പാവറട്ടി: വീടിന്റെ മുൻവശത്തെ ഗേറ്റിലെ പൂട്ട് പൊളിച്ച് കാർ പോർച്ചിൽ അതിക്രമിച്ച് കയറി കാർ മോഷ്ടിച്ച് കൊണ്ടുപോയ പ്രതിയെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പെരുമ്പാവൂർ വെങ്ങോലയിലുള്ള നെടുമോത്ത് വീട്ടിൽ അമൽ നന്ദു (23) ആണ് അറസ്റ്റിലായത്.
വെങ്കിടങ്ങ് പാടൂർ തച്ചറയ്ക്കൽ വീട്ടിൽ ഡോ. സുനിൽ ഫഹദ് മലപ്പുറം ജില്ലയിലെ പുത്തനങ്ങാടിയിലുള്ള ഇർഫാനിൽ നിന്ന് വാടകയ്ക്ക് എടുത്ത മഹീന്ദ്ര എക്സ്.യു.വി കാറാണ് മോഷണം പോയത്. പ്രതി കൂട്ടുകാരനെയും കൂട്ടി മറ്റൊരു കാറിൽ വന്ന് വീടും സ്ഥലവും നിരീക്ഷിച്ച ശേഷം രാത്രി 11 മണിയോടെ മോഷ്ടിക്കുകയായിരുന്നു.
പ്രതിയായ അമലാണ് കാർ ഇർഫാന് കൊടുത്തത്. ഇർഫാൻ കാർ ഡോക്ടറുടെ അനിയന്റെ വിവാഹ ആവശ്യത്തിനായി വാടകയ്ക്ക് കൊടുക്കുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ വാഹനത്തിന്റെ നഷ്ടം ഡോക്ടറുടെ കൈയ്യിൽ നിന്നും വാങ്ങാമെന്ന് കരുതിയാണ് കാർ അമൽ തന്നെ മോഷ്ടിച്ചത്. പാവറട്ടി എസ്.എച്ച്.ഒ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ എസ്.ഐ റെജിക്കുട്ടി, സി.പി.ഒമാരായ ലാൽ, ഷിജു, ജിനൂപ്, സുമേഷ്, വർഗീസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |