മനാമ: ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് പാകിസ്ഥാനിൽ വച്ചാണെങ്കിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് ബിസിസിഐ. ബഹ്റിനിൽ കഴിഞ്ഞ ദിവസം നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ തീരുമാനത്തിൽ ഉറച്ചുനിന്നുവെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പ് പൂർണമായോ, ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്ത് നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഏഷ്യാ കപ്പ് യുഎഇയിൽ വച്ച് നടത്താനും സാദ്ധ്യതയുണ്ട്.
മാർച്ചിൽ നടക്കുന്ന എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിന് ശേഷമാവും ഏഷ്യാ കപ്പിനുള്ള പുതിയ വേദി ഏതെന്ന് പ്രഖ്യാപിക്കുക. 2008ന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേയ്ക്ക് പോയിട്ടില്ല. അതേസമയം, ഏഷ്യാ കപ്പ് നഷ്ടമായാൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പിൽ കളിക്കില്ലെന്ന ഭീഷണിയും പാകിസ്ഥാന്‍ ഉയര്‍ത്തുന്നുണ്ട്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ എസിസി പ്രസിഡന്റ് കൂടിയായ ജയ് ഷായും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ നജാം സേഥിയും തമ്മിൽ തർക്കമുണ്ടായതായി ഇൻസൈഡ് സ്പോർട് റിപ്പോർട്ട് ചെയ്തു. ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്ന് നജാം സേഥി ഭീഷണി മുഴക്കിയപ്പോൾ, ഐസിസി, എസിസി കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്നായിരുന്നു ജയ് ഷായുടെ മറുപടി.
ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ നടക്കില്ലെന്ന കാര്യം 100 ശതമാനം ഉറപ്പെന്ന് ഒരു ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ഇൻസൈഡ് സ്പോർട് റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുമ്പോഴും മറ്റേതെങ്കിലും രാജ്യത്ത് കളിക്കാമെന്ന നിലപാട് ബിസിസിഐ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ബോര്‍ഡ് സമ്മതിച്ചാൽ അബുദാബി, ദുബായ്, ഷാർജ നഗരങ്ങളിൽ ഏഷ്യാകപ്പ് നടത്താനുള്ള സാദ്ധ്യതയും പരിഗണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |