SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം : ബബിലു ശങ്കറിനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി

hc

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പിരിച്ചുവിട്ട മതിലകം ഓഫീസിലെ യു.ഡി ക്ലാർക്കും അസിസ്റ്റന്റ് മാനേജർ എസ്റ്റേറ്റുമായിരുന്ന ബബിലു ശങ്കറിനെ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്. പിരിച്ചുവിടൽ സ്വാഭാവിക നീതി നിഷേധമാണെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്.

കരൾ സംബന്ധമായ ഗുരുതര രോഗം കാരണം ജോലിക്ക് ഹാജരാകാൻ സാധിക്കില്ലെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ബബിലു അധികൃതരെ ബോധിപ്പിച്ചിരുന്നു. ഇയാളുടെ ആരോഗ്യനില പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും അത് നടപ്പിലാക്കാതെയാണ് ക്ഷേത്രം അധികൃതർ പിരിച്ചുവിട്ടതെന്നും കോടതി വിലയിരുത്തി.

അകാരണമായി അവധിയെടുത്തെന്ന് ചൂണ്ടിക്കാട്ടി ബബിലുവിനെ സ്റ്റോർ കീപ്പറായി തരംതാഴ്ത്തുകയും പിന്നീട് പിരിച്ചുവിടുകയുമായിരുന്നു. തരംതാഴ്ത്തലിനെതിരെ ബബിലു ശങ്കർ അനുകൂല കോടതിവിധി സമ്പാദിച്ചെങ്കിലും ക്ഷേത്രം അധികൃതർ അത് നടപ്പാക്കിയില്ല. ഇതിനെതിരെ ബബിലു കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തതിന് പിന്നാലെയായിരുന്നു പിരിച്ചുവിടൽ. തുടർന്ന് വീണ്ടും ബബിലു ഫയൽ ചെയ്ത ഹർജിയിലാണ് അനുകൂല വിധി.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുമാണ് എതിർകക്ഷികൾ. 2023ൽ ക്ഷേത്രത്തിലെ ചില ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ബബിലു പരാതി നൽകിയിരുന്നു. എന്നാൽ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്നാരോപിച്ച് മെമ്മോ നൽകി അച്ചടക്ക നടപടികൾ ആരംഭിക്കുകയായിരുന്നു. ഇതോടെ ശമ്പളവും നിലച്ചു. കോടതി ഉത്തരവോടെ മൂന്നേമുക്കാൽ വർഷത്തെ ശമ്പളവും ഭരണസമിതി നൽകണം. തരംതാഴ്ത്തൽ അംഗീകരിക്കാനാകില്ലെന്ന് കോടതി വിലയിരുത്തിയതോടെ യു.ഡി ക്ലാർക്ക് തസ്തികയിലേക്ക് തിരിച്ചെടുക്കും. ക്ഷേത്രത്തിലെ ബി.എം.എസ് കർമ്മചാരി സംഘത്തിന്റെ പ്രസിഡന്റ് കൂടിയാണ് ബബിലു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA