കോന്നി : എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയനിലെ മേഖല സമ്മേളനങ്ങൾക്ക് കോന്നിയിൽ തുടക്കമായി. ശ്രീനാരായണ ദർശനത്തിന് സമാനമായ തത്വശാസ്ത്രം ലോകത്ത് മറ്റൊരിടത്തുമില്ലന്ന് മേഖല സമ്മേളനത്തിൽ പ്രഭാഷണം നടത്തിയ യോഗം കൗൺസിലർ ടി.പി.മന്മഥൻ അഭിപ്രായപ്പെട്ടു.
എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി കോന്നി മേഖല മാറിയെന്നും ദേശാഭിമാനി ടി.കെ.മാധവൻ യോഗത്തിന്റെ സംഘടന സെക്രട്ടറിയായിരുന്ന കാലത്തു രൂപംകൊണ്ട പത്തനംതിട്ട യൂണിയന് വലിയ പാരമ്പര്യമുണ്ടെന്നും യോഗം ഉദ്ഘാടനം ചെയ്ത യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു.
മലയോരമേഖലയെ ബാധിക്കുന്ന പരിസ്ഥിതിലോല പ്രദേശ വിഷയത്തിൽ യൂണിയൻ സമരരംഗത്തിറങ്ങുമെന്നും, ഈ വിഷയത്തിൽ യൂണിയൻ നിയമപരമായി നീങ്ങുമെന്നും 25ന് യൂണിയന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.സജിനാഥ്, പി.കെ.പ്രസന്നകുമാർ, ജി.സോമനാഥൻ, കെ.എസ്.സുരേശൻ, പി.വി. രണേഷ്, പി.സലിംകുമാർ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എസ്.എസ്.ദിവ്യ, കോന്നി ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട് എന്നിവർ സംസാരിച്ചു. പ്രമാടം മേഖലയിലെ ശാഖാഭരണസമിതി അംഗങ്ങളുടെയും പോഷക സംഘടന ഭാരവാഹികളുടെയും മേഖല സമ്മേളനം 24ന് വാഴമുട്ടത്തു നടക്കും. തുടർന്ന് തണ്ണിത്തോട് , ഓമല്ലൂർ, മലയാലപ്പുഴ, പത്തനംതിട്ട മേഖല സമ്മേളനങ്ങളും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |