
ജാമ്യാപേക്ഷ പിൻവലിച്ചു, ഭർത്താവ് കീഴടങ്ങി
ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മയുടെ (33) മരണത്തിൽ നിർണായക ഇടപെടലുമായി മദ്ധ്യപ്രദേശ് ഹൈക്കോടതി.
മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവിട്ടു. ഡൽഹി എയിംസിലെ വിദഗ്ദ്ധ സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തേണ്ടത്.
ആദ്യ പോസ്റ്ര്‌മോർട്ടത്തിൽ പിഴവുകളും അന്വേഷണത്തിൽ വീഴ്ചകളുമുണ്ടെന്ന് കാണിച്ച് ട്വിഷയുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്.
ഭോപ്പാൽ പ്രാദേശിക കോടതി റീ പോസ്റ്റ്‌മോർട്ടത്തിനുള്ള അപേക്ഷ നേരത്തെ തള്ളിയിരുന്നു. ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തി മൂന്ന് ദിവസത്തിന് ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും പോസ്റ്ര്‌മോർട്ടത്തിൽ വീഴ്ചകളുണ്ടെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു. കഴുത്തിൽ പാടുകളുണ്ട്. എന്നാൽ ഇത് തൂങ്ങിമരണമായതിനാലാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനായില്ല.
ആത്മഹത്യക്കായി ഉപയോഗിച്ചുവെന്ന് പറയുന്ന ബെൽറ്റ് പൊലീസ് മെഡിക്കൽ സംഘത്തിന് മുന്നിൽ ഹാജരാക്കാതിരുന്നതാണ് ഇതിന് കാരണം. ട്വിഷയുടെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഇത് രേഖപ്പെടുത്തിയിട്ടില്ല. മൃതദേഹം കണ്ടെത്തിയ മുറിയുടെ ഉയരവും ട്വിഷയുടെ ഉയരവും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും കുടുംബം വാദിച്ചിരുന്നു.
അതിനിടെ ട്വിഷയുടെ ഭർത്താവ് സമർഥ് സിംഗ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. പിന്നാലെ വിചാരണ കോടതിയിൽ കീഴടങ്ങി. അവിടെ നിന്ന് ജാമ്യം നേടാനാകുമെന്ന് ഇയാളുടെ അഭിഭാഷകൻ അറിയിച്ചു.
കഴിഞ്ഞ 12 നാണ് ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഭാഷകനായ സമർഥുമായുള്ള വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴാണ് മരണം.
ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഭർത്താവും ഭർതൃവീട്ടുകാരും മകളെ പീഡനങ്ങൾക്ക് ഇരയാക്കിയതായി മാതാപിതാക്കൾ ട്വിഷ സ്ത്രീധന പീഡനമുൾപ്പെടെ നേരിട്ടിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു.
കേസിൽ പ്രതിയായ സമർഥിന്റെ അമ്മയും വിരമിച്ച ജില്ലാ ജഡ്ജിയുമായ ഗിരിബാല സിംഗിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |