SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

ചതുഷ്‌കോണ പോരാട്ടത്തിന് ബംഗാൾ

bengal

ന്യൂഡൽഹി: രാജ്യത്ത് ബി.ജെ.പി ആധിപത്യം സ്ഥാപിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും പിടികൊടുക്കാത്ത പശ്ചിമബംഗാൾ ചരിത്രം തിരുത്തുമോ. ഭരണവിരുദ്ധ തരംഗം മറികടന്ന് 2021ൽ ഹാട്രിക് നേടിയ മമതാ ബാനർജി എന്ന ദീദിയുടെ തൃണമൂൽ കോൺഗ്രസിനെ മറികടക്കുക എളുപ്പമല്ല.

തൃണമൂൽ-ബി.ജെ.പി നേർക്കുനേർ പോരാട്ടത്തിനിടെ പഴയ സഖ്യം ഉപേക്ഷിച്ച് മത്സരിക്കുന്ന കോൺഗ്രസിനും സി.പി.എമ്മിനും നിലനിൽപ്പിന്റെ പ്രശ്‌നം. തിരഞ്ഞെടുപ്പ് കമ്മിഷൻ ബീഹാറിൽ തുടക്കമിട്ട തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണമാണ് (എസ്.ഐ.ആർ) 2026ലെ തിരഞ്ഞെടുപ്പിനെ വ്യത്യസ്‌തമാക്കുന്നത്. കുടിയേറ്റക്കാരെ ഒഴിവാക്കി അർഹരായ വോട്ടർമാരെ കണ്ടെത്താനുള്ള നടപടി ബി.ജെ.പിക്ക് നേട്ടവും തങ്ങൾക്ക് നഷ്‌ടവുമാണെന്നാണ് തൃണമൂൽ വിലയിരുത്തൽ.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ തൃണമൂൽ മുൻകൈയെടുത്ത് പാർലമെന്റിൽ ഇംപീച്ച്മെന്റ് നോട്ടീസ് കൊണ്ടുവന്നതും ഇതിന്റെ തുടർച്ചയാണ്. മമത സർക്കാർ കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി ശനിയാഴ്ച ബംഗാളിലെ റാലിയിലും ആരോപിച്ചിരുന്നു.

തൃണമൂൽ - ബി.ജെ.പി പോര്

കോൺഗ്രസ് വിട്ട് മമത രൂപീകരിച്ച തൃണമൂൽ കോൺഗ്രസ് 34 വർഷം ഭരിച്ച സി.പി.എമ്മിൽ നിന്ന് സംസ്ഥാന ഭരണം പിടിച്ചെടുത്തതിന്റെ പാതയിലാണ് 2016 മുതലിങ്ങോട്ട് ബി.ജെ.പിയുടെ വളർച്ച. 2001ൽ മുഖ്യപ്രതിപക്ഷമായ തൃണമൂൽ 2011ൽ അധികാരം പിടിച്ചതിനുശേഷം തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. 2014ൽ കേന്ദ്രത്തിൽ അധികാരത്തിലേറിയതു മുതൽ ബംഗാൾ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾ 2016ൽ മൂന്നു സീറ്റു മാത്രമുണ്ടായിരുന്ന ബി.ജെ.പിയെ 2021ൽ മുഖ്യ പ്രതിപക്ഷമാക്കി. തൃണമൂൽ ജൈത്രയാത്രയിൽ തളർന്ന സി.പി.എമ്മും കോൺഗ്രസും കാഴ്‌ചക്കാരായി. 2021ൽ മുഖ്യമന്ത്രി മമതാബാനർജി പഴയ സഹപ്രവർത്തകനായ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് നന്ദിഗ്രാമിൽ പരാജയപ്പെട്ടെങ്കിലും വെല്ലുവിളിച്ച് 294 അംഗ നിയസഭാസീറ്റിൽ 200ൽ അധികം സീറ്റു നേടിയാണ് തൃണമൂൽ ഭരണത്തുടർച്ച ഉറപ്പാക്കിയത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ നേടിയ മുൻതൂക്കം ബി.ജെ.പിക്ക് നിയമസഭയിൽ ആവർത്തിക്കാനായില്ല. ഹിന്ദുത്വ വോട്ടുകൾ ബി.ജെ.പി നേടുമ്പോൾ മുസ്ളിം വോട്ടുകൾ തൃണമൂലിനെ തുണയ്‌ക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾ ഒഴികെ കോൺഗ്രസ്, ഇടതുപാർട്ടികളുടെ വോട്ടുകൾ ബി.ജെ.പിയാണ് ഏതാനും തിരഞ്ഞെടുപ്പുകളിൽ നേടുന്നത്. 2021ൽ സി.പി.എമ്മും കോൺഗ്രസും ഒരു സീറ്റു പോലും നേടിയില്ല. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 42ൽ 29 സീറ്റും നേടിയ തൃണമൂൽ ആത്മവിശ്വാസത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, BENGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360