ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിധാൻ സഭയ്ക്ക് മുന്നിൽ ഗോമൂത്രം തളിച്ച് കോൺഗ്രസ് പ്രവർത്തകർ. അഴിമതി നിറഞ്ഞ ബി ജെ പി സർക്കാരിന്റെ ഭരണം അവസാനിപ്പിച്ചതിന് പ്രതീകാത്മകമായാണ് ശുദ്ധീകരിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ നേരത്തെ വിധാൻ സഭ ഗോമൂത്രം ഉപയോഗിച്ച് ശുദ്ധീകരിക്കാൻ സമയമായെന്ന് പറഞ്ഞിരുന്നു. 'വിധാൻ സഭ വൃത്തിയാക്കാൻ എന്റെ കെെയിൽ കുറച്ച് ഗോമൂത്രം ഉണ്ട്. ബി ജെ പിയുടെ ഭരണകാലത്ത് നിയമസഭ അഴിമതിയാൽ മലിനമായിരിക്കുന്നുവെന്നാണ്' ശിവകുമാർ പറഞ്ഞത്.
നിയമസഭാ തിരഞ്ഞടുപ്പിന് മുൻപ് കോൺഗ്രസ് 'അഴിമതി റേറ്റ് കാർഡ്' ഇറക്കിയിരുന്നു. ഇതിൽ ബി ജെ പി 1,50,000 കോടി രൂപ കൊള്ളയടിച്ചതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. കൂടാതെ ബി ജെ പി നിരവധി കരാറിൽ നിന്ന് കമ്മീഷനുകൾ വാങ്ങിയിട്ടുണ്ടെന്നും കോൺഗ്രസ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |