SignIn
Kerala Kaumudi Online
Friday, 03 February 2023 11.54 AM IST

സുധാകരന്റെ തട്ടകത്തിൽ താരമായ ശശി തരൂർ ഇന്ന് തലസ്ഥാനത്ത്, ചേരിതിരിവും ശീതയുദ്ധവും അണിയറയിൽ സജീവം

sasi

കണ്ണൂർ: കഴിഞ്ഞ ദിവസം പാണക്കാട്ട് മുസ്ലിം ലീഗ് നേതാക്കൾ നൽകിയ ഊഷ്മള സ്വീകരണത്തിനു പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ തട്ടകമായ കണ്ണൂരിൽ തിളങ്ങിയ തരൂർ ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. പൊതുപരിപാടികൾക്കൊപ്പം കത്ത് വിവാദത്തിൽ കോർപ്പറേഷന് മുന്നിലെ യു ഡി എഫ് സമരവേദയിലും അദ്ദേഹം രാവിലെ പത്തുമണിയോടെ എത്തും. തലസ്ഥാനത്ത് യു ഡി എഫിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധ പരിപാടികൾ നടന്നിട്ടും തരൂർ അതിൽ പങ്കാളിയാവുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ മറികടക്കാനാണ് തരൂർ ഇന്ന് എത്തുന്നതെന്നാണ് സൂചന. വിഴിഞ്ഞം സമരത്തോടും കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഭിന്നമായ നിലപാടാണ് തരൂർ സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്.

ഇന്നലെ സുധാകരന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ ആവേശോജ്വലമായ സ്വീകരണമാണ് തരൂരിന് ലഭിച്ചത്. ധീരാ, ധീരാ തരൂരെ, ധീരതയോടെ നയിച്ചോളൂ എന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് തരൂരിനെ പ്രവർത്തകർ സ്വീകരിച്ചത്. എ ഗ്രൂപ്പ് നേതാക്കളുടേയും പ്രവർത്തകരുടേയും സജീവ സാന്നിദ്ധ്യം ശ്രദ്ധേയമായി.

ജവഹർ ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ നെഹ്റു അനുസ്മരണ പ്രഭാഷണത്തിനായി ഇന്നലെ രാവിലെയാണ് എംകെ. രാഘവൻ എം.പിക്കൊപ്പം തരൂർ കണ്ണൂരിലെത്തിയത്. തലശേരിയിൽ ബിഷപ്പ് ഹൗസ്, അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ വീട്, ഡി.സി.സി ഓഫീസ്, സാഹിത്യകാരൻ വാണിദാസ് എളയാവൂർ, ഉറുസുലിൻ സ്കൂൾ എന്നിവ സന്ദർശിച്ച ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അദ്ദേഹം ജവഹർ ലൈബ്രറിയിലെത്തിയത്. നെഹ്റുവിന്റെ മതേതര കാഴ്ചപ്പാട് വിശദമാക്കുന്ന അരമണിക്കൂർ പ്രസംഗത്തിൽ ഒരിക്കൽപ്പോലും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം തരൂർ പരാമർശിച്ചില്ല.

രാവിലെ മുതൽ തന്നെ എ വിഭാഗം നേതാക്കളും പ്രവർത്തകരും ഹാളിലെത്തിയിരുന്നു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, കണ്ണൂർ കോർപ്പറേഷൻ മേയറും കോൺഗ്രസ് നേതാവുമായ അഡ്വ.ടി.ഒ. മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം എൻ.പി.ശ്രീധരൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സെക്രട്ടറിമാരായ സി.രഘുനാഥ്, ടി.ജയകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് തുടങ്ങി നിരവധി നേതാക്കൾ സ്വീകരിക്കാനെത്തിയിരുന്നു. സുധാകര അനുകൂലികളായ റിജിൽ മാക്കുറ്റി, എം.കെ. മോഹനൻ, റഷീദ് കവ്വായി എന്നിവരും തരൂരിനൊപ്പമുണ്ടായിരുന്നു.

സുധാകരന്റെ തട്ടകത്തിലെ തരൂരിന്റെ സന്ദർശനം വിജയിപ്പിക്കാൻ എ ഗ്രൂപ്പ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. തരൂരിന്റെ പരിപാടികളിൽ ജനപങ്കാളിത്തം ഉറപ്പു വരുത്തി ചരിത്ര സംഭവമാക്കാൻ എ ഗ്രൂപ്പ് മാനേജർമാർ ജില്ലയിലെ നേതാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. തരൂരിന്റെ പരിപാടികൾ രഹസ്യമായി വിലക്കിയും പരസ്യ പ്രതികരണങ്ങൾ തടഞ്ഞും ഔദ്യോഗിക നേതൃത്വം കളിക്കാൻ തുടങ്ങിയതോടെയാണ് തരൂരിനു വേണ്ടി എ ഗ്രൂപ്പ് നേതാക്കൾ പരസ്യമായി കളത്തിലിറങ്ങിയത്. എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളുടെ മൗനാനുവാദവുമുണ്ട്. തരൂരിനെ തടയിടാൻ ആവശ്യമായ നീക്കങ്ങൾ മറുഭാഗത്തും ശക്തമായെങ്കിലും അവയെ നിഷ്പ്രഭമാക്കുന്നതായിരുന്നു തരൂരിനെ കേൾക്കാനെത്തിയ ജനക്കൂട്ടം.

മറ്റു ജില്ലകളിലും സമാനമായ രീതിയിൽ പരിപാടികൾ സംഘടിപ്പിക്കാനാണ് നീക്കം. അടുത്ത മാസം മൂന്നിന് കോട്ടയത്തും നാലിന് പത്തനംതിട്ടയിലും തരൂർ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

അതിനിടെ,തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്ന കേരളത്തിന്റെ സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്റെ പ്രതികരണം തരൂർവിരുദ്ധരെ ഞെട്ടിച്ചിട്ടുണ്ട്. കെ.പി.സി.സി തന്നെ പ്രശ്നം പരിഹരിക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്ത ദിവസം കേരളത്തിലെത്തുന്ന അൻവർ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CONGRESS, SASI THAROOR, KPCC, PRESIDENT, SHUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.