തിരുവനന്തപുരം: കഠിനംകുളത്തെ പടിഞ്ഞാറ്റുമുക്കിൽ കൊള്ളപ്പലിശക്കാരുടെ കുരുക്കിൽ അകപ്പെട്ട് ഒരു കുടുംബം കൂടി ആത്മഹത്യ ചെയ്‌തിട്ടും പലിശക്കാർക്കെതിരെ നടപടിയെടുക്കാതെ നോക്കുകുത്തിയായി ജില്ലയിലെ പൊലീസ്.നഗരത്തിലും നഗരാതിർത്തികളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം കൊള്ള പലിശസംഘം വ്യാപകമാവുകയാണ്.ഓപ്പറേഷൻ കുബേര ഉൾപ്പെടെ കഴുത്തറപ്പന്മാരെ കെട്ടുകെട്ടിക്കാൻ സർക്കാർ എടുത്ത നടപടിക്ക് ജില്ലയിൽ വീര്യം ഇല്ലാതായതാണ് ബ്ലേഡ് മാഫിയ വീണ്ടും തലപൊക്കാൻ കാരണം. ഓപ്പറേഷൻ കുബേരയുടെ ഭാഗമായി നടപടി ശക്തമാക്കിയപ്പോൾ തമിഴ്‌നാട്ടിലേക്ക് ഉൾപ്പെടെ നാടുവിട്ട വട്ടിപ്പലിശക്കാരിൽ പലരും മടങ്ങിയെത്തി.എടുത്ത കേസുകളുടെ തുടരന്വേഷണവും പാതിവഴിയിൽ നിലച്ചു.നിയമനടപടികൾ അസ്‌തമിച്ചതാണ് കുബേരന്മാർക്ക് തണലായത്. തമിഴ്‌നാടിനോടു ചേർന്നുള്ള അതിർത്തി ഗ്രാമങ്ങളിൽ ഇവരുടെ സാന്നിദ്ധ്യം വലിയതോതിലുണ്ട്.വിവിധ പ്രദേശങ്ങളിൽ പലിശയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഇടനിലക്കാരന്റെ റോളിൽ ഇരുകൂട്ടരെയും ചർച്ചയ്‌ക്ക് വിളിച്ച് ഉപദേശം നൽകി പ്രശ്‌ന പരിഹാരത്തിനായാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ദിവസ തിരിച്ചടവ്,ആഴ്‌ചതിരിച്ചടവ്, മാസ തിരിച്ചടവ് തുടങ്ങി നിരവധി തന്ത്രങ്ങളിലൂടെയാണ് വട്ടിപ്പലിശക്കാരുടെ പണമിടപാടുകൾ.
ഇരകൾ സ്‌ത്രീകൾ
പടിഞ്ഞാറ്റുമുക്കിൽ നിര്യാതയായ സുലജയടക്കം വട്ടിപ്പലിശക്കാരായ ഇരകളിൽ കൂടുതലും സ്ത്രീകളാണ്. തിരിച്ചടവ് കൃത്യമായിരിക്കുമെന്നതാണ് സ്ത്രീകളുടെ പേരിൽ വായ്‌പ നൽകാൻ കാരണം. സ്ഥിര ജോലിയില്ലാത്ത സ്‌ത്രീകൾ വട്ടിപ്പലിശക്കാരുടെ കെണിയിൽ വീഴുന്നതാണ് പതിവ്.ചില സ്വകാര്യ ചിട്ടിക്കമ്പനികൾക്കെതിരെയും പരാതി വ്യാപകമാണ്.100 ദിവസത്തേക്ക് 10,000 രൂപയ്‌ക്ക് 3000 രൂപയാണ് ഇവരുടെ പലിശ. കൃത്യമായി മുതലും പലിശയും നൽകിയില്ലെങ്കിൽ നിശ്ചിത തീയതിയിലെത്തുന്ന സംഘം വീണ്ടും വായ്പ നൽകും.നേരത്തേ നൽകിയ വായ്പയുടെ പലിശയും മുതലും ഇതിൽനിന്ന് ഈടാക്കും. ഇത് ഒന്നോ രണ്ടോ ആവർത്തി കഴിയുമ്പോൾ വായ്പയെടുത്തയാൾ വൻ ബാദ്ധ്യതയിൽ അകപ്പെടും.ഇതോടെ പ്രാദേശിക ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തിരികെവാങ്ങുന്നത്. ദിവസം തിരിച്ചടയ്‌ക്കുന്നവർ 10,000 രൂപ വായ്പയെടുത്താൽ 100 ദിവസം കൊണ്ട് 13,500 രൂപ വരെ തിരിച്ചടയ്‌ക്കണം.ചെക്കും എഴുതാത്ത മുദ്രപ്പത്രങ്ങളും നൽകണം. ഇല്ലെങ്കിൽ വായ്‌പ നൽകില്ല. സ്ത്രീകൾക്ക് വായ്‌പ നൽകിയശേഷം വായ്‌പ തുകയുടെ പതിന്മടങ്ങ് ഈടാക്കാൻ അവർക്കെതിരെ ചെക്ക് കേസ് നൽകുന്നത് പതിവാക്കിയ ബ്ലേഡ് സ്ഥാപന നടത്തിപ്പുകാരനെ അടുത്തിടെ അറസ്റ്റ് ചെയ്‌തിരുന്നു.
ഓട്ടോക്കാർ മുതൽ തട്ടുകടക്കാർ വരെ
ഓട്ടോ ഡ്രൈവർമാരും മീൻ കച്ചവടക്കാരുമാണ് അമിതപലിശയ്ക്ക് കൂടുതൽ പണം കടമെടുക്കുന്നത്. നഗരത്തിൽ രാത്രികാലത്ത് സജീവമായ ഭൂരിപക്ഷം തട്ടുകടകളും കൊള്ളപ്പപശയ്‌ക്ക് പണം പലിശയ്‌ക്കെടുത്താണ് പ്രവൃത്തിക്കുന്നത്. ഒരു മഴ പെയ്‌താൽ ഇവരുടെ കാര്യത്തിൽ തീരുമാനമാകും.കൊവിഡ് പ്രതിസന്ധിയിൽ നിരവധി ഓട്ടോക്കാരും തട്ടുകടക്കാരും പലിശക്കാരുടെ കെണിയിൽ വീണിട്ടുണ്ട്. ബ്ലേഡ് സംഘങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കുകയാണെന്ന ആരോപണവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |