വലപ്പാട്: ജലത്തിന് ജാതിയില്ല എന്ന സന്ദേശവുമായി വിദ്യാർത്ഥികളുടെ ലോക ജലദിനാചരണം. വലപ്പാട് ജി.ഡി.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളാണ് ലോക ജലദിനത്തിൽ ജലത്തിന് ജാതിയില്ല എന്ന സന്ദേശം പകരുന്ന നാടകം വിദ്യാലയാങ്കണത്തിൽ അവതരിപ്പിച്ചത്. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയാണ് വിദ്യാർത്ഥികൾ നാടകമാക്കിയത്.
ഇന്ത്യയിലെ മറ്റ് ചില സംസ്ഥാനങ്ങളിൽ അദ്ധ്യാപകർ തങ്ങളുടെ കുടിവെള്ളപാത്രം തൊട്ടതിൽ ജാതിയുടെ പേരിൽ വിദ്യാർത്ഥികളെ ആക്രമിച്ചതിലുള്ള പ്രതിഷേധം കൂടിയായിരുന്നു കുരുന്നുകളുടെ നാടകം. കേരളത്തിന്റെയും ശ്രീബുദ്ധന്റെയും ചിത്രങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നാടകാവതരണം.
ജല ദിനാചരണം പ്രധാന അദ്ധ്യാപകൻ സി.കെ. ബിജോയ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സി.ബി. സുബിത അദ്ധ്യക്ഷയായി. എം.എ. ശ്രീദേവി, പി.എം. റഷീദ്, സിജ, ദിവ്യ, നിവ്യ വത്സൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |