ദോഹ: ഒരിക്കൽക്കൂടി കറുത്ത കുതിരകളാകുമെന്ന് കരുതിയിറങ്ങിയ ബെൽജിയം ഗ്രൂപ്പ് റൗണ്ടിലെ നിർണായകമായ മത്സരത്തിൽ ജയിക്കാനാകാതെകഴിയാതെ പടിക്ക് പുറത്ത്.ഇന്നലെ ക്രൊയേഷ്യയാണ് ബെൽജിയത്തിനെ പ്രീക്വാർട്ടറിലേക്ക് കടത്തിവിടാതെ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടിയത്. ഇതോടെ ഗ്രൂപ്പ് എഫിൽ ബെൽജിയത്തിന് മൂന്നാമതാവേണ്ടിവന്നു. പ്രീ ക്വാർട്ടറിലെത്താൻ വിജയം അനിവാര്യമായിരുന്ന ബെൽജിയത്തിനെ അമ്പരപ്പിച്ചുകൊണ്ട് ക്രൊയേഷ്യയാണ് ആദ്യം ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. കിക്കോഫിൽ നിന്ന് കിട്ടിയ പന്തുമായിത്തന്നെ അവർ ബെൽജിയൻ ബോക്സിലേക്ക് ഇരച്ചെത്തിയിരുന്നു. ലൂക്കാ മൊഡ്രിച്ചിന്റെ തുടർച്ചയായ മുന്നേറ്റങ്ങളും ബെൽജിയൻ ബോക്സിലേക്കുണ്ടായി. 13-ാം മിനിട്ടിൽ ബെൽജിയത്തിന് ഗോളടിക്കാൻ സുന്ദരമായ ഒരവസരം ലഭിച്ചു.ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് കെവിൻ ഡി ബ്രുയാൻ നൽകിയ പാസ് മുന്നോട്ടോടി പിടിച്ചെടുത്ത് കയറിയ മെർട്ടെൻസ് ഗോളി മാത്രം മുന്നിൽ നിൽക്കവേ മുകളിലേക്ക് അടിച്ചുകളയുകയായിരുന്നു. 17-ാം മിനിട്ടിൽ ബോക്സിനുള്ളിലെ ഒരു ഫൗളിന് റഫറി ക്രൊയേഷ്യയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. എന്നാൽ ലൂക്കാ മൊഡ്രിച്ച് കിക്കെടുക്കാൻ തയ്യാറെടുക്കുമ്പോൾ റഫറി വാർ പരിശോധിച്ച് ഫൗളിന് മുമ്പ് ക്രമാറിച്ച് ഓഫ്സൈഡാണെന്ന് കണ്ടെത്തി പെനാൽറ്റി റദ്ദാക്കി. തുടർന്ന് ഇരു ടീമുകളും ആക്രമണത്തിന് അവസരങ്ങൾ സൃഷ്ടിക്കാൻ നോക്കിയെങ്കിലും മികച്ച മുന്നേറ്റങ്ങൾ ഒഴിഞ്ഞുനിന്നു. 33-ാം മിനിട്ടിൽ ക്രൊയേഷ്യയ്ക്ക് ഗോളടിക്കാൻ നല്ല ചാൻസ് ലഭിച്ചതാണ്. ബ്രോസോവിച്ചിന്റെ ഒരു ശ്രമം ബ്ളോക്ക് ചെയ്ത് പിടിച്ചെടുത്ത് സോസ ഡിഫൻഡർമാർക്കിടയിലൂടെ പാഞ്ഞുകയറിയ ലിവായയെ ലക്ഷ്യമാക്കി ക്രോസ് ചെയ്തെങ്കിലും അദ്ദേഹത്തിന്റെ ഹെഡർ മുകളിലേക്കുപോയി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ മെർട്ടെൻസിനെ മാറ്റി ലുക്കാക്കുവിനെ ഇറക്കിയത് ബെൽജിയത്തിന്റെ ആക്രമണത്തിന് മൂർച്ചപകർന്നു. 60-ാം മിനിട്ടിൽ ലുക്കാക്കുവിന് ലഭിച്ച സൂപ്പർ അവസരം നഷ്ടമായത് ബെൽജിയത്തിന് കനത്ത പ്രഹരമായിരുന്നു.അതിനക്കാൾ വലിയ തിരിച്ചടിയായി 62-ാം മിനിട്ടിലെ ഹെഡർ പുറത്തേക്കുപോയത്.68-ാം മിനിട്ടിൽ മൊഡ്രിച്ചിന്റെ ഒരു ഷോട്ട് ഗോളി തിബോ കയ്യിലൊതുക്കി.അവസാന സമയത്ത് ഏദൻ ഹസാഡും കളത്തിലിറങ്ങിയെങ്കിലും അവസരങ്ങൾ പാഴാക്കിയതല്ലാതെ ബെൽജിയത്തിന് ഗോളടിക്കാൻ കഴിഞ്ഞില്ല. 100 ബെൽജിയത്തിന് വേണ്ടി 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഗോൾകീപ്പറായി തിബോ കോട്വോ റെക്കാഡ് ബുക്കിൽ ഇടം പിടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |