SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

കുട്ടികളിലെ ഫോൺ ദുരുപയോഗം

s

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ശാസ്‌ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തുടർച്ചയായി സ്‌ക്രീനിൽ കണ്ണുംനട്ടിരിക്കുന്നത് കാഴ്ചക്കുറവ്, കണ്ണിന് വേദന, ഉറക്കമില്ലായ്മ, കൈത്തണ്ട വേദന, മാനസിക സമ്മർദ്ദം തുടങ്ങിയവ ഉണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതുമാണ്. എന്നാൽ ഇതൊന്നും ആരും കാര്യമായി എടുത്തിട്ടില്ല. കുട്ടികളും വിദ്യാർത്ഥികളും മാത്രമല്ല, മുതിർന്നവരും ഇക്കാര്യത്തിൽ പിന്നാക്കമല്ല. ആധുനിക സമൂഹം അകപ്പെട്ടിരിക്കുന്ന ഒരു ചക്രവ്യൂഹമായി മൊബൈൽ ദുരുപയോഗം മാറിയിരിക്കുന്നു.

രാജ്യത്തെ സ്‌കൂൾ വിദ്യാർത്ഥികളിൽ 74 ശതമാനം പേരും പഠനാവശ്യത്തിനല്ലാതെ പ്രതിദിനം രണ്ട് മണിക്കൂറിലേറെ സമയം ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നതായി സി.ബി.എസ്.ഇ മാനേജ്‌മെന്റുകളുടെ കൂട്ടായ്മ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.

ഇക്കാലത്ത് കുട്ടികളുടെ കൈയിൽ പുസ്തകങ്ങളേക്കാൾ മൊബൈൽ ഫോണുകളാണ് കൂടുതലും. ഫോൺ അഡിക്‌ഷനിൽ നിന്ന് കുട്ടികളെ അകറ്റാൻ മാതൃകയാകേണ്ട മാതാപിതാക്കളും അദ്ധ്യാപകരും ഈ ശീലത്തിന് അടിമകളായിരിക്കുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ യാഥാർത്ഥ്യം. രക്ഷിതാക്കൾ തന്നെ കൂടുതൽ സമയവും ഫോൺ നോക്കിയിരിക്കുന്നവരാണെങ്കിൽ അത് കൊച്ചുകുട്ടികളെപ്പോലും സ്വാധീനിക്കാൻ ഇടയാകും. കുട്ടികളുമായി സംസാരിക്കുകയും ഇടപഴകുകയും അവരെ പുറത്ത് ഉല്ലസിക്കാൻ കൊണ്ടുപോവുകയും ഒക്കെ ചെയ്യേണ്ട സമയമാണ് മാതാപിതാക്കളും മുതിർന്നവരും ഇങ്ങനെ മൊബൈലിൽ കളയുന്നത്. സി.ബി.എസ്.ഇ മാനേജ്‌‌മെന്റുകളും പ്രിൻസിപ്പൽമാരും ഉൾപ്പെട്ട നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് നടത്തിയ പഠനത്തിൽ പങ്കെടുത്ത 69 ശതമാനം അദ്ധ്യാപകരും മൊബൈൽ ദുരുപയോഗം കാരണം കുട്ടികളിൽ ഏകാഗ്രത കുറയുന്നതായാണ് അഭിപ്രായപ്പെട്ടത്.

കുട്ടികളിൽ അസഹിഷ്ണുത, ആശങ്ക, സാമൂഹിക പിന്മാറ്റം തുടങ്ങിയവ വർദ്ധിച്ചതായി 63 ശതമാനം പേരും, കായിക- സാമൂഹിക ഇടപെടലുകളിൽ കുറവ് സംഭവിച്ചതായി 66 ശതമാനം പേരും പ്രതികരിച്ചു.

18 വയസിൽ താഴെയുള്ളവരുടെ ഡിജിറ്റൽ ഉപയോഗം നിയന്ത്രിക്കാൻ ദേശീയ മാർഗനിർദ്ദേശങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ ടെക്‌നോളജിയുടെ അടിസ്ഥാനത്തിലാണ് പഠനം പോലും മുന്നോട്ടു പോകുന്നത്. അപ്പോൾ സ്‌കൂളുകളിൽ ഡിജിറ്റൽ ഉപയോഗം പൂർണമായി നിരോധിക്കുക അപ്രായോഗികമാണ്. എന്നാൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യവുമാണ്. അത് ഏതൊക്കെ രീതിയിൽ വേണമെന്നതു സംബന്ധിച്ച് വിദഗ്ദ്ധരാണ് നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കേണ്ടത്. പ്രായം അടിസ്ഥാനമാക്കി ഇതിനൊരു നിയന്ത്രണം കൊണ്ടുവരുന്നത് പൂർണമായിട്ടല്ലെങ്കിലും കുറച്ചൊക്കെ പ്രയോജനം ചെയ്യാതിരിക്കില്ല.

അമിതമായ ഉപയോഗം ഒഴിവാക്കി,​ ഫോണിനെ ആവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ട ഒന്നാക്കി മാറ്റാൻ നിയമങ്ങൾ കർശനമാക്കുന്നതിലൂടെ മാത്രം കഴിയില്ല. അതിന് പ്രധാനമായും വേണ്ടത് ബോധവത്‌കരണമാണ്.

ഫോണിന്റെ നല്ല രീതിയിലുള്ള ഉപയോഗത്തെക്കുറിച്ചും തെറ്റായ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും താഴ്ന്ന ക്ളാസു മുതൽ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ പഠിപ്പിക്കേണ്ടതാണ്. ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നതിനാൽ അതിന്റെ ഉപയോഗത്തിൽ നിന്ന് ഒരു തിരിച്ചുപോക്ക് സാദ്ധ്യമല്ല. പണം അയയ്ക്കാനും, ഭക്ഷണം ഓർഡർ ചെയ്യാനും, സാധനങ്ങൾ വാങ്ങാനുമൊക്കെ മൊബൈൽ ഫോൺ ഇല്ലാതെ ഇന്നത്തെ തലമുറയ്ക്ക് പറ്റില്ല. എന്നാൽ, മണിക്കൂറുകളോളം അത് ദിനംപ്രതി ഉപയോഗിച്ചാൽ നമ്മളെ തകർക്കുന്ന ഒന്നുകൂടിയാണ് അതെന്ന തിരിച്ചറിവ് നേടിയെടുക്കാൻ കൂട്ടായ ബോധവത്കരണ ശ്രമങ്ങൾ തന്നെ ആവശ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY