SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

കെ.എസ്.ആർ.ടി.സി: പിരിച്ചുവിട്ട 3500 എം-പാനൽ ജീവനക്കാരെ തിരിച്ചെടുക്കണം

ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ട 3500ലേറെ എം-പാനൽ ജീവനക്കാരെ തിരിച്ചെടുക്കണമെന്നും അവർക്ക് പിരിച്ചുവിട്ട ദിവസം മുതൽ പുനർനിയമനം നൽകും വരെയുള്ള 50% വേതനം നൽകണമെന്നും ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ ഉത്തരവ്. ട്രൈബ്യൂണൽ ജഡ്ജി കെ.ജെ . സ്മിത ജാക്‌സണാണ് കേസ് പരിഗണിച്ചത്.

249 ദിവസം തുടർച്ചയായി ജോലി ചെയ്ത ശേഷം പിരിച്ചുവിടപ്പെട്ട എം- പാനലുകാരെയാണ് തിരിച്ചെടുത്ത് മുൻകാല പ്രാബല്യത്തോടെ ആനുകൂല്യം നൽകേണ്ടത്. എം-പാനലുകാരെ തിരിച്ചെടുക്കുന്നതിനെ കെ.എസ്.ആർ.ടി.സി ശക്തമായി എതിർത്തു. എന്നാൽ, പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങൾ മറച്ചു വച്ച് ബോധപൂർവം കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചതിനെ ട്രൈബ്യൂണൽ രൂക്ഷമായി വിമർശിച്ചു.

2019ലെ കണക്കനുസരിച്ച് 5526 ഷെഡ്യൂളുകളുള്ള കെ.എസ്.ആർ.ടി.സിക്ക് 5662 ബസുകളും 33146 ജീവനക്കാരുമാണുള്ളത്. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ എം-പാനലുകാരെ നിയമിച്ചു. 179 ദിവസം പൂർത്തിയാകുമ്പോൾ ഇവരെ ഒഴിവാക്കി ഒരു ദിവസം കഴിഞ്ഞ് വീണ്ടും നിയമനം നൽകുന്ന രീതിയാണ് തുടർന്നിരുന്നത്. ഇതിനിടെ, പി.എസ്.സി ലിസ്റ്റിലുണ്ടായിരുന്നവർ കോടതിയെ സമീപിച്ച് എം-പാനലുകാരെ പിരിച്ചുവിടാൻ ഉത്തരവ് നേടി.എംപാനലുകാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാകാതിരുന്നതിനെത്തുടർന്ന് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിനെ സമീപിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.ഇതേത്തുടർന്ന് എം-പാനലുകാർ കെ.എസ്.ആർ.ടി.സി വർക്കേഴ്‌സ് ഫെഡറേഷൻ എന്ന സംഘടന രൂപീകരിച്ച് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. യൂണിയനുമായി കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് 2012ൽ ധാരണയിലെത്തുകയും എം-പാനലുകാരെ തിരിച്ചെടുക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തെങ്കിലും പാലിച്ചില്ല. ഈ സാഹചര്യത്തിലാണ് യൂണിയൻ വീണ്ടും കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്. യൂണിയനു വേണ്ടി അഡ്വ. ലിജു വി.സ്റ്റീഫൻ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA