അസ്താന: പാകിസ്ഥാൻ ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഇന്ത്യയ്ക്കെതിരെയുള്ള തീവ്രവാദ പ്രവർത്തനങ്ങളുടെ ഉറവിടവും പാകിസ്ഥാനാണ്. കസഖ്സ്ഥാനിലെ അസ്താനയിൽ സി.ഐ.സി.എ (കോൺഫറൻസ് ഓൺ ഇന്ററാക്ഷൻ ആൻഡ് കോൺഫിഡൻസ് ബിൽഡിംഗ് മെഷേഴ്സ് ഇൻ ഏഷ്യ) ഉച്ചകോടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു ലേഖിയുടെ പ്രതികരണം.
ജമ്മു കാശ്മീരിൽ ഇന്ത്യൻ സർക്കാർ ക്രൂരതകൾ നടത്തുന്നെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഉച്ചകോടിയ്ക്കിടെയിലെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മീനാക്ഷി ലേഖിയുടെ മറുപടി.
കാശ്മീരി ജനതയുടെ സ്വയം നിർണയാവകാശം ഇന്ത്യ നിഷേധിക്കുകയാണെന്നും യു.എൻ പ്രമേയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നില്ലെന്നും ഷെഹ്ബാസ് ആരോപിച്ചിരുന്നു.
എന്നാൽ, ജമ്മു കാശ്മീരും ലഡാക്കും അന്നും എന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്ഥാന് അധികാരമില്ലെന്നും ലേഖി ഓർമിപ്പിച്ചു.
ഇന്ത്യക്കെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താൻ പാകിസ്ഥാൻ വേദിയെ ദുരുപയോഗം ചെയ്യുന്നുവെന്നും അംഗരാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളുടെയും സഹകരണത്തിന്റെയും വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കുന്നതായും ലേഖി ആരോപിച്ചു.
പാകിസ്ഥാൻ മാനുഷിക വികസനത്തിൽ നിക്ഷേപം നടത്തുന്നില്ലെങ്കിലും തീവ്രവാദത്തിന് അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും നിലനിറുത്തുന്നതിനും സഹായം നൽകുന്നതായും ലേഖി ആരോപിച്ചു. ഇന്ത്യൻ അതിർത്തി കടന്നുള്ള തീവ്രവാദം പാകിസ്ഥാൻ ഉടൻ അവസാനിപ്പിക്കണമെന്നും ലേഖി പറഞ്ഞു.
പാകിസ്ഥാൻ ഉൾപ്പെടെയുള്ള എല്ലാ അയൽരാജ്യങ്ങളുമായും സാധാരണ ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നതായും അതിനാൽ പാകിസ്ഥാൻ അവരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശവും അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള വിശ്വസനീയമായ നടപടികൾ കൈക്കൊള്ളുന്നത് അടക്കമുള്ള അനുകൂല അന്തരീക്ഷം സൃഷ്ടിച്ചാൽ ചർച്ചയിൽ പങ്കെടുക്കാമെന്നും മീനാക്ഷി ലേഖി നിർദ്ദേശിച്ചു.
ഇന്നലെയാണ് സി.ഐ.സി.എ ഉച്ചകോടിയുടെ ആറാം പതിപ്പ് കസഖ്സ്ഥാൻ പ്രസിഡന്റ് കാസിം - ജോമാർട്ട് ടൊകയേവിന്റെ അദ്ധ്യക്ഷതയിൽ നടന്നത്. ഇന്ത്യ, പാകിസ്ഥാൻ, ചൈന, റഷ്യ ഉൾപ്പെടെ 28 അംഗരാജ്യങ്ങളാണ് സി.ഐ.സി.എയിലുള്ളത്. ഏഷ്യയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള കൂട്ടായ്മയാണ് സി.ഐ.സി.എ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |