SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

നാല് മാസം നാല് മരണം ചതിക്കുഴികളായേക്കാം; ജലാശയങ്ങൾ

death
death

കോഴിക്കോട്: ജാഗ്രതാ നിർദേശങ്ങൾ ആവർത്തിക്കുമ്പോഴും ജലാശയങ്ങളിൽ വീണ് ഇല്ലാതാകുന്നവരുടെ എണ്ണത്തിൽ കുറവില്ല. നാല് മാസത്തിനുള്ളിൽ നാല് മരണങ്ങളാണ് കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ജില്ലയിൽ മരണപ്പെട്ടത് 67 പേർ. സംസ്ഥാനത്ത് 821 പേർ. സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ രജിസ്‌റ്റർ ചെയ്ത കണക്കാണിത്. നാദാപുരത്തെ പുളിയാവ് പുഴയിൽ കഴിഞ്ഞ ദിവസമാണ് മൂന്നുപേർ മുങ്ങി മരിച്ചത്. കുറ്റ്യാടി കടന്തപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയുടെ മരണമാണ് മറ്റൊരു സംഭവം. അസ്വാഭാവിക മരണങ്ങളിൽ റോഡപകടങ്ങൾ കഴിഞ്ഞാൽ മുങ്ങി മരണങ്ങളാണ് കൂടുതലും. ജാഗ്രതക്കുറവും സുരക്ഷിതത്വ ബോധമില്ലായ്‌മയുമാണ് പ്രധാന കാരണം. അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ ഇറങ്ങുന്നതും മരണ കാരണമാകുന്നു. വിനോദസഞ്ചാരികളും ബന്ധുവീടുകളിലും മറ്റും വിരുന്നിന് പോകുന്നവരും പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു. നീന്തൽ അറിയാത്ത കുട്ടികളെപോലും രക്ഷിതാക്കൾ വെള്ളക്കെട്ടിൽ ഇറക്കി അപകടം വരുത്തിയ സംഭവങ്ങളും കുറവല്ല.

മരണക്കയങ്ങൾ ഇവിടം

നാദാപുരം,കുറ്റ്യാടി,താമരശ്ശേരി, കക്കയം,ബേപ്പൂർ,കാപ്പാട്, പതങ്കയം തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കൂടാതെ ക്വാറികൾ,കനാൽ ഉൾപ്പെടെ മനുഷ്യനിർമ്മിത വെള്ളക്കെട്ടുകളിലും അപകടം പതിയിരിക്കുന്നുണ്ട്. നീന്തലിന്റെ ബാലപാഠം മാത്രം അഭ്യസിച്ചവർ അമിത ആത്മവിശ്വാസത്തോടെ നീന്തുമ്പോഴാണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. ലഹരിയും മരണനിരക്ക് ഉയരുന്നതിനും ഒരു കാരണമായി വിദഗ്‌ദ്ധർ പറയുന്നു

അപകടം ഒഴിവാക്കാം

ഓരോ ജലാശയവും വ്യത്യസ്‌തമാണ്. ഒഴുക്ക്, സ്വഭാവം, ആഴം, പരപ്പ് ഒക്കെ വ്യത്യാസമായിരിക്കും.നീന്തൽ അറിയാമെങ്കിൽ പോലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്

ലഹരി ഉപയോഗിച്ചശേഷം ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക

സുരക്ഷിതമല്ലാത്ത സാഹചര്യമാണെങ്കിൽ ജലാശയത്തിൽ ഇറങ്ങരുത്

മുന്നറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കുക

ജലാശയങ്ങളുടെ അരികിൽ താമസിക്കുന്നവർ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പുലർത്തുക

"വെള്ളത്തിൽ ഇറങ്ങുന്നവർ ആഴവും ഒഴുക്കും നോക്കി മാത്രം മുന്നോട്ടുപോവുക. നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കുകയും സഹായിക്കാൻ ഒരാൾ കരയിലുണ്ടെന്ന് ഉറപ്പാക്കുകയും വേണം."

- എസ്. ബി സജിത്
സീനിയർ ഫയർ ഓഫീസർ ,മീഞ്ചന്ത

മുങ്ങി മരണം (2025)

തിരുവനന്തപുരം.......... 1
കൊല്ലം................. 99
പത്തനംതിട്ട ...............14
ആലപ്പുഴ................... 65
കോട്ടയം................ 54
ഇടുക്കി................. 35
എറണാകുളം ................157
തൃശൂർ .......................86
പാലക്കാട് .....................109
മലപ്പുറം ....................35
കോഴിക്കോട് .................67
വയനാട്.................... 11
കണ്ണൂർ ..............64
കാസർകോട് ...........24

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL