SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

'ബഹുമാനം' :ഹരീഷിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് സുപ്രീംകോടതി

d

 കേന്ദ്രം നിയമം കൊണ്ടുവരണം

ന്യൂഡൽഹി: 4,​586 ദിവസമായി ഹരീഷ് റാണയെ പരിപാലിക്കുകയാണ് കുടുംബം. മാതാപിതാക്കളും സഹോദരങ്ങളും ഹരീഷിന് താങ്ങായി പന്ത്രണ്ടര വർഷത്തോളം വർഷം ഉറച്ചുനിന്നതിനെ ഏറെ ബഹുമാനത്തോടെ കാണുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിയെയും അഗാധമായ ദുഃഖം പിടികൂടി. ലോകത്തിലെ ഏറ്റവും വലിയ ദുരന്തം മരണമല്ല, ഉപേക്ഷിക്കപ്പെടലാണ്. ഹരീഷിന് ഇത്രവലിയ ദുരന്തം സംഭവിച്ചിട്ടും കുടുംബം അദ്ദേഹത്തെ ഉപേക്ഷിച്ചില്ല. സ്നേഹത്തിന്റെ യഥാർത്ഥ അർത്ഥമെന്താണ് എന്നതിന്റെ തെളിവാണിതെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

 ഹരീഷ് ഉത്സാഹി

അത്യധികം ഉത്സാഹിയും ജിമ്മിലും ഫുട്ബോളിലും തത്പരനുമായിരുന്നു മകനെന്ന് മാതാപിതാക്കൾ കോടതിയെ അറിയിച്ചിരുന്നു. സംഭവത്തിനുശേഷം ഭൂരിഭാഗം ദിവസങ്ങളിലും വീട്ടിലാണ് പരിചരണം. മാതാവടക്കം 24 മണിക്കൂറും നോക്കി. ആരോഗ്യനില വഷളാകുമ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കും. 2025 മേയിലാണ് ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗാസിയാബാദ് ജില്ലാ ആശുപത്രിയിൽ. പിതാവ്,​ മാതാവ്,​ ഇളയ സഹോദരൻ എന്നിവരുമായി സുപ്രീംകോടതിയിലെ മുറിയിൽ ജഡ്‌ജിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഹരീഷ് ഇനിയും ഇങ്ങനെ അനുഭവിക്കുന്നത് കാണാനാകില്ലെന്ന് അവർ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. മെഡിക്കൽ ചികിത്സ അവസാനിപ്പിക്കണം. അദ്ദേഹത്തെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. ആശിഷ് റാണയാണ് സഹോദരൻ, സഹോദരി ഭാവനാ റാണ.

പ്രത്യേക നിയമം വേണം

ദയാവധത്തിൽ നിയമനിർമ്മാണത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. രണ്ട് ലാ കമ്മിഷനുകൾ റിപ്പോർട്ട് സമർപ്പിച്ചിട്ടും ഇതിന് കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. 2018ൽ ഭരണഘടനാ ബെഞ്ച് വിധി വന്ന് എട്ടുവർഷമാകുമ്പോഴും നിയമമില്ല. ഇത്തരത്തിലുളള വിഷയങ്ങൾ പരിശോധിക്കാൻ എല്ലാ ജില്ലകളിലും ചീഫ് മെഡിക്കൽ ഓഫീസ‌മാർ ഡോക്‌ടർമാരുടെ പാനൽ തയ്യാറാക്കണം.

അരുണയുടെ കേസിലെ വിധി

1973ൽ മുംബയിലെ കെ.എം.ഇ ആശുപത്രിയിൽ ലൈംഗികാതിക്രമത്തിനിരയായ നഴ്സ് അരുണ ഷാൻബാഗിന്റെ കേസിലാണ് ദയാവധ വിഷയം സജീവമായത്. 2009ൽ, അരുണയ്‌ക്ക് ദയാവധം ആവശ്യപ്പെട്ട് എഴുത്തുകാരി വിരാനി സുപ്രീംകോടതിയെ സമീപിച്ചു. 2011 മാർച്ച് ഏഴിന് സുപ്രീംകോടതി ദയാവധത്തിന് മാർഗരേഖ പുറത്തിറക്കി. എന്നാൽ അരുണയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റാൻ തയ്യാറല്ലെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു. അതോടെ ആ ആവശ്യം രണ്ടംഗബെഞ്ച് തള്ളിയെങ്കിലും, ജീവനക്കാരുടെ മനസ് മാറുകയാണെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് ഉത്തരവിട്ടു. 2015 മേയ് 18ന് ന്യൂമോണിയ ബാധിച്ച് അരുണ ഷാൻബാഗ് ഭൂമിയോട് വിടപറഞ്ഞു. 42 വർഷത്തിലധികമാണ് അരുണ കോമയിൽ കിടന്നത്. കോമൺ കോസ് സന്നദ്ധസംഘടന സമർപ്പിച്ച ഹർജിയിൽ 2018 മാർച്ച് 9ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാജ്യത്ത് ദയാവധത്തിന് ഉപാധികളോടെ അനുമതി നൽകി. അന്തസോടെയുള്ള മരണം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽ ഉൾപ്പെട്ടതാണെന്ന് വിധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360