SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.02 AM IST

തിരിച്ചുവരുന്നു, നവീൻ കേസ്; തുടരന്വേഷണം വേണമെന്ന് കോടതി, സർക്കാരിന് തിരിച്ചടി

k-naveen-babu


ഉത്തരവ് ഭര്യയുടെ ഹർജിയിൽ
കുറ്റപത്രത്തിൽ 13 വീഴ്ചകൾ

തലശ്ശേരി : കണ്ണൂർ എ.ഡി.എം ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് അന്വേഷണ സംഘത്തിനും സർക്കാരിനുമേറ്റ തിരിച്ചടിയായി. നവീന്റെ കുടുംബത്തിന് നേരിയ ആശ്വാസവുമായി. ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് തലശ്ശേരി അഡിഷണൽ ജില്ല സെഷൻസ് കോടതിയുടെ ഉത്തരവ്. മേയ് 30നുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.

കുറ്റപത്രത്തിലെ 13 വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. തുടരന്വേഷണം ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ എ.സി. പി ടി.കെ.രത്നകുമാർ ഇപ്പോൾ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി സി.പി.എം കൗൺസിലറാണ്. ഭരണകക്ഷിക്ക് ആനുകൂല്യം ചെയ്യാനാണ് അന്വേഷണം ദുർബലപ്പെടുത്തിയതെന്ന ഗുരുതര ആരോപണം ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ദിവ്യക്കും പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തനും തമ്മിലുള്ള ബിനാമി ബന്ധം അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളി.ആത്മഹത്യ പ്രേരണക്കേസിൽ ദിവ്യ ഏക പ്രതിയാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.


ദിവ്യയുടെ ഫോൺ

പരിശോധിക്കണം

1. പ്രതിയായ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ഔദ്യോഗിക ഫോണിലെ വിവരങ്ങൾ പൂർണമായും ശേഖരിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചു. ദിവ്യയുടെ ഭർത്താവിന്റെ പേരിലുള്ള ഫോൺ മാത്രമാണ് പൊലീസ് പരിശോധിച്ചത്. ദിവ്യക്ക് നാല് ഫോണുകൾ ഉണ്ടായിരുന്നതായും ഔദ്യോഗിക ഫോണിൽ ഗൂഢാലോചനയുടെ നിർണായക വിവരങ്ങളുണ്ടെന്നും നവീൻ ബാബുവിന്റെ കുടുംബം ആരോപിക്കുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് കണ്ണൂർ കളക്ടറുമായി ദിവ്യ ഔദ്യോഗിക ഫോണിൽ നിന്ന് പലതവണ ബന്ധപ്പെട്ടതായും ഹർജിയിലുണ്ട്.

2. പണയം തെളിവ്?

നവീൻ ബാബുവിന് ഒരു ലക്ഷം രൂപ കൈക്കൂലി നൽകാൻ പെട്രോൾ പമ്പ് അപേക്ഷൻ ടി.വി. പ്രശാന്തൻ സ്വർണം പണയം വച്ചുവെന്ന ആരോപണത്തിൽ വ്യക്തത വരുത്തണം. പണയ ഇടപാടിന്റെ വിശദ രേഖകൾ ഹാജരാക്കണം. പ്രശാന്തന്റെ രണ്ടാമത്തെ ഫോണിലെ വിവരങ്ങൾ കൂടി പരിശോധിക്കണം.

3. സി.സി.ടി.വി ദൃശ്യങ്ങൾ

ഒക്ടോബർ 6ന് പള്ളിക്കുന്നിൽ വച്ച് നവീൻ ബാബുവിന് പണം കൈമാറ്റം ചെയ്തതായി ആരോപിക്കപ്പെടുന്ന സ്ഥലത്തെ എഡിറ്റ് ചെയ്യാത്ത സി.സി ടി.വി ദൃശ്യങ്ങൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇരുവരും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നെങ്കിലും പണം കൈമാറ്റം നടന്നതിന് തെളിവില്ല.

4 വിജിലൻസ് മൊഴി

കൈക്കൂലി ചോദിച്ചെന്ന് ടി.വി. പ്രശാന്തൻ ആദ്യം പരാതി നൽകിയ വിജിലൻസ് ഉദ്യോഗസ്ഥരെ കേസിൽ ഉൾപ്പെടുത്തി മൊഴി വിശദമായി രേഖപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ദിവ്യ പറഞ്ഞതനുസരിച്ചാണ് പ്രശാന്തൻ വിജിലൻസിൽ പരാതി നൽകിയതെന്നും ഇത് ഉദ്യോഗസ്ഥരുടെ കേസുമായുള്ള ബന്ധം വ്യക്തമാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

''തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിയിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്

-മഞ്ജുഷ,

നവീൻ ബാബുവിന്റെ ഭാര്യ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA