ആലപ്പുഴ: കരുതലിന്റെ കരവലയത്തിൽ കരഞ്ഞും ചിരിച്ചും ബലംപിടിച്ചും അവർ അറിവിന്റെ ആദ്യപടിയേറി.
കേരളകൗമുദി ആലപ്പുഴ യൂണിറ്റും എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനും സംയുക്തമായി ചേർത്തല യൂണിയൻ അങ്കണത്തിലുള്ള ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിൽ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ നിരവധി കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. മുൻ മന്ത്രിയും കവിയുമായ ജി.സുധാകരൻ, യുവ ഐ.എ.എസ് ഉദ്യോഗസ്ഥനും ആലപ്പുഴ സബ്കളക്ടറുമായ സൂരജ് ഷാജി, യുവകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും മാവേലിക്കര ബുഷപ്പ് മൂർ കോളേജ് അദ്ധ്യാപികയുമായ കെ.രേഖ, ഡോ. എ.വി. ആനന്ദരാജ്, ആലപ്പുഴ എസ്.ഡി കോളേിലെ റിട്ട. പ്രൊഫ. നിഷറാണി, ചാർട്ടേഡ് എൻജിനീയർ ബേബികുമാരൻ, ചാർട്ടേഡ് അക്കൗണ്ടന്റ് ടി.അനിയപ്പൻ, പ്രഭാഷകൻ പി.ടി.മന്മഥൻ എന്നിവരാണ് കുട്ടികൾക്ക് ആദ്യക്ഷരം പകർന്നത്.
ജി.സുധാകരൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. കുട്ടികൾക്ക് പായസവും കൈനിറയെ സമ്മാനങ്ങളും നൽകി. ആചാര്യൻമാരെ യൂണിയൻ ഭാരവാഹികൾ പൊന്നാട അണിയിച്ചു. വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രം, കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രം, മുല്ലയ്ക്കൽ ക്ഷേത്രം, പാട്ടുകുളം ശ്രീരാജരാജേശ്വരി ക്ഷേത്രം, പല്ലന ശ്രീ പോർക്കലി ക്ഷേത്രം, കൈതത്തിൽ ക്ഷേത്രം, തോണ്ടൻകുളങ്ങര ശ്രീമുത്താരമ്മൻ ക്ഷേത്രം എന്നിവിടങ്ങളിലും വിവിധ ഗുരുക്ഷേത്രങ്ങളിലും കൊമ്മാടി ശ്രീനാരായണ ഗുരുസ്മാരക സമിതി, തകഴി കുഞ്ചൻ സ്മാരകം, അമ്പലപ്പുഴ കുഞ്ചൻനമ്പ്യാർ സ്മാരകം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ എസ്.ഡി കോളേജ് ഭൗതിക ശാസ്ത്ര വിഭാഗം മുൻ മേധാവി പ്രൊഫ. കല്ലേലി ഗോപാലകൃഷ്ണൻ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |