SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

മകനെ വളർത്താൻ പഞ്ചഗുസ്തിയിൽ ബുഷ്റ ബീവി സൂപ്പർ ഉമ്മ

തിരുവനന്തപുരം: പഞ്ചഗുസ്തി സ്വന്തം വഴിയായി തിരഞ്ഞെടുത്ത ബുഷ്റ ബീവി വീടുവിട്ട് മത്സരങ്ങൾക്ക് പോയതോടെ ചുറ്റുപാടും എതിർപ്പ് ഉയർന്നു. 'പറയുന്നവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ നീ മുന്നോട്ട് പോകൂ"- ഉമ്മ ആയിഷ ധൈര്യം പകർന്നു. വിവാഹജീവിതം പാതിവഴിയിൽ നിലച്ചതോടെ, സ്വന്തം കാലിൽ നിൽക്കാനും മകനെ വളർത്താനും പഞ്ചഗുസ്തി തിരഞ്ഞെടുത്ത ബുഷ്റ ഇന്ന് കേരളത്തിന്റെ അഭിമാനതാരം. രാജ്യത്തെ പ്രതിനിധീകരിച്ച് ഏഷ്യൻ പഞ്ചഗുസ്തി (ആം റസ്‌ലിംഗ്)ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും നേടി.

തിരുവനന്തപുരം പൂന്തുറ മാണിക്യംവിളാകം നസീബ് മൻസിലിൽ ബുഷ്റ ബീവിയാണ് ഇരുകൈകൾ കൊണ്ടും എതിരാളികളെ മലർത്തിയടിക്കുന്നത്. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചുവളർന്ന ബുഷ്റയ്ക്ക് ചുറ്റുപാടുകൾ അനുകൂലമായിരുന്നില്ല. പെരുന്താന്നി എൻ.എസ്.എസ് കോളേജിൽ ബി.കോം കഴിഞ്ഞയുടനായിരുന്നു വിവാഹം. ഒരു മകനും ജനിച്ചു. കുടുംബത്തിൽ ഉടലെടുത്ത പ്രശ്നങ്ങൾ കാരണം വിവാഹജീവിതം ഉപേക്ഷിക്കേണ്ടിവന്നു.

ശരീരഭാരം കുറയ്ക്കാൻ 2019ൽ അമ്പലത്തറ വിന്നർ ലാൻഡ് ജിമ്മിലെത്തിയത് വഴിത്തിരിവായി. ഉപജീവനത്തിനായി ജോലി തേടിയിരുന്ന ബുഷ്റ അവിടെത്തന്നെ ട്രെയിനറുടെ കോഴ്സ് പഠിച്ച് പരിശീലകയായി. ഈ സമയത്താണ് അവിടെ പഞ്ചഗുസ്തി പരിശീലനം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും അതിലേക്ക് തിരിഞ്ഞതും. നിലവിൽ തിരുവല്ലത്തെ വർക്കൗട്ട് വാരിയേഴ്സ് ജിമ്മിലെ പരിശീലകയാണ്. പിതാവ് മുഹമ്മദ് അലിയും പിന്തുണയുമായി ഒപ്പമുണ്ട്. അതിനുമപ്പുറം ബുഷ്റയ്ക്ക് മുന്നേറാനുള്ള പ്രചോദനമാകുന്നത് ഒന്നാം ക്ലാസിൽ പഠിക്കുന്ന മകൻ ഇമ്രാനാണ്.

വേൾഡ് ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ട്....

ഈ വർഷം നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിലാണ് ഈ 30കാരി. 2022, 23, 24വർഷങ്ങളിൽ ജില്ലാതല ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ബുഷ്റ 2023, 24വർഷങ്ങളിൽ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വെങ്കലവും വെള്ളിയും സ്വന്തമാക്കി. 2024ലെ ദേശീയചാമ്പ്യൻഷിപ്പിൽ വെങ്കലവും 2025ൽ സ്വർണവും നേടി.

 ഈമേഖലയിൽ കൂടുതൽ മുന്നേറണം. ഒരു സർക്കാർ ജോലി വാങ്ങണം. മകനെ നല്ലനിലയിൽ വളർത്തണം.

- ബുഷ്റ ബീവി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA