ജെയിംസ് ബോണ്ട് സിനിമകളുടെ തീം മൂസിക് സംവിധാനം ചെയ്ത ബ്രിട്ടീഷ് സംഗീതജ്ഞൻ മോണ്ടി നോർമ്മൻ 94ആം വയസ്സിൽ നിര്യാതനായി. ബോണ്ടുമാർ പല തലമുറ മാറി വന്നെങ്കിലും ടൈറ്റിലുകളോടൊപ്പമുള്ള തീം മ്യൂസിക് ഇന്നും ഒന്നുതന്നെ. ലോകത്ത് ഏറ്റവും തിരിച്ചറിയപ്പെടുന്ന സംഗീതശകലങ്ങളിൽ ഒന്നാണ് അത് (ടിണ്ടിരി ഡിണ്ടിംഗ് ഡിണ്ടിങ്ങ് ടിംഗ്, ടിണ്ടിരി ഡിണ്ടിംഗ് ഡിണ്ടിങ്ങ്ടിംഗ്.... ടഡട്ടഡാങ്ങ്, ടഡ്ട്ടഡാങ്ങ്...)
മോണ്ടിയുടെ മറ്റു സംഗീതശ്രമങ്ങളൊന്നും വിജയമായില്ലെങ്കിലും ഇതിന്റെ പേരിൽ അദ്ദേഹം അനശ്വരനായി. ആദ്യ ബോണ്ട് ചിത്രമായ ഡോ.നോയിലാണ് നോർമ്മൻ വിശ്രുതമായ ആ തീം ചമച്ചത്.പിന്നീട് വന്ന സിനിമകളിലെന്നും അത് മാറ്റിയില്ല.ബോണ്ട് ചിത്രങ്ങളുടെ പ്രതീകം പോലെ ആ സംഗീതം എക്കാലത്തേക്കുമായി മാറി. 1962 ൽ ആണ് ഷോൺ കോണറിയും ഉർസ്വുല ആൻഡ്രൂസും പ്രധാന വേഷം ചെയ്ത ഡോ.നോ റിലീസായത്.എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ് എന്ന വി.എസ്.നയ്പോൾ രചനയ്ക്കായി തയ്യാറാക്കി വച്ചിരുന്ന തീം മ്യൂസിക്കിൽ സിതാറിനു പകരം ഇലക്ട്രിക് ഗിറ്റാർ ഉപയോഗിച്ച് നോർമ്മൻ മാറ്റങ്ങൾ വരുത്തുകയായിരുന്നു. തുടർന്നുള്ള 25 ബോണ്ട് ചിത്രങ്ങളിലും ഇത് മാറ്റമില്ലാതെ തുടർന്നു.ഇതിനിടെ ജോൺ ബാരി എന്ന സംഗീതജ്ഞനെ ഉപയോഗിച്ച് തീം മ്യൂസിക്കിൽ മാറ്റങ്ങൾ വരുത്താൻ ബോണ്ട് ചിത്രങ്ങളുടെ നിർമ്മാതാക്കൾ ശ്രമിച്ചെങ്കിലും നോർമ്മൻ ശക്തമായി എതിർത്തു. സൺഡേ ടൈംസ് പത്രം ബാരിയാണ് തീം മ്യൂസിക് ചെയ്തതെന്ന് ലേഖനമെഴുതി.അതിനെതിരെ നോർമ്മൻ കോടതിയെ സമീപിക്കുകയും വിജയിക്കുകയും ചെയ്തു.പത്രത്തിന് 30000 പൗണ്ട് ശിക്ഷ വിധിക്കുകയും ചെയ്തു. ഗോൾഡ് ഫിംഗർ, യൂ ഒൺലി ലീവ് ട്വൈസ് എന്നീ ബോണ്ട് ചിത്രങ്ങളിൽ ബാരി പാശ്ചാത്തല സംഗീതം അവതരിപ്പിക്കുകയും ചെയ്തു.കാലങ്ങൾ എത്ര കഴിഞ്ഞാലും ബോണ്ട് സിനിമകളുള്ള കാലത്തോളം മോണ്ടി നോർമ്മൻ ഓർമ്മിക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |