SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

ഗുരുവായൂർ ആനയോട്ടം: കൊമ്പൻ രവികൃഷ്ണൻ ജേതാവ്

news-photo
ആനയോട്ടത്തിൽ ജേതാവായ രവികൃഷ്ണൻ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ഗുരുവായൂരപ്പനെ വണങ്ങുന്നു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ആനയോട്ടത്തിൽ കൊമ്പൻ രവികൃഷ്ണൻ ജേതാവ്. കൊമ്പൻ ബാലു രണ്ടാമനും കൃഷ്ണനാരായണൻ മൂന്നാമനുമായി ഓട്ടം അവസാനിപ്പിച്ചു. നാഴിക മണി മൂന്നടിച്ചതോടെ ക്ഷേത്ര കൊടിമരച്ചുവട്ടിൽ അരിമാവ് കൊണ്ട് അലങ്കരിച്ച് നാക്കിലയിട്ടതിന് മുകളിൽ വെച്ചിരുന്ന കുടമണികൾ പാരമ്പര്യ അവകാശിയായ കണ്ടിയൂർപട്ടത്ത് നമ്പീശനെടുത്ത് മാതേമ്പാട്ട് നമ്പ്യാർക്ക് കൈമാറുകയും അത് പാപ്പാന്മാർക്ക് കൈമാറുകയും ചെയ്തു. പാപ്പാന്മാർ ഓട്ടത്തിനായി കാത്തുനിൽക്കുന്ന ആനകളുടെ അടുത്തേക്ക് കുടമണികളുമായി ഓടിയെത്തി. മഞ്ജുളാലിന് സമീപം നിന്ന ആനകളുടെ കഴുത്തിൽ മണി അണിയിച്ചു.

ആനകളുടെ കഴുത്തിൽ കുടമണിയണിയിച്ച ശേഷം മാരാർ ശംഖ്‌നാദം മുഴക്കി. ഒന്നാമനായെത്തിയ രവികൃഷ്ണൻ ക്ഷേത്രം ഏഴ് തവണ വലംവെച്ച് ഗുരുവായൂരപ്പനെ വണങ്ങി. രവികൃഷ്ണന് ഇനി പത്ത് നാൾ ക്ഷേത്രത്തിനകത്ത് പ്രത്യേകപരിചരണം ലഭിക്കും. പള്ളിവേട്ട ദിനത്തിൽ വൈകിട്ട് നഗരപ്രദക്ഷിണത്തിനായി ഗുരുവായൂരപ്പൻ ക്ഷേത്രമതിലകം വിട്ട് പുറത്തേക്കിറങ്ങുമ്പോൾ മാത്രമേ രവികൃഷ്ണനെയും പുറത്തിറക്കൂ. 47 വയസുകാരനായ കൊമ്പൻ രവികൃഷ്ണനെ 2003 ജൂൺ 25ന് പാലക്കാട് തൃത്താല സ്വദേശി ശിവശങ്കരൻ എന്ന ഭക്തനാണ് നടയ്ക്കിരുത്തിയത്. ഒന്നാം പാപ്പാൻ ടി. എസ്.സിബുവും മൂന്നാം പാപ്പാൻ ടി.ബി.ബാബുവും ഒപ്പം ഓടിയും ശരത്ത് മുകളിലിരുന്നും രവികൃഷ്ണനെ നിയന്ത്രിച്ചു. ദേവസ്വം ആന തറവാട്ടിലെ എട്ടാനകളെയാണ് ചടങ്ങിന് അണിനിരത്തിയത്. ദേവസ്വം ഭരണസമിതി ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, മനോജ് ബി.നായർ, സി.മനോജ്, കെ.എസ്.ബാലഗോപാൽ , കെ.പി.വിശ്വനാഥൻ, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി.അരുൺ കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL