ഗുരുവായൂർ : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാത്രി അത്താഴപൂജയ്ക്ക് മുമ്പായിരുന്നു ക്ഷേത്ര ദർശനം. സോപാനപടിയിൽ കാണിക്ക സമർപ്പിച്ച് തൊഴുതു. മേൽശാന്തിക്ക് ദക്ഷിണ കൊടുത്ത് പ്രസാദം സ്വീകരിച്ചു. ക്ഷേത്രത്തിൽ അഹസ് വഴിപാടും ശീട്ടാക്കിയിട്ടുണ്ട്. വൈകീട്ട് ഏഴരയോടെ ക്ഷേത്രത്തിൽ ശ്രീഭൂതബലി ചടങ്ങ് നടക്കുന്ന സമയത്താണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വ്യാളി പ്രദർശിപ്പിച്ചു
തൃശൂർ: മാദ്ധ്യമ പ്രവർത്തകനായ ധനേഷ് കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം വ്യാളിയുടെ ആദ്യപ്രദർശനം തൃശൂർ പ്രസ് ക്ലബ്ബിൽ നടന്നു. ഉൾക്കാട്ടിൽ നിന്ന് പിടികൂടിയ പ്രതിയെ വിലങ്ങിട്ട് കൊണ്ടുവരുന്ന പൊലീസുകാർ പ്രതി സ്ഥാനത്താകുന്നതും പൊലീസുകാരുടെയും പ്രതിയുടെയും തുടർന്നുള്ള രംഗങ്ങൾ പ്രേക്ഷകരിൽ ആരാണ് യഥാർത്ഥ കുറ്റവാളിയെന്ന് സംശയം സൃഷ്ടിക്കുന്നതുമാണ് ഇതിവൃത്തം. പ്രസ് ക്ലബ് പ്രസിഡന്റ് ഒ.രാധിക സ്വിച്ച് ഓൺ നിർവഹിച്ചു. 15 മിനിറ്റ് ദൈർഘ്യമുള്ള ചെറുസിനിമ പാറു ഫിലിംസിന്റെ ബാനറിൽ ജയരാജൻ, ലിജോരാജ് എന്നിവരാണ് നിർമ്മിച്ചത്. കാമറ കിരൺ പുത്തൂർ, എഡിറ്റർ രാംദാസ്, പശ്ചാത്തലസംഗീതം രാകേഷ് സ്വാമിനാഥൻ, ശബ്ദമിശ്രണം കെ.ജി.റിച്ചാർഡ്, കളറിസ്റ്റ് ആനന്ദ് ഉണ്ണി, ഡ്രോൺ രതീഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ ധനുഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടർ ദീപക് കളരിക്കൽ, മേക്കപ്പ് വിജീഷ് വേണു, പി.ആർ.ഒ. സച്ചിൻ വള്ളിക്കാട്.
സ്പോർട്സ് കിറ്റ് വിതരണം
തൃശൂർ : ഗവ.മോഡൽ ബോയ്സ് സ്കൂൾ തൃശൂർ പൂർവ വിദ്യാർത്ഥി സംഘടനയുടെ (എം.ബി.ഒ.എസ്.എ.ടി.) നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഷൈനി ജോസഫിന് സ്പോർട്സ് കിറ്റുകൾ മോഡൽ ബോയ്സ് സ്കൂൾ ഹെഡ്മിസ്ട്രസ് നൽകി ഉദ്ഘാടനം ചെയ്തു. എം.ബി.ഒ.എസ്.എ.ടി. പ്രസിഡന്റ് എം.സലീം അദ്ധ്യക്ഷത വഹിച്ചു. തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീഗോപൻ മുഖ്യാതിഥിയായി. കോർപ്പറേഷൻ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ.ആർ.അജിത്ബാബു, എം.ബി.ഒ.എസ്.എ.ടി. വൈസ് പ്രസിഡന്റ് അഡ്വ.ഷോബി ടി വർഗ്ഗീസ് റോഷൻ ആട്ടോക്കാരൻ, ഗിരിജ ഐ.കെ., റീന കെ.ഇഗ്നേഷ്യസ്, സുനിത പി., കൊച്ചുത്രേസ്യ തുടങ്ങിയവർ സംസാരിച്ചു.
മൂന്ന് മാസത്തെ ഇടവേളയ്ക്ക്
ശേഷം കൃഷ്ണനാട്ടം വഴിപാട് കളി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കൃഷ്ണനാട്ടം വഴിപാടുകളിക്ക് തുടക്കമായി. രാത്രി അത്താഴപൂജയും വിളക്കെഴുന്നള്ളിപ്പും കഴിഞ്ഞ് ശ്രീകോവിൽ അടച്ചശേഷം കളിവിളക്ക് തെളിഞ്ഞു. ക്ഷേത്രമതിലകത്ത് വടക്കേനടപ്പുരയിലാണ് കൃഷ്ണനാട്ടം അരങ്ങേറുന്നത്. ഇന്നലെ അവതാരം കളിയാണ് അരങ്ങേറിയത്. 616 ഭക്തർ അവതാരം കളി ശീട്ടാക്കിയിരുന്നു. ഇന്ന് കാളിയമർദ്ദനം കളി അരങ്ങേറും. ഒരു മാസത്തെ വിശ്രമവും രണ്ട് മാസത്തെ തീവ്രപരിശീലനവും പൂർത്തിയാക്കിയാണ് ഇന്നലെ രാത്രി വീണ്ടും കൃഷ്ണനാട്ടം കളിക്ക് തുടക്കമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |