SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.02 AM IST

 വയറ്രിൽ കത്രിക --- മെഡി. ബോ‌ർഡ് ആയില്ല; അന്വേഷണവും നിലച്ചു

a

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്രിൽ മറന്നുവച്ച കത്രിക (ആർട്ടറി ഫോർസെപ്‌സ്) സ്വകാര്യ ആശുപത്രിയിൽ നീക്കം ചെയ്ത് ഉഷാജോസഫ് വീട്ടിലെത്തിയിട്ടും അന്വേഷണത്തിനുള്ള മെഡിക്കൽ ബോ‌ർഡായില്ല. വിദഗ്ദ്ധ ഡോക്ടർമാരുടെ പാനൽ രൂപീകരണത്തിന് ആലപ്പുഴ ജില്ലാമെഡിക്കൽ ഓഫീസർ സൂപ്രണ്ടുമാർക്ക് നൽകിയ കത്ത് മെഡിക്കൽ കോളേജുകൾ തിരിച്ചയച്ചു.

മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് കീഴിലാണ് മെഡിക്കൽ കോളേജുകൾ. ജില്ലാമെഡിക്കൽ ഓഫീസർ പ്രവർത്തിക്കുന്നത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും. അദ്ദേഹം നേരിട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർക്ക് കത്തുനൽകിയതിന്റെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് തിരിച്ചയച്ചത്. ജില്ലാമെഡിക്കൽ ഓഫീസർ ഡയറക്ടർക്ക് കത്തു നൽകി,​ അദ്ദേഹം സൂപ്രണ്ടുമാർക്ക് കൈമാറണമെന്നാണ് ആവശ്യം.

അഞ്ചു വർഷം ഉഷാ ജോസഫിന്റെ ജീവിതം ദുരിതത്തിലാക്കിയതുപോലെ മറ്റൊരു ക്രൂരതയാണ് അതിലെ പിഴവ് കണ്ടെത്തുന്നതിലെ കാലതാമസവും. ഡിപ്പാർട്ടുമെന്റ് ഹെഡ്ഡായിരുന്ന ഡോ. ലളിതാംബികയെ പൊലീസ് പ്രതിയാക്കുകയും കേസ് ഷീറ്റും ഡിസ്ചാർജ് സമ്മറിയും ഉഷയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയ കത്രികയും കോടതിയിൽ ഹാജരാക്കുകയും ചെയ്‌തതോടെ അന്വേഷണം നിലച്ചു.

ഡോ. ലളിതാംബികയെ പ്രതിയാക്കിയെങ്കിലും ശസ്ത്രക്രിയയിലോ തുടർ ചികിത്സയിലോ അവർക്ക് നേരിട്ട് ബന്ധമുള്ളതായി കേസ് ഷീറ്റിലോ,​ ഡിസ് ചാർജ് സമ്മറിയിലോ സൂചനയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ശാസ്ത്രീയമാക്കുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DOCTORS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA