തൊടുപുഴ: ഉദ്ഘാടന മാമാങ്കങ്ങൾ പലതു നടന്നെങ്കിലും മങ്ങാട്ടുകവല മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തിയാൽ കാര്യങ്ങൾ അത്ര പന്തിയല്ല. പലവിധ ദുരിതങ്ങളാണ് ഇവിടെ യാത്രക്കാരെ കാത്തിരിക്കുന്നത്. മഴയത്തും വെയിലത്തുമുള്ള ബസ് കാത്തിരിപ്പ് യാത്രക്കാർക്ക് ദുരിതമാകുകയാണ്. സ്റ്റാൻഡിന്റെ മുൻ ഭാഗത്തായി റൂഫിംഗ് സ്ഥാപിക്കാത്തതാണ് പ്രശ്നം. മഴപെയ്താൽ കുടയും ചൂടി ചാറ്റലടിച്ച് നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. മഴയത്ത് മാത്രമല്ല പൊരിവെയിലത്തും ബുദ്ധിമുട്ടിന് അറുതിയില്ല. ചൂട് കൂടിയാൽ വരാന്തയിൽ യാത്രക്കാർക്കായുള്ള കസേരയിൽ പോലും വെയിലേറ്റ് പൊള്ളുന്നതിനാൽ ഇരിക്കാനാവില്ല. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ് ഈ ദുരിതം അനുഭവിക്കുന്നത്. ഇതിനാൽ തന്നെ പ്രായമായവരും രോഗികളും കൊച്ചുകുട്ടികളുമായി എത്തുന്നവരും ബസ് കയറണമെങ്കിൽ ഏറെ ദുരിതം അനുഭവിക്കേണ്ട അവസ്ഥയാണ് ഇവിടെ. ദീർഘവീക്ഷണമില്ലാത്ത രീതിയിലുള്ള നിർമ്മാണമാണ് ഈ ദുരിതത്തിന് കാരണമെന്നും പൊതുജനങ്ങൾക്കിടയിൽ ആക്ഷേപമുണ്ട്.
അമ്മമാർക്കായി ഫീഡിംഗ് റൂമില്ല
ബസ് കാത്തിരിക്കുന്ന ദുരിതത്തിന് പുറമെ കൊച്ചുകുട്ടികളുമായെത്തുന്ന സ്ത്രീകൾക്ക് മുലയൂട്ടുന്നതിന് സൗകര്യമില്ലാത്തതും വലിയ പോരായ്മയാണ്. നിരവധി സ്ത്രീകളാണ് ജില്ലാ ആശുപത്രിയിലും സമീപത്തായുള്ള സ്വകാര്യ ക്ലിനിക്കുകളിലുമടക്കം കുട്ടികളുമായി എത്തുന്നത്. ബസ് കാത്തിരിക്കുന്നതിനിടയിൽ കുരുന്നുകൾ വിശന്നു കരഞ്ഞാൽ പോലും ഫീഡിംഗിനായി സുരക്ഷിത സംവിധാനമില്ലാത്തത് ദുരിതമാകുകയാണ്. കരയുന്ന കുഞ്ഞുമായി ബസ് കയറി വീട്ടിലെത്തിയോ അല്ലെങ്കിൽ ബസിലിരുന്നു തന്നെയോ മുലയൂട്ടേണ്ട ഗതികേടാണ് പലപ്പോഴും അമ്മമാർ. നഗരസഭയുടെ കീഴിലെ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇതിനായി പ്രത്യേക സൗകര്യമുള്ളപ്പോഴാണ് മങ്ങാട്ടുകവലയിൽ ഈ സംവിധാനമില്ലാത്തത്.
മഴപെയ്താൽ വെള്ളക്കെട്ട്
ശക്തമായ മഴ പെയ്താൽ സ്റ്റാൻഡിൽ നിറയെ വെള്ളക്കെട്ടുണ്ടാകുന്നതാണ് യാത്രക്കാർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. പെയ്ത്തുവെള്ളം സുഗമമായി ഒഴുകുന്നതിനുള്ള സംവിധാനമില്ലാത്തതാണ് ഇതിനു കാരണം. ഇതോടെ സ്റ്റാൻഡിലെമ്പാടും വെള്ളം മണിക്കൂറുകളോളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇതിന് പുറമേ പലയിടത്തും റീ ടാർ ചെയ്തതു പൊളിഞ്ഞതിനെ തുടർന്നുണ്ടായ ചെറിയകുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതും പതിവ് കാഴ്ചയാണ്.
''റൂഫിംഗ് സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപയുടെ ഫണ്ട് വകയിരുത്തിയതിന് ഡി.പി.സി അംഗീകാരം ലഭിച്ചിട്ടുണ്ട്. അമ്മമാർക്കായി ഫീഡിംഗ് റൂം നിർമ്മിക്കുന്നതുൾപ്പെടെ സ്റ്റാൻഡുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഉടനടി പരിഹരിക്കും""
-കെ. ദീപക് (നഗരസഭാ വൈസ് ചെയർമാൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |