റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, ഷാജഹാനും പരീക്കുട്ടിയും, മിലി തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അമല പോൾ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വിവേക് സംവിധാനം ചെയ്ത ''ടീച്ചർ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലൂടെ താരം വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.
'ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെയാണ് പോകുന്നതെന്ന് എനിക്കറിയില്ല. ഞാനൊക്കെ പഠിച്ചിരുന്ന സമയത്തേക്കാൾ കുട്ടികൾക്ക് കുറച്ചുകൂടെ ഫ്രീഡം ലഭിക്കുന്നുണ്ട്. അന്നൊക്കെ ടീച്ചർമാർക്ക് എന്ത് വേണേലും പറയാമായിരുന്നു. ടീച്ചേഴ്സിനെ ഡേറ്റിംഗിന് കൊണ്ടുപോകുന്നത് വലിയ പ്രശ്നമായിട്ട് എനിക്ക് തോന്നുന്നില്ല. കോളേജിലൊക്കെ എത്തുമ്പോൾ ടീച്ചറും വിദ്യാർത്ഥിയും തമ്മിൽ വലിയ പ്രായവ്യത്യാസമൊന്നുമില്ല.
മുൻനിര നായകൻമാരുടെ കൂടെ അഭിനയിച്ചയാൾക്ക് ചിത്രത്തിൽ ഒരു പുതുമുഖ നായകനൊപ്പം അഭിനയിച്ചാൽ താരമൂല്യം ഇടിയുമോ എന്ന പേടിയുണ്ടായിരുന്നോ എന്ന ചോദ്യത്തിനും അമല പോൾ മറുപടി നൽകി.
' ആ ഒരു ചിന്തയേ എനിക്കില്ല. ഞാൻ അമലപോൾ ആയത് ഈ പറഞ്ഞ് നായകന്മാരുടെ നിഴലിൽ നിന്നിട്ടല്ല. എന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്. ഹാർഡ് വർക്കിൽ എനിക്ക് വിശ്വാസമുണ്ട്. ആ വിശ്വാസം ആണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചിരിക്കുന്നത്. സിനിമയുടെ കാസ്റ്റിംഗ് എന്ന് പറയുന്നത് ഡയറക്ടറുടെ ചോയ്സാണ്.
താൻ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തതിനെക്കുറിച്ചും നടി തുറന്നുപറഞ്ഞു. 'സാമ്പത്തികമായി തകർന്ന അവസ്ഥയിലാണ് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്. എനിക്ക് ആ സമയത്ത് ബ്രേക്ക് ആവശ്യമായിരുന്നു. തിരിച്ചുവന്നാൽ സിനിമയുണ്ടാകുമോ എന്ന് ബന്ധുക്കൾക്കടക്കം ആശങ്കയുണ്ടായിരുന്നു. ഭാവിയെക്കുറിച്ച് ചിന്തിക്കാതെ, പ്രസന്റിൽ മാത്രം എടുത്ത തീരുമാനമായിരുന്നു അത്.'- അമല പോൾ പറഞ്ഞു.