Kerala Kaumudi Online
Friday, 24 May 2019 12.05 AM IST

ദർശനം നേടിയ സൗഭാഗ്യം

zenit-35mm-camera

ആദ്യകാലങ്ങളിൽ വലിയ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന ഫീൽഡ് കാമറ, റോളിഫ്‌ളക്സ്, റോളിക്കോട്, യാഷിക്ക തുടങ്ങിയ കാമറകൾ ഉപയോഗിച്ചിരുന്ന കാലത്ത് ഒരു 35mm SLR കാമറ വാങ്ങണമെന്ന മോഹവുമായി നടന്ന എനിക്ക് ആയിടെ ഒരു അവാർഡ് കിട്ടി. വളരെ അടുത്ത് പരിചയമുള്ള വ്യക്തിയുമായിരുന്ന കൂനൂരിലെ പാസ്വച്ചർ ഇൻസ്റ്റിറ്റിയൂട്ട് ഫോട്ടോഗ്രാഫറായിരുന്ന രാജഗോപാലമേനോന്റെ അടുത്ത് വിവരം ഞാൻ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിലക്കുറവുള്ള സെനിത്ത് എന്ന റഷ്യൻ നിർമ്മിത കാമറ വാങ്ങാൻ തീരുമാനിച്ചു. മെറ്റൽ ബോഡിയിലുള്ള അതിൽ ത്രഡ്മൗണ്ടായിരുന്നു. വളരെ സ്ട്രോംഗും നല്ല ഭാരവുമായിരുന്നു. റഷ്യൻ പട്ടാളക്കക്കാർക്ക് ഏതുകാലാവസ്ഥയിലും വളരെ റഫായി ഉപയോഗിക്കാൻ പറ്റുന്ന തരത്തിലായിരുന്നു ഇതിന്റെ നിർമ്മിതി. ആ സമയത്ത് 35mm കാമറകൾ വിപണിയിലേക്ക് വരാൻ തുടങ്ങുന്നതേയുള്ളു.


ഇന്ന് ഫെതർ ടച്ചും പുഷ്ബട്ടനും റിമോട്ടുമൊക്കെ വച്ച് വളരെ മൃദുവായ സ്പർശനം മാത്രം മതി കാമറ ക്ലിക്ക് ചെയ്യാൻ. എന്നാൽ പഴയ വണ്ടികൾ ഇസെഡ് പോലുള്ള വളഞ്ഞ കമ്പിയിട്ട് തിരിച്ചു സ്റ്റാർട്ടാക്കുന്നതുപോലെയായിരുന്നു അതിന്റെ ഷട്ടർ റിലീസ് ബട്ടൺ. സർവ്വശക്തിയുമെടുത്ത് വേണം ക്ലിക്ക് ചെയ്യാൻ. ശ്രദ്ധിച്ച് ക്ലിക്കു ചെയ്തില്ലെങ്കിൽ ഷേക്കാകുമെന്നുറപ്പാണ്. 1/30 ആയിരുന്നു ഫ്‌ളാഷ് സിക്രൈണൈസേഷൻ. മാക്സിമം ഷട്ടർ സ്പീഡ് 1/500ഉം. റിബൺ കൊണ്ടുള്ള ഫോക്കൽ പ്‌ളെയിൻ ഷട്ടറായിരുന്നു അതിന്റേത്. ഷട്ടർ പകുതി പ്രസ് ചെയ്യുമ്പോൾ അപ്പർച്ചർ വ്യാപ്തി കാണിക്കും. പിന്നെയും അമർത്തുമ്പോൾ ഷട്ടർ വീഴും. മാനുവൽ ആയിരുന്നു അതിന്റെ പ്രവർത്തനം. എന്നുപറഞ്ഞാൽ അതിൽ ഫോട്ടോ എടുക്കുക ഒരു സാഹസം തന്നെ ആയിരുന്നു എന്നുചുരുക്കം.ലെൻസ് 58mm ആയിരുന്നതിനാൽ കുറെ അകലെ നിന്നു മാത്രമേ ഫോട്ടോ എടുക്കാനും കഴിയുമായിരുന്നുള്ളൂ.


അങ്ങനെ കിട്ടിയ കാമറയുമായി തിരുവനന്തപുരത്തെ വീട്ടിലേക്കു പോയി. മുന്തിയതരം SLR കാമറകൾ ഇന്ത്യയിൽ വിരളവുമായിരുന്നു. വിലയും അങ്ങേയറ്റത്തേതായിരുന്നു. അത്തരം ഒരു കാമറ കൈയിൽ കിട്ടിയതോടെ പല പരീക്ഷണങ്ങളും നടത്താൻ അവസരം ഒരുങ്ങുകയായിരുന്നു. അതിനായി ഒരു എക്സ്റ്റന്റർ കൂടി വാങ്ങിച്ചു. അതും മാനുവൽ ആയതിനാൽ സംഗതി അത്ര എളുപ്പമായിരുന്നില്ല. ഹോളോ ആയ മൂന്ന് റിംഗുകൾ, അപ്പാർച്ചറുമായി ബന്ധിപ്പിക്കുന്ന ഒരു സുഷിരം ഇതാണ് ആ എക്സ്റ്റന്റർ. കാമറയുടെ ലെൻസ് മൗണ്ടിൽ ഇത് ഫിറ്റ് ചെയ്യുക. അതിനു മുമ്പിൽ ലെൻസും ഫിറ്റുചയ്യണം. വസ്തുക്കളുടെ വലിപ്പമനുസരിച്ച് ഇമേജിനെയും വലുതാക്കാൻ ഇടുന്ന റിംഗുകളുടെ എണ്ണം കൂട്ടിയാൽ മതിയാകും. തീരെ ചെറിയ വസ്തുക്കളാണെങ്കിൽ മുന്ന് റിംഗുകളും ആകാം. പക്ഷേ വരെ സൂക്ഷിച്ചുവേണം ഫോട്ടോകളെടുക്കാൻ. അല്ലെങ്കിൽ ഉറപ്പായും ഷേക്കുവരും. നമ്മുടെ ബ്രീത്തിംഗ് പോലും ഇതിനുകാരണമാകാം. ശ്വാസമടക്കിപ്പിടിച്ച് വേണമായിരുന്നു ക്ലിക്ക് ചെയ്യാനെന്നു പറയാം.വീട്ടിലെത്തിയപ്പോൾ പെങ്ങളുടെ ഒരു വയസ്സുള്ള മകളുണ്ടായിരുന്നു. അവളുടെ കണ്ണിന്റെ ഒരു മാക്രോ ഫോട്ടോ അവിടെ വച്ച് എടുക്കാൻ തീരുമാനിച്ചു.ആ കുഞ്ഞു മുഖത്തേക്ക് നോക്കിയപ്പോൾ പ്രതിഫലനങ്ങൾ പലതും കൃഷ്ണമണിയിൽ കാണുന്നുണ്ടായിരുന്നു . അപ്പോൾ തന്നെ ലെൻസ് ഊരി ഒരു എക്സ്റ്റൻഷൻ റിംഗ് പരീക്ഷണാർത്ഥം അതിൽ ഫിറ്റുചെയ്ത് ഒരു ഫ്രെയിം മുഴുവൻ കിട്ടുന്ന തരത്തിൽ ഫോക്കസ് ചെയ്തു കൃഷ്ണമണിയുടെ ഒരു പടം എടുത്തു. അന്ന് ഒരു സബ്ജക്ടിന്റെ ഒന്നിൽക്കൂടുതൽ പടങ്ങൾ എടുക്കുക പതിവില്ലായിരുന്നു. അത്രയും കൃത്യതയും ആത്മവിശ്വാസവും ഓരോ ഫോട്ടോ ഗ്രാഫർക്കുമു ണ്ടായിരുന്നു. പിന്നെ ഫിലിമും മറ്റും വാങ്ങാൻ വരുന്ന സാമ്പത്തികവും പ്രശ്നമായിരുന്നു.തിരികെ ഊട്ടിയിലെത്തി ഫിലിം പ്രോസസ് ചെയ്തു നോക്കിയപ്പോൾ ഞാൻ ഉദ്ദേശിച്ചതിലും നല്ല ഇമേജാണ് കിട്ടിയത്. നിഴലിൽ കൈയിൽ കാമറയുമായി നിക്കുന്ന എന്റെ രൂപം, നല്ല വെയിലത്ത് എതിർഭാഗത്തായുള്ള കോൺക്രീറ്റ് വീട്, അതിന്റെ മുന്നിലെ ചെടികളും പരിസരവും എല്ലാം ശരിയായ ഫോക്കസിലുള്ള കൃഷ്ണമണിയിൽ വ്യക്തമായി കിട്ടിയിരുന്നു. 'ദർശനം' എന്ന ടൈറ്റിലിൽ മത്സരത്തിനയച്ച ആ ചിത്രത്തിനായിരുന്നു ആ വർഷത്തെ കേരളാ യൂണിവേഴ്സിറ്റി യൂണിയന്റെ ഒന്നാം സമ്മാനം. എന്റെ വിവാഹത്തിന്റെ അടുത്ത ദിവസങ്ങളിലായിരുന്നു ഈ അവാർഡ് വിവരം വന്നത്. വിവരം അറിയിക്കാനായി വെളുപ്പിനുതന്നെ ആരോ അന്നത്തെ പത്രം ഞങ്ങളുടെ ബെഡ്റൂമിലേക്കു ഇട്ടുതന്നതും ഓർക്കുന്നു. മാത്രമല്ല പത്രവാർത്തകൾ വന്നശേഷം ദൂരദർശനിൽ നിന്നും എന്റെ ഫോട്ടോയും അവാർഡ് ഫോട്ടോയും വേണമെന്ന് അറിയിച്ചു. അതുകൊടുത്തു. അന്ന് വൈകുന്നേരം വിരുന്നിനായി ഞങ്ങളെ ഒരു ബന്ധുവീട്ടിൽ വിളിച്ചിരുന്നു. പോയ ആ വീട്ടിൽ വച്ച് ആ വാർത്തയും ചിത്രങ്ങളും ദൂരദർശനിൽ കണ്ടു. അന്ന് ദൂരദർശനല്ലാതെ മറ്റൊരു ചാനലുകളും നിലവിൽ ഉണ്ടായിരുന്നില്ല. അന്ന് അതൊരു റെക്കാർഡ് ആയിരുന്നു. പിന്നെയും ചില സമ്മാനങ്ങൾ അതിനുകിട്ടി. തന്നെയുമല്ല അക്കാലത്ത് പല പ്രസിദ്ധീകരണങ്ങളും അത് പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും എന്റെ പ്രദർശനങ്ങളിൽ നിന്ന് ചിലർ അതിന്റെ പ്രിന്റുകൾ വിലയ്ക്ക് വാങ്ങുകയും ചെയ്തിരുന്നു. പിന്നെ അഖില വിജ്ഞാന കോശത്തിൽ ഈ ഫോട്ടോയും അവർ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: 35MM CAMERA, ZENIT 35MM CAMERA, SLR CAMERA, DARSHANAM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY