷകർക്കും മാന്യമായി ജീവിക്കാനാവശ്യമായ സാഹചര്യങ്ങൾ ഉറപ്പാവുകയാണ് വേണ്ടതെന്നും കത്തിൽ പറയുന്നു.